തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫ് പ്രതീക്ഷിച്ചതല്ലെന്ന് തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വീഴ്ചകള്‍ പരിശോധിച്ച് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, ശബരിമല വിവാദം മുതല്‍ വെള്ളാപ്പള്ളി നടേശനുമായുള്ള അടുപ്പം വരെ നീളുന്ന വിവിധ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം വിശദമായി പരിശോധിക്കുമെന്നും എവിടെയാണ് പിഴവ് പറ്റിയതെന്ന് കണ്ടെത്തി തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം എല്‍ഡിഎഫിനെ ബാധിച്ചിട്ടില്ലെന്നതിന് തെളിവാണ് പന്തളം നഗരസഭയിലെ ബിജെപിയുടെ തോല്‍വിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ശബരിമല ഏറ്റവും കൂടുതല്‍ ബാധിക്കേണ്ട പന്തളത്ത് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത് ജനങ്ങളുടെ കൃത്യമായ വിലയിരുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല വിവാദം എല്‍ഡിഎഫിന് എതിരെങ്കില്‍ പന്തളത്ത് തിരിച്ചടി വേണ്ടേ. കൊടുങ്ങല്ലൂരും നേട്ടം ഉണ്ടാക്കി. ശബരിമല വല്ലാതെ ബാധിച്ചില്ല. അതും ഒരു കാരണം ആയിരിക്കാം.

കോണ്‍ഗ്രസ്സും ബിജെപിയും ശബരിമലയുമായി ബന്ധപ്പെട്ട് വലിയ തോതില്‍ പ്രചാരണം നടത്തി. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. തട്ടിപ്പില്‍ ശക്തമായ നടപടി സ്വീകരിച്ചു. ഹൈക്കോടതി നിയോഗിച്ച എസ്‌ഐടിയെ സര്‍ക്കാര്‍ പിന്തുണച്ചു. എസ്‌ഐടി വന്നപ്പോള്‍ സിബിഐക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എസ്‌ഐടി ഫലപ്രദമായി പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാന കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ പരാജയത്തിന് പിന്നില്‍ യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പല വാര്‍ഡുകളിലും വോട്ട് മറിക്കല്‍ നടന്നുവെന്നും ബിജെപിയെ ജയിപ്പിക്കാന്‍ യുഡിഎഫ് സ്വന്തം വോട്ട് കുറച്ചുവെന്നും അദ്ദേഹം കണക്കുകള്‍ നിരത്തി വാദിച്ചു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കൂടുതല്‍ വോട്ട് നേടിയത് എല്‍ഡിഎഫാണ്. 12 ഓളം സീറ്റില്‍ 60 ല്‍ താഴെ വോട്ടിനാണ് എല്‍ഡിഎഫ് തോറ്റത്. ഇവിടങ്ങളില്‍ യുഡിഎഫ് വോട്ട് 1000ല്‍ താഴെയാണ്. യുഡിഎഫ് ജയിച്ച വാര്‍ഡില്‍ ബിജെപിക്ക് 1000 ല്‍ താഴെ വോട്ടാണ് കിട്ടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച് പിണറായി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള വിമര്‍ശനങ്ങളെ മുഖ്യമന്ത്രി ശക്തമായി പ്രതിരോധിച്ചു. പമ്പയിലെ പരിപാടിക്ക് ശേഷം വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ കയറിയതിനെ ചിലര്‍ മഹാ അപരാധമായി ചിത്രീകരിക്കുന്നു. അതില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വിവാദമായ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളെ പൂര്‍ണ്ണമായി തള്ളാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സമുദായ നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാം എന്നായിരുന്നു മറുപടി. ഇതിന് വെള്ളാപ്പള്ളി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് വോട്ട് ബിജെപിക്ക് പോയതാണ് പലയിടത്തും എല്‍ഡിഎഫിന് വിനയായത്. യുഡിഎഫ് പ്രധാന പ്രതിപക്ഷമായ പാലക്കാട് പോലും അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ആയില്ലെന്നും, ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ എല്‍ഡിഎഫിന് മാത്രമേ സാധിക്കൂ എന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.