- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ഗൗരവമുള്ള വിഷയം; തൃശ്ശൂരിലെ പരാജയത്തിന് കാരണമായോ? വ്യക്തത വേണമെന്ന് ഡി. രാജ; സംസ്ഥാന നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് തേടി
തൃശ്ശൂരിലെ പരാജയത്തിന് കാരണമായോ?
ന്യൂഡല്‍ഹി: ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തത വേണമെന്ന് സിപിഐ ദേശീയ നേതൃത്വം. വിഷയത്തില്‍ സംസ്ഥാന സിപിഐ നേതൃത്വം പ്രതികരിച്ചുവെന്നും എന്ത് പ്രതിഫലനം ഇത് ഉണ്ടാക്കുമെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചെന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
'ആര്‍എസ്എസ് നേതാക്കളുമായി എ.ഡി.ജി.പി. കൂടിക്കാഴ്ച നടത്തിയ സംഭവം കേരളത്തിനകത്തും പുറത്തും വന്‍ വിവാദമായിരിക്കുകയാണ്. ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു ഉന്നതല പോലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്തായിരുന്നു അതിന്റെ പശ്ചാത്തലം? തുടങ്ങിയവയെച്ചൊല്ലി ഒരുപാട് ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കണം. എന്തായിരുന്നു കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം എന്ന് വ്യക്തമാകണം' എന്നും ഡി. രാജ മാധ്യമങ്ങളോട് പറഞ്ഞു.
കൂടിക്കാഴ്ച എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കൂടിക്കാഴ്ചയുടെ പ്രത്യാഘാതങ്ങള്‍ എന്തെന്നും , തൃശ്ശൂരിലെ പരാജയത്തിന് കാരണമായോ എന്നതും പരിശോധിക്കാന്‍ സംസ്ഥാനഘടകത്തോട് നിര്‍ദേശിച്ചെന്നും ഡി.രാജ പറഞ്ഞു.
വിവാദവിഷയങ്ങളില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇങ്ങനെപോയാല്‍പ്പോരെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സി.പി.എം., സി.പി.ഐ. സെക്രട്ടറിമാര്‍ എന്നനിലയിലുള്ള ആശയവിനിമയവും നടന്നു. ഭരണതലത്തില്‍ നടപടികളുണ്ടാവുമെന്നാണ് സി.പി.ഐ.ക്കു ലഭിച്ചിട്ടുള്ള ഉറപ്പ്.
അതിനിടെ എഡിജിപി അജിത് കുമാര്‍ -ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഉദ്യോഗസ്ഥര്‍ ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് സാധാരണ രീതിയാണെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനമല്ല സര്‍ക്കാരിന്റെതെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവ് റാം മാധവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എഡിജിപിയുമായി ചര്‍ച്ചക്ക് പോയതില്‍ ബിസിനസ് സുഹൃത്തുക്കളും. കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷമാണ് എഡിജിപി എംആര്‍ അജിത്ത് കുമാര്‍- ആര്‍എസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്.
2023 മെയ് 22 ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നത്. 2023 ജൂണ്‍ 2 നാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച നടന്നത്. പത്ത് ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാര്‍ സന്ദര്‍ശിച്ചതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും കൈമനം ജയകുമാറാണ്.
സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാവിനെ കണ്ടത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.