ആലപ്പുഴ: വി ഡി സവര്‍ക്കറെ വാഴ്ത്തി ആലപ്പുഴയിലെ സിപിഐ നേതാവ്. സവര്‍ക്കര്‍ ദേശീയത ഊട്ടി ഉറപ്പിച്ച നേതാവെന്ന് സിപിഐ ആലപ്പുഴ വെണ്മണി ലോക്കല്‍ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറയുന്ന ശബ്ദസന്ദേശമാണ് പുരത്തുവന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'കിഴക്കെ ആല്‍മുക്ക്' എന്ന പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കിടെയാണ് സവര്‍ക്കറെ വാഴ്ത്തി സിപിഐ നേതാവ് രംഗത്തെത്തിയത്. സിപിഐ നേതാവിന്റെ സന്ദേശം പുറത്തുവന്നതോടെ സംഭവം വിവാദമായിട്ടുണ്ട്.

'ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കൊന്നും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവര്‍ക്കറുടെ പോരാട്ടത്തെയൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. സവര്‍ക്കര്‍ അനുഭവിച്ച ത്യാഗം വലിയ കോണ്‍ഗ്രസ് നേതാക്കള്‍ പോലും അനുഭവിച്ചിട്ടില്ല. ഇതിന്റെ പേരില്‍ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ല. ജയിലില്‍ കിടന്ന് പീഠത്തില്‍കെട്ടിയുള്ള അടി, ഇടി, തൊഴിയെല്ലാം കൊണ്ടിട്ട് അവിടുത്തെ ജയിലറയ്ക്കുള്ളില്‍ കിടന്ന ആളുകളില്‍ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിന് തയ്യാറാക്കിയിട്ടുണ്ട്.

14 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ക്കിടന്നു. സവര്‍ക്കര്‍ മോശമൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍' എന്നാണ് സിപിഐ വെണ്‍മണി ലോക്കല്‍ സെക്രട്ടറി ശുഹൈബ് മുഹമ്മദ് പറയുന്നത്.

സവര്‍ക്കര്‍ക്കും ആര്‍എസ്എസിനുമെതിരെ സിപിഐ ശക്തമായ നിലപാട് തുടരുന്നതിനിടെയാണ് സവര്‍ക്കറെ പുകഴ്ത്തി ലോക്കല്‍ സെക്രട്ടറി രംഗത്തെത്തിയത്. സംഭവം പരിശോധിക്കുമെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എസ് സോളമന്‍ അറിയിച്ചു.