- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നത് വര്‍ഗ്ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയില്‍; ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകും; ഈ രാഷ്ട്രീയം അപകടകരമെന്ന് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകും; വീണ്ടും മുഖ്യമന്ത്രിയുടെ വിമര്‍ശനം
മുസ്ലീം ലീഗ് പ്രവര്‍ത്തിക്കുന്നത് വര്‍ഗ്ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയില്‍
മലപ്പുറം: മുസ്ലീം ലീഗിന് എതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലിംലീഗ് വര്‍ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാവിയില്‍ വര്‍ഗീയ ശക്തികള്‍ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതിയുണ്ടാകും. ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിംലീഗ് മനസിലാക്കിയില്ലെങ്കില്‍ വന്‍ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുന്നി വിഭാഗം എക്കാലവും അകറ്റി നിറുത്തിയവരാണ് ജമാഅത്തെ ഇസ്ലാമി. ഇവര്‍ ഇപ്പോള്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിംലീഗിന് ഇപ്പോള്‍ അവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഇത് അപകടകരമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. നാല് വോട്ടിനുവേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാട്ടുന്നവരല്ല തങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ന്യൂനപക്ഷ വര്‍ഗീയതയല്ല മരുന്ന്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്നാല്‍ അതിന് വര്‍ഗീയതയോട് കീഴ്‌പ്പെടുകയല്ല വേണ്ടത്. മതനിരപേക്ഷതയാണ് വര്‍ഗീയതയ്ക്കുള്ള മറുമരുന്ന്. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും യോജിപ്പോടെ സര്‍ക്കാരിനെ എതിര്‍ക്കുകയാണ്. നാല് വോട്ടിന് വേണ്ടി ആരെയും സ്വീകരിക്കാമെന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാട് അപകടകരമാണെന്നും പിണറായി വ്യക്തമാക്കി.
ഭൂരിപക്ഷ വര്‍ഗീയതയുടെ ഭാഗമായി ന്യൂനപക്ഷവര്‍ഗീയത എങ്ങനെയുണ്ടായി അതുപോലെ ന്യൂനപക്ഷ വര്‍ഗീയതയുടെ ഫലമായി ഭൂരിപക്ഷ വര്‍ഗീയത കൂടുതലാകുകയാണ് ചെയ്യുക. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യം രംഗത്തുവന്നത് എസ്.ഡി.പി.ഐ ആണ്. അവരുടെ സ്ഥാനാര്‍ഥിയുടെ വിജയം. അത്ര കണ്ട് ഇഴകിചേര്‍ന്നിരിക്കുന്നു. ലീഗ് ഇതിനെല്ലാം കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും അപകടം തിരിച്ചറിഞ്ഞില്ലെങ്കില്‍ വര്‍ഗീയത വിഴുങ്ങിയെന്നുവരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടുസമ്പാദിക്കാന്‍ വേണ്ടി വര്‍ഗീയശക്തികളുമായി കൂട്ടുകൂടുന്നത് ചിലരുടെ സ്വഭാവമായി മാറിയിരിക്കുന്നു. താത്കാലികമായ ലാഭങ്ങള്‍ കണ്ടുകൊണ്ട്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സാധാരണനിലക്ക് ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം ജനവിഭാഗം അംഗീകരിക്കുന്നതല്ല. സുന്നി വിഭാഗം ജമാഅത്തെ ഇസ്ലാമിനെ ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ലീഗിന് ഇവരോട് വല്ലാത്ത പ്രതിപത്തി. പലകാര്യങ്ങളും പരസ്പരം ആലോചിച്ച് നീക്കുന്നു. - പിണറായി പറഞ്ഞു.
വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയോട് നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസിന് അവകാശപ്പെടാന്‍ കഴിയുമോ? രാജ്യത്തെ വര്‍ഗീയപ്രശ്നങ്ങളില്‍ ഏതെങ്കിലും ഘട്ടത്തില്‍ കോണ്‍ഗ്രസിന് ശക്തമായ മതനിരപേക്ഷനിലപാട് ഉയര്‍ത്തി വര്‍ഗീയതയെ എതിര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെട്ടുവെന്നും ഈ സമീപനം കോണ്‍ഗ്രസിനെ എവിടെയാണ് എത്തിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്താകെ വര്‍ഗീയ ശക്തികളെ അഴിഞ്ഞാടാന്‍ സംഘപരിവാര്‍ വിടുമ്പോള്‍ അതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രശ്നങ്ങളുണ്ടാകുന്നു. ന്യൂനപക്ഷങ്ങളാണ് അക്രമിക്കപ്പെടുന്നത്. ചില ന്യൂനപക്ഷവിഭാഗങ്ങളില്‍ തെറ്റായ ഒരു ചിന്തയുണ്ടാകുന്നു. തങ്ങള്‍ക്കും ഇതുപോലെ സംഘടിച്ച് നിലപാടുകളെടുത്തൂകൂടെ. അതിന്റെ ഭാഗമായി വര്‍ഗീയ സംഘടനകള്‍ രൂപം കൊള്ളുന്നു. ഇത് അങ്ങേയറ്റം ആത്മഹത്യാപരമാണ്. വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാകില്ല. ഇരുട്ടിനെ ഇരുട്ട് കൊണ്ട് നേരിട്ടാല്‍ കൂരിരിട്ടാണ് ഫലം. ഇരുട്ടിനെ വെളിച്ചം കൊണ്ടാണ് നേരിടേണ്ടത്. വര്‍ഗീയതയെ മതനിരപേക്ഷതകൊണ്ടാണ് നേരിടേണ്ടത്. - മുഖ്യമന്ത്രി പറഞ്ഞു