- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.പി.സി.സി യോഗത്തില്‍ അധ്യക്ഷനെതിരെ നടത്തിയ പരസ്യ പരിഹാസം; കൊടിക്കുന്നിലിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി ഒരുവിഭാഗം നേതാക്കള്‍; കടുത്ത പ്രതിഷേധത്തില്‍ സണ്ണി ജോസഫ്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒറ്റപ്പെട്ടതിനാല്‍ മൗനത്തില്‍ സതീശന്‍; പ്രതിപക്ഷ നേതാവിന്റെ നിസ്സഹകരണത്തിലെ അതൃപ്തി ഹൈക്കമാന്‍ഡിനെ അറിയിക്കാനൊരുങ്ങി അധ്യക്ഷന്‍
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തില്‍ അധ്യക്ഷന്‍ സണ്ണി ജോസഫിനെ പരസ്യമായി പരിഹസിച്ച കൊടിക്കുന്നില്‍ സുരേഷിനെതിരെ സംഘടനാതല നടപടിയെടുക്കണമെന്ന ആവശ്യമുന്നയിച്ച് ഒരു വിഭാഗം നേതാക്കള്‍. പ്രസിഡന്റായതു മുതല്‍ തനിക്കെതിരെ കൊടിക്കുന്നില്‍ വിമര്‍ശനം ഉന്നയിക്കുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് സണ്ണി ജോസഫ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒറ്റപ്പെട്ടതിനെത്തുടര്‍ന്ന് കെ.പി.സി.സി യോഗത്തില്‍ മൗനം പാലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പുന:സംഘടനാ ചര്‍ച്ചക്ക് ഉള്‍പ്പെടെ നിസഹകരണ മനോഭാവം തുടരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടും ഹൈക്കമാന്‍ഡിനെ അറിയിക്കാനൊരുങ്ങി സണ്ണി ജോസഫ്.
കഴിഞ്ഞ ദിവസം നടന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലാണ് കൊടിക്കുന്നില്‍ സുരേഷും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫും തമ്മില്‍ ഏറ്റുമുട്ടിയത്. ഭാരവാഹി യോഗത്തില്‍ സംസാരിക്കുന്നതിനിടെ കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പരിഹാസമാണ് കെ.പി.സി.സി അധ്യക്ഷനെ ചൊടിപ്പിച്ചത്. മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂര്‍ ജില്ലയുടെ പ്രസിഡന്റായിരുന്നെന്നും ഇപ്പോഴത്തെ അധ്യക്ഷന്‍ പേരാവൂര്‍ മണ്ഡലത്തിന്റെ മാത്രം അധ്യക്ഷനാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞതാണ് സണ്ണി ജോസഫിനെ പ്രകോപിപ്പിച്ചത്. കൊടിക്കുന്നിലിന്റെ പരാമര്‍ശത്തില്‍ ക്ഷുഭിതനായ സണ്ണി ജോസഫ് തന്റെ കഴിഞ്ഞ ഒരുമാസത്തെ പരിപാടികള്‍ മുഴുവന്‍ യോഗത്തില്‍ വായിച്ചു.
സംസ്ഥാനത്താകെ താന്‍ പങ്കെടുത്ത പരിപാടികളാണ് സണ്ണി ജോസഫ് വിശദീകരിച്ചത്. കണ്ണൂരിലെ പേരാവൂരിലോ നില്‍ക്കുകയായിരുന്നില്ല മറിച്ച് സംസ്ഥാനത്താകെ ഓടിയെത്തുകയും വിവിധ പരിപാടികളിലും പ്രക്ഷോഭങ്ങളിലും പങ്കാളിയാകുകയും ചെയ്യുകയായിരുന്നെന്നും സണ്ണി ജോസഫ് വിശദീകരിച്ചു. ജില്ലാ അതിര്‍ത്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രവര്‍ത്തനമല്ല ഇക്കാലയളവില്‍ നടത്തിയതെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പ്രാദേശിക നേതൃത്വവും ക്ഷണിച്ച എല്ലാ പരിപാടികളിലും മുടക്കം കൂടാതെ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
സണ്ണി ജോസഫ് പ്രകോപിതനായെന്ന് തിരിച്ചറിഞ്ഞതോടെ, പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടു. സമ്മര്‍ദ്ദത്തിന് വഴങ്ങിയ കൊടിക്കുന്നില്‍ പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു. പരാമര്‍ശം പിന്‍വലിച്ച് യോഗം അവസാനിച്ചെങ്കിലും കൊടിക്കുന്നിലിനെതിരെ നടപടിയെടുക്കണമെന്ന് ഒരുവിഭാഗം നേതാക്കള്‍ പിന്നീട് ആവശ്യപ്പെടുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഒറ്റപ്പെട്ടതിനാല്‍ കെ.പി.സി.സി യോഗത്തിലുടനീളം വി.ഡി സതീശന്‍ മൗനം പാലിക്കുകയായിരുന്നു. ഓണത്തിനു മുന്‍പ് കോണ്‍ഗ്രസ് പുന:സംഘടന നടത്താനാണ് സണ്ണി ജോസഫ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പ്രതിക്ഷ നേതാവിന്റെ പിടിവാശി മൂലമാണ് പുന:സംഘടനാ നടപടികള്‍ വൈകുന്നതെന്ന ആക്ഷേപം കെ.പി.സി.സി അധ്യക്ഷനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. കെ.സി വേണുഗോപാലിന്റെ നോമിനിയായ സണ്ണി ജോസഫ് വി.ഡി സതീശന്റെ എല്ലാ അഭിപ്രായങ്ങള്‍ക്കുമൊപ്പം നില്‍ക്കാന്‍ തയ്യാറല്ല.
ചില ജില്ലകളിലെ പുന:സംഘടനയില്‍ സതീശന്‍ പ്രത്യേക താല്‍പര്യമെടുക്കുന്നതാണ് നടപടികള്‍ നീളാന്‍ കാരണമാകുന്നതെന്ന അഭിപ്രായവും സണ്ണി ജോസഫിനുണ്ട്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങളും പ്രതിപക്ഷ നേതാവിന്റെ നിസഹകരണവും ഹൈക്കമാന്‍ഡിനെ അറിയിക്കാനാണ് സണ്ണി ജോസഫ് ഒരുങ്ങുന്നത്. സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷനായതിനു പിന്നാലെ കൊടിക്കുന്നില്‍ സുരേഷ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തില്‍ നിന്ന് ഇതുവരെ കെ.പി.സി.സി പ്രസിഡന്റ് വന്നിട്ടില്ലെന്നായിരുന്നു കൊടിക്കുന്നിലിന്റെ ആരോപണം. കെ.പി.സി.സിയില്‍ സണ്ണി ജോസഫിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ തന്നെയായിരുന്നു കൊടിക്കുന്നില്‍ വിമര്‍ശനം നടത്തിയിരുന്നത്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ തവണ മത്സരിച്ചതിന് ചിലര്‍ തന്നെ വേട്ടയാടുകയാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതു കൊണ്ടാണ് താന്‍ മത്സരിച്ചതെന്നും കൊടിക്കുന്നില്‍ അഭിപ്രായപ്പെട്ടിരുന്നു.