കൊല്ലം: മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് പുറത്താക്കിയത്. പത്തനാപുരം നിയോജക മണ്ഡലത്തില്‍ തലച്ചിറയില്‍ നടന്ന റോഡ് ഉദ്ഘാടന വേദിയില്‍ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തിരുന്നു.

പ്രസംഗം വലിയ വിവാദമായതോടെ അസീസിനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മന്ത്രി ഗണേഷ്‌കുമാറിനെ പുകഴ്ത്തുകയും അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കണമെന്ന് അസീസ് ആഹ്വാനം ചെയ്തത്. മന്ത്രിക്കൊപ്പം പങ്കിട്ട വേദിയിലാണ് അബ്ദുള്‍ അസീസ് വോട്ട് അഭ്യര്‍ത്ഥന നടത്തിയത്.

ഗണേഷ് കുമാര്‍ കായ്ഫലമുള്ള മരമെന്നായിരുന്നു അസീസിന്റെ പരാമര്‍ശം. സംഭവത്തില്‍ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്. വിവാദം വലിയ രീതിയില്‍ പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. കൂടാതെ, കേരള കോണ്‍ഗ്രസുമായി ബന്ധമുണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയുടെ തീരുമാനം.