ന്യൂഡല്‍ഹി: ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും അവിടെ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷകളില്ല. ആര്‍ജെഡി അധികാരത്തില്‍ എത്തിയാല്‍ അത് ഇന്ത്യാമുന്നണിക്ക് നേട്ടമായേക്കാം. എന്നാല്‍, അധികം പ്രതീക്ഷ വേണ്ടെന്നാണ് അവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ കേരളത്തില്‍ അടക്കം തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി. എഐസിസി നേതൃത്വമാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുക.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ വാര്‍റൂം തുറക്കാനുള്ള നടപടികള്‍ തുടങ്ങി. കേരളത്തില്‍ വാര്‍റൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാര്‍റൂം ചുമതലയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ബി ആര്‍ നായിഡുവിനാണ് തമിഴ്‌നാടിന്റെ ചുമതല. ജോണ്‍ അശോക് വരദരാജനാണ് പുതുച്ചേരിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ബംഗാളില്‍ ബി പി സിങ്ങും അസമില്‍ അമിത് സിഹാഗും വാര്‍റൂം നയിക്കും.

കര്‍ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും മുന്‍ കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിന്റെ മകനുമാണ് ഹര്‍ഷ കനാദം. കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ വാര്‍റൂമിന്റെ ഭാഗമായിരുന്നു ഹര്‍ഷ കനാദം. സുനില്‍ കനഗോലുവിന്റെ സംഘാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയും എം.പിമാരെയും കളത്തിലിറക്കിയാല്‍ മാത്രമേ കൂടുതല്‍ സീറ്റുകള്‍ നേടാനാവൂയെന്ന തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലൂവിന്റെ നിര്‍ദ്ദേശം. ഇത് കെപിസിസി നടപ്പിലാക്കുമോ എന്നാണ് അറിയേണ്ടത്.

കഴിഞ്ഞ തവണ നേടിയ 21 സീറ്റുകള്‍ക്കു പകരം 60 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനു കഴിയുമെന്ന വിലയിരുത്തലാണ് കനുഗോലു പാര്‍ട്ടിക്ക് നല്‍കിയിട്ടുള്ളത്. മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിലെ പകുതിയോളം എം.പിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കു പകരം യുവനിരയെയും താരപരിവേഷമുള്ളവരെയും ഇറക്കണമെന്നാണ് യുവനേതാക്കളുടെ അഭിപ്രായം.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അവസരം നല്‍കുന്ന പതിവ് മുന്‍പു തന്നെയുള്ളതാണെന്നും ഇതിന് മാറ്റം വരുത്തണമെന്നും കഴിഞ്ഞ കെ.പി.സി.സി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ഉയര്‍ന്നു വരുന്നതിനിടെയാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ട് വരുന്നത്. കണ്ണൂര്‍, കോന്നി, അടൂര്‍, തൃശൂര്‍ എന്നിങ്ങനെ നിരവധി മണ്ഡലങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരിച്ചു പിടിക്കാനാകുമെന്നും കനുഗോലു റിപ്പോര്‍ട്ടിലുണ്ട്. ജനസമ്മതിയുള്ള വി.എം സുധീരനെ പോലെയുള്ള മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി പാര്‍ട്ടിയുെട വിശ്വാസ്യത വര്‍ധിപ്പിപ്പാല്‍ 60 സീറ്റില്‍ കൂടുതല്‍ നേടാനാകും. യുവനേതാക്കളുടെ അഭിപ്രായം ശേഖരിച്ച് അത് പാര്‍ട്ടി ഗൗരവമായി കാണണമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഡിഎഫ് കണ്‍വീനര്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ്, മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട എംപി ആന്റോ ആന്റണി, ചാലക്കുടി എംപി ബെന്നി ബെഹന്നാന്‍, കോഴിക്കോട് എംപി എം കെ രാഘവന്‍, കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍ എംപി കെ സുധാകരന്‍ എന്നിവരാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തു നിന്ന് കോണ്‍ഗ്രസിന് 14 എംപിമാരാണ് ഉള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് എം.പിമാരെ സമ്മാനിച്ച സംസ്ഥാനമാണ് കേരളം. യുഡിഎഫിന് ഭരണം കിട്ടുമെന്ന പ്രതീക്ഷയാണ് എം.പിമാരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ജില്ലാ നേതൃത്വങ്ങളില്‍ സജീവമായി നടക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രാഥമിക കരടു പട്ടികയും തയ്യാറാക്കുന്നുണ്ട്. പുതുമുഖങ്ങള്‍, താരപരിവേഷമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് യുവനേതാക്കളുടെ അഭിപ്രായം. ജ്യോതി വിജയകുമാര്‍, രാജു പി നായര്‍, ഹെന്റി ഓസ്റ്റിന്‍ ജൂനിയര്‍, മാത്യു ആന്റണി, അരിത ബാബു, വീണ നായര്‍, റിജില്‍ മാക്കുറ്റി, സന്ദീപ് വാര്യര്‍, ജെ എസ് അഖില്‍ തുടങ്ങിയവരെ പരിഗണിക്കമെന്ന ആവശ്യം അവര്‍ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കായംകുളത്ത് യുവനേതാവ് അരിത ബാബു, നേമത്ത് വീണ നായര്‍ എന്നിവര്‍ ഏതാണ്ട് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച സ്ഥിതിയാണ്.

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിശ്വസ്ത വിവര്‍ത്തകയും മുന്‍ പത്രപ്രവര്‍ത്തകയുമായ ജ്യോതി വിജയകുമാറിനെ ചെങ്ങന്നൂരിലേക്കാണ് പരിഗണിക്കുന്നത്. യുവസ്ഥാനാര്‍ത്ഥികളില്‍ ഈഴവ ഭൂരിപക്ഷമുള്ള ഒരു സീറ്റിലേക്കാണ് എം ലിജുവിനെ പരിഗണിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ റിജില്‍ മാക്കുറ്റി (കണ്ണൂര്‍ സീറ്റ്), ജെ എസ് അഖില്‍ (കഴക്കൂട്ടം സീറ്റ്) എന്നിവരും ശക്തമായ പരിഗണനയിലുണ്ട്.

2021 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 55 ശതമാനത്തിലധികം പേരും പുതുമുഖങ്ങളായിരുന്നു. 60 ശതമാനം പേര്‍ 25 നും 50 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 2021 ല്‍ സ്ഥാനാര്‍ത്ഥികള്‍ മികച്ചവരായിരുന്നെങ്കിലും തെരഞ്ഞെടുത്ത സീറ്റുകള്‍ ശരിയായിരുന്നില്ലെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്.