- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പി ആര്‍ ഏജന്‍സി ഇടപെട്ടിട്ടില്ല; ദ ഹിന്ദുവിന്റെ വാദം തള്ളി സിപിഎം; ആശയവിനിമയം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ദ ഹിന്ദു ഓഫീസും തമ്മില്‍ മാത്രമാണെന്നും വിശദീകരണം
മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പി ആര്‍ ഏജന്‍സി ഇടപെട്ടിട്ടില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ദ ഹിന്ദു പത്രം നല്‍കിയ വിശദീകരണം തള്ളി സിപിഎം നേതാവ് അരുണ്‍ കുമാര്‍. വിവാദമായ ഭാഗം അഭിമുഖത്തിന് വേണ്ടി തങ്ങളെ സമീപിച്ച പി ആര്‍ ഏജന്‍സിയാണ് അധികമായി ഉള്‍പ്പെടുത്താന്‍ പറഞ്ഞതെന്നായിരുന്നു ഹിന്ദു മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് മറുപടി നല്‍കിയത്.ഇതാണ് ഇപ്പോള്‍ അരുണ്‍ കുമാര്‍ നിഷേധിച്ചത്.അങ്ങിനെ ഒരു പി ആര്‍ ഏജന്‍സിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസും ഹിന്ദു പത്രത്തിന്റെ ഓഫീസും തമ്മിലാണ് അഭിമുഖത്തെക്കുറിച്ച് ആശയ വിനിമയം നടന്നതെന്നും അരുണ്‍ പറയുന്നു.ചാനല്‍ ചര്‍ച്ചയിലായിരുന്നു പ്രതികരണം.
ദ ഹിന്ദു ലേഖിക നേരിട്ടാണ് അഭിമുഖത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടത്.ആശയവിനിമയം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ദ ഹിന്ദു ഡല്‍ഹി ഓഫീസും തമ്മില്‍ മാത്രമാണ്.ഒരു പി ആര്‍ ഏജന്‍സിയുടെയും ഇടപെടല്‍ ഉണ്ടായിട്ടും ഇല്ല.പത്രത്തിന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും അനുവദിച്ച 30 മിനുട്ടില്‍ ദ ഹിന്ദുവിന്റെ ഒരു പ്രധാന ലേഖിക വന്ന് അഭിമുഖമെടുത്ത് പോവുകയുമായിരുന്നു.സെപ്തംബര്‍ 30 ന് അച്ചടിച്ചുവന്ന അഭിമുഖത്തില്‍ മുഖ്യമന്ത്രി പറയാത്ത ഭാഗം കണ്ടതിനെത്തുടര്‍ന്നാണ് പത്രവുമായി ബന്ധപ്പെട്ടതെന്നും അരുണ്‍ വിശദീകരിക്കുന്നു.
മാത്രമല്ല അഭിമുഖം എടുക്കനായി വന്ന ലേഖിക തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതെന്നും അരുണ്‍ ചൂണ്ടിക്കാട്ടുന്നു.ആപ്പോള്‍ ആരാണ് അഭിമുഖത്തില്‍ പറയാത്ത ഭാഗം കൂടി ഉള്‍പ്പെടുത്തണമെന്നു ഹിന്ദുവിനോട് ആവശ്യപ്പെട്ടതെന്നും ആര്‍ക്കുവേണ്ടിയാണ് ആവശ്യപ്പെട്ടതെന്നുമുള്ള ചോദ്യത്തിന് അതിന് മറുപടി നല്‍കേണ്ടത് പത്രമാണെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖത്തില്‍ നടത്തിയ മലപ്പുറം പരാമര്‍ശമാണ് വിവാദമായത്.എന്നാല്‍ അഭിമുഖത്തില്‍ അത്തരമൊരു പരാമര്‍ശം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസ്സ് സെക്രട്ടറി പത്രത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.
ഇതിന് പത്രം നല്‍കിയ വിശദീകരണത്തിലാണ് പി ആര്‍ ഏജന്‍സിയുടെ സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയത്.സ്വര്‍ണകടത്ത്, ഹവാല തുടങ്ങിയ വിഷയങ്ങളില്‍ മുന്‍ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞത് പി.ആര്‍ ഏജന്‍സിയാണെന്നാണ് ദി ഹിന്ദു വെളിപ്പെടുത്തിയത്.ഇത്തരത്തിലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുമായി നടന്ന അഭിമുഖത്തിലേതെന്ന പേരില്‍ നല്‍കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിശദീകരണക്കുറിപ്പില്‍ ദി ഹിന്ദു എഡിറ്റര്‍ പറഞ്ഞു.
'കെയ്‌സന്‍ എന്ന പി.ആര്‍ ഏജന്‍സി മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് ഹിന്ദുവിനെ സമീപിച്ചു. സെപ്റ്റംബര്‍ 29ന് ഒമ്പത് മണിക്ക് കേരള ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തുമ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. 30 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നു അഭിമുഖത്തിന്. തുടര്‍ന്ന് പി.ആര്‍ ഏജന്‍സിയുടെ പ്രതിനിധികളില്‍ ഒരാള്‍ നേരത്തെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളാണെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണകടത്തിലെയും ഹവാല ഇടപാടിന്റെയും വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കുകയായിരുന്നു. ഇവ പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ രേഖാപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇക്കാര്യങ്ങള്‍ നിരസിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അഭിമുഖത്തിലേതെന്ന പേരില്‍ നല്‍കിയത് മാധ്യമ ധാര്‍മികതയ്ക്ക് വിരുദ്ധമാണ്. ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇത്തരത്തിലൊരു തെറ്റുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു,' എഡിറ്റര്‍ ദി ഹിന്ദു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
സാധാരണ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഒപ്പമുള്ള നേതാക്കളുമായോ ഉദ്യോസ്ഥരുമായോ സംസാരിച്ച് അഭിമുഖത്തിനു സമയം കണ്ടെത്തുകയാണ് രീതി. ചിലപ്പോഴെല്ലാം ഓഫീസില്‍ നിന്നും നേരിട്ടും മാധ്യമങ്ങളെ ബന്ധപ്പെടാറുണ്ട്. ഇത്തവണ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യമൊരുക്കാമെന്നു പറഞ്ഞ് മാധ്യമ സ്ഥാപനത്തെ പിആര്‍ ഏജന്‍സി സമീപിച്ചുവെന്നതും അഭിമുഖത്തില്‍ പറഞ്ഞതിനു പുറമേ എന്തുകൂടി ഉള്‍പ്പെടുത്തണമെന്ന് 'റിലയന്‍സില്‍ പ്രവര്‍ത്തിക്കുന്ന'യാള്‍ ആവശ്യപ്പെട്ടുവെന്നതും ശ്രദ്ധേയമാണെന്ന് മനോരമ പറയുന്നു. റിലയന്‍സിനെ ഈ വിവാദത്തിലേക്ക് മനോരമ കൊണ്ടു വരുന്നതു വന്നതും നിര്‍ണ്ണായകമാണ്. ഇതിന് മുമ്പും കെയ്‌സന്‍ കമ്പനി മുഖ്യമന്ത്രിയുമായി സഹകരിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രളയം, വയനാട് പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റേതായി ദുബായിലെ ഖലീജ് ടൈംസില്‍ വന്ന അഭിമുഖം തയാറാക്കിയതും കെയ്‌സന്‍ കമ്പനി തന്നെയെന്ന് മനോരമ പറയുന്നു. മുഖ്യമന്ത്രിക്കു പറയാനുള്ള കാര്യങ്ങള്‍ അഭിമുഖമായി പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇവര്‍ ഖലീജ് ടൈംസിനെ കഴിഞ്ഞമാസം ആദ്യം ഇമെയില്‍ വഴി ബന്ധപ്പെട്ടു. പ്രളയം, പുനരധിവാസം എന്നിവ സംബന്ധിച്ചു മാത്രമായിരിക്കണം ചോദ്യങ്ങളെന്നും നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം, ഖലീജ് ടൈംസ് തയാറാക്കിയ ചോദ്യങ്ങള്‍ കെയ്‌സന് അയച്ചുകൊടുത്തു. മറുപടി ഇവര്‍ ഖലീജിനു തിരികെ നല്‍കി. സെപ്റ്റംബര്‍ 5ന് ഓണ്‍ലൈനിലും 6നു പത്രത്തിലും പ്രസിദ്ധീകരിച്ച അഭിമുഖത്തിനായി മുഖ്യമന്ത്രിയുമായി പത്രത്തിന്റെ പ്രതിനിധികളാരും നേരിട്ടു സംസാരിച്ചിട്ടില്ലെന്നും മനോരമ പറയുന്നു.
വയനാടിന്റെ പുനര്‍നിര്‍മാണത്തില്‍ പ്രവാസികള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രതീക്ഷയാണ് അഭിമുഖത്തിന്റെ തലക്കെട്ടായത്. ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ആരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നില്ല. കെയ്‌സന്റെ സിഇഒ വിനീത് ഹാണ്ഡയും 'സുബ്രമണ്യം' എന്നു സ്വയം പരിചയപ്പെടുത്തിയ വ്യക്തിയും ഒപ്പമുണ്ടായിരുന്നു താനും. മലയാളത്തിലായിരുന്നു അഭിമുഖം. മുഖ്യമന്ത്രിയുടെ സ്വന്തം 'പബ്ലിക് റിലേഷന്‍സ്' ജോലികള്‍ക്കായി മാത്രം സര്‍ക്കാര്‍ ഖജനാവില്‍നിന്നു മാസം 12 ലക്ഷത്തോളം രൂപ ശമ്പളത്തിനായി ചെലവിടുമ്പോഴാണു വന്‍തുക പ്രതിഫലം പറ്റുന്ന 'പാന്‍ ഇന്ത്യന്‍' പിആര്‍ ഏജന്‍സികളുടെ സേവനം മുഖ്യമന്ത്രി തേടുന്നതെന്ന വാര്‍ത്തയും ചര്‍ച്ചയാകുന്നുണ്ട്.