തിരുവനന്തപുരം: 25 വര്‍ഷം മുന്‍പ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ 'നികൃഷ്ടജീവി' പ്രയോഗത്തിലൂടെ കത്തോലിക്കാ സഭയിലുണ്ടായ മുറിവിന് ആഴം കൂട്ടി എം.വി ഗോവിന്ദന്‍െ്റ 'അവസരവാദി' വിളിയും. മൂന്നാം പിണറായി സര്‍ക്കാര്‍ വരണമോയെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന സഭാ നേതൃത്വത്തിന്‍െ്റ ഭീഷണി നിലനില്‍ക്കെ, നാലുമാസത്തിനുള്ളില്‍ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ഇടയലേഖനമാകുമോയെന്ന ആശങ്കയിലാണ് പാര്‍ട്ടി. സഭാനേതൃത്വവുമായി തുടര്‍ചര്‍ച്ചകള്‍ നടത്തി സമവായ രൂപീകരണത്തിന് തീരുമാനിച്ച് പാര്‍ട്ടി നേതൃത്വം.

സിറോ മലബാര്‍ സഭയുടെ തലശ്ശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ 'അവസരവാദി' എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി വിളിച്ചതാണ് പുതിയ വിവാദത്തിന് കാരണമാകുന്നത്. ''ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ പാംപ്ലാനി ബിജെപിക്കെതിരെ പറഞ്ഞു. ജാമ്യം കിട്ടിയപ്പോള്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്തുതിയും. അച്ചന്മാര്‍ കേക്കും കൊണ്ട് സോപ്പിടാന്‍ പോയതിന് പിന്നാലെ ഒഡീഷയില്‍ മര്‍ദനമേറ്റു. ഇതോടെ വീണ്ടും നിലപാട് മാറ്റി, ഇതെല്ലാം അവസരവാദ നിലപാടുകളാണ്''. ഇതായിരുന്നു എം.വി ഗോവിന്ദന്റെ വിവാദ പ്രസ്താവന. എം.വി ഗോവിന്ദന്റെ ആരോപണങ്ങള്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് സഭാനേതൃത്വം പ്രതികരിച്ചത്. എംവി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ ഒക്കെ ഇരുന്ന പദവിയിലാണ് ഇരിക്കുന്നതെന്ന് മറക്കരുത്. പ്രസ്താവന തിരുത്തണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. മൂന്നാം പിണറായി സര്‍ക്കാര്‍ വരണോ എന്ന് അവര്‍ ആലോചിക്കണം. എം.വി ഗോവിന്ദന്‍ ഗോവിന്ദചാമിയെ പോലെ സംസാരിക്കരുതെന്നും ഫാദര്‍ കവിയില്‍ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിച്ചു.

2000 ത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ നടത്തിയ 'നികൃഷ്ടജീവി' പരാമര്‍ശമാണ് സഭയുമായുള്ള ബന്ധത്തില്‍ ആഴമുള്ള വിള്ളലുണ്ടാക്കിയത്്. സി.പി.എം നേതാവും തിരുവമ്പാടി എം.എല്‍.എയുമായിരുന്ന മത്തായി ചാക്കോയുമായി ബന്ധപ്പെടുത്തി താമരശേരി മെത്രാന്‍ നടത്തിയ പ്രസ്താവനയാണ് ഇതിനു തുടക്കമിട്ടത്. കാന്‍സര്‍ ബാധിതനായി കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞസമയം മത്തായി ചാക്കോ കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള അന്ത്യകൂദാശ സ്വീകരിച്ചെന്ന മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പള്ളിയുടെ പരാമര്‍ശം പാര്‍ട്ടി എതിര്‍ത്തു. പ്രസ്താവനക്കെതിരെ പിണറായി വിജയന്‍ അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. മെത്രാന്‍െ്റ പേരു പറയാതെ ഇത്തരം പ്രസ്താവന നടത്തുന്നവരെ 'നികൃഷ്ടജീവി' എന്ന് വിളിക്കേണ്ടി വരുമെന്ന് പിണറായി പരസ്യമായി പ്രസംഗിച്ചു. കള്ളം പറയില്ലെന്നു എല്ലാവരും വിശ്വസിക്കുന്ന ഒരു മഹാന്‍ യു.ഡി.എഫിന് വേണ്ടി പ്രചാരവേല നടത്തുകയാണ്. ഇങ്ങനെയുള്ളവരെ നികൃഷ്ടജീവി എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെ ലക്ഷ്യമിട്ട് ് പിണറായി വിജയന്‍ ആഞ്ഞടിച്ചു.

പിണറായിയുടെ പരാമര്‍ശം സംസ്ഥാനത്തുടനീളം ചര്‍ച്ചയായി. സഭയുടെ ഭാഗത്തു നിന്നും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും പിണറായി നിലപാട് തിരുത്തിയില്ല. ബിഷപ്പിനെതിരായ പരാമര്‍ശം എത്രവട്ടം ആവര്‍ത്തിക്കാനും മടിയില്ലെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഇതോടെ പിണറായിയുടെ പ്രസ്താവനക്കെതിരെ സഭ തെരുവിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഈ ഏറ്റുമുട്ടലിന്‍െ്റ മഞ്ഞുരുക്കിയതും പിണറായി തന്നെയായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ കേരള യാത്രക്കാലത്ത് പഴയതെല്ലാം മറന്ന് താമരശ്ശേരി ബിഷപ്പിനെ പിണറായി നേരില്‍ കണ്ടു. പിന്നീട് മുഖ്യമന്ത്രിയായ ശേഷം പിണറായി എല്ലാ സഭകളുമായും നല്ല ബന്ധം പുലര്‍ത്താനാണ് ശ്രമിച്ചിരുന്നത്.

പിന്നീട് സഭാനേതൃത്വവുമായി പാര്‍ട്ടി ഏറ്റുമുട്ടുന്നത് 2024 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ്ഫലം പുറത്തുവന്ന ശേഷമാണ്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ് പിണറായിയുടെ രൂക്ഷവിമര്‍ശനത്തിന് വിധേയനായത്. പുരോഹിതര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടെന്നായിരുന്നു കൂറിലോസിന്റെ പേര് പറയാതെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം. പ്രളയമാണ് ഇടത് സര്‍ക്കാരിന് ഭരണ തുടര്‍ച്ച നല്‍കിയതെന്നാണ് ഒരു പുരോഹിതന്‍ പറയുന്നത്. ഇനിയൊരു പ്രളയമുണ്ടാകും എന്ന് ധരിക്കേണ്ടെന്നും പുരോഹിതന്‍ പറഞ്ഞു. ആരും ഒരു പ്രളയം ആഗ്രഹിക്കുന്നില്ല. ഉണ്ടായതിനെ അതിജീവിക്കാന്‍ ഒറ്റക്കെട്ടായി നിന്ന നാടാണ്. എന്നിട്ടാണ് പുരോഹിതന്‍ ഇങ്ങനെ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ നല്‍കുന്ന തുടര്‍ച്ചയായ ആഘാത ചികിത്സയില്‍ നിന്ന് ഇനിയും പാഠം പഠിക്കാന്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയാകുമെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശിച്ചത്. ഇതും ഏറെ ചര്‍ച്ചകള്‍ക്കു വഴി തെളിച്ചു.

ക്രൈസ്തവ സഭകളുമായി അടുപ്പത്തിലാകാന്‍ ബി.ജെ.പി സംസ്ഥാനത്ത് സജീവമായി ശ്രമിക്കുകയാണ്. സി.പി.എമ്മുമായുള്ള സഭയുടെ അകല്‍ച്ചയാണ് യു.ഡി.എഫും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. ഇപ്പോഴുണ്ടായ അവസരവാദി പ്രയോഗം സജീവ ചര്‍ച്ചയായി നിലനിര്‍ത്താനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിനാല്‍, ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാക്കാതെ എത്രയും പെട്ടെന്ന് പരിഹരിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്‍െ്റ തീരുമാനം.