സുല്‍ത്താന്‍ബത്തേരി: ലോക്‌സഭാ തെരഞ്ഞടുപ്പിലെ തോല്‍വിയോടെ സിപിഎം ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമം തല്‍ക്കാലം അവസാനിപ്പിച്ചു ഭൂരിപക്ഷത്തിലേക്ക് കണ്ണുവെക്കുന്നു എന്ന സൂചനയാണ് എ വിജയരാഘവന്റെ പ്രസ്താവന. ആ വിവാദ പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് നിരവധി നേതാക്കലും രംഗത്തുവരുന്നു. ഇതെല്ലാം ഭാവിയിലേക്കുള്ള സിപിഎമ്മിന്റെ ഇന്‍വെസ്റ്റ്‌മെന്റാണ്. ഇതിനിടെ പാര്‍ട്ടിയുടെ ന്യൂനപക്ഷ പ്രീണന നയത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു.

അമിതമായ ന്യൂനപക്ഷപ്രീണനനയം പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ഇത് ഭൂരിപക്ഷ മതസ്ഥരെ പാര്‍ട്ടിയില്‍നിന്നകറ്റാനും വോട്ടുകുറയാനും ഇടയാക്കിയെന്നും സി.പി.എം. വയനാട് ജില്ലാസമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഈ പ്രീണനനയംകൊണ്ട് മറ്റു ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നു. ഭൂരിപക്ഷസമുദായങ്ങളും പാര്‍ട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഇതെല്ലാം പാര്‍ട്ടിയുടെ സ്ഥിരംവോട്ടുകളില്‍ കുറവുണ്ടാകാന്‍ ഇടയാക്കിയെന്നും വാദങ്ങളുയര്‍ന്നു.

എന്നാല്‍, ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും ഒരേരീതിയില്‍ കൊണ്ടുപോകണമെന്നും അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകുമെന്നും കേന്ദ്രകമ്മിറ്റിയംഗം ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞു. പുനരധിവാസ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ കാര്യമായ വിമര്‍ശനമുണ്ടായിരുന്നില്ല. കേന്ദ്രത്തിന്റെ നിലപാടും വിമര്‍ശിക്കപ്പെട്ടു. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ബ്രഹ്മഗിരി ഡിവലപ്മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് പണം തിരികെനല്‍കാത്തത് തിരിച്ചടിയായെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിഷയം ബാധിച്ചേക്കാമെന്ന വിലയിരുത്തലുമുണ്ടായി. ബത്തേരി അര്‍ബന്‍ ബാങ്ക് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വിട്ടുവന്നവരെയും മറ്റുംകൂട്ടി മത്സരിച്ച് പരാജയപ്പെട്ടതും ചര്‍ച്ചയായി.

അതേസമയം രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പരാമര്‍ശത്തില്‍ പിബി അംഗം എ.വിജയരാഘവനെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ ഇന്ന് രംഗത്തുവന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എന്നിവരാണ് എ വിജയരാഘവന്റെ പ്രസ്താവനയെ ന്യായീകരിച്ചത്.

വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. കേരളത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി,കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജയം ജമാഅത്തെ ഇസ്ലാമിന്റെയും എസ്ഡിപിഐയുടെയും സഖ്യകക്ഷി എന്ന നിലയിലുള്ള വോട്ടോട് കൂടിയാണ്. അതില്‍ തന്നെയാണ് പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നത്. അതില്‍ ഒരു സംശയവും വേണ്ട അദ്ദഹേം വ്യക്തമാക്കി. യുഡിഎഫ് ഒരു സഖ്യകക്ഷിയെ പോലെ ജമാഅത്തെ ഇസ്ലാമിനെയും എസ്ഡിപിഐയെയും ചേര്‍ത്ത് നിര്‍ത്തുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ദീരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം അത് ഉത്പാദിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീതയയ്ക്കെതിരായി സജീവമായി നിലകൊള്ളുന്ന പ്രസ്താനമാണ് മുസ്ലിം ലീഗ് എന്നാണല്ലോ പറയുന്നത്. പക്ഷേ ഇസ്ലാമിക രാഷട്രം വേണം എന്ന വാദം ഉന്നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി ചേര്‍ന്ന് സ്വാഭാവികമായി യുഡിഎഫിന്റെ കക്ഷിയായി മാറുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം കോണ്‍ഗ്രസില്‍ മാത്രമല്ല ലീഗിലും ശക്തിയായി ഉയര്‍ന്നു വരും. ന്യൂനപക്ഷ വര്‍ഗീയവാദത്തെ ശക്തമായി ഞങ്ങള്‍ ഇനിയും എതിര്‍ക്കും. ഭൂരിപക്ഷ വര്‍ഗീയതയെയും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയായ ആര്‍എസ്എസിനെയും എതിര്‍ക്കും എം വി ഗോവിന്ദന്‍ പറഞ്ഞു.

വിജയരാഘവന്റെ പ്രസംഗത്തിന് പുറത്തു നടക്കുന്ന കോലാഹലങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. വര്‍ഗീയശക്തികളുമായി ചേരുന്ന കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നിലപാടിനെ ആണ് വിമര്‍ശിച്ചത്. മതരാഷ്ട്രവാദം ഉയര്‍ത്തുന്ന എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവരെ യുഡിഎഫ് ക്യാമ്പിനകത്ത് ഉറപ്പിച്ചുനിര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിനെയാണ് വിജയരാഘവന്‍ വിമര്‍ശിച്ചത്. ലീഗാണ് വര്‍ഗീയശക്തികളുടെ സ്വാധീനം യുഡിഎഫിന് അകത്ത് ഉറപ്പിക്കുന്നത്.

അവരുടെ സ്വാധീനം കൊണ്ടാണ് ഇത്തവണ യുഡിഎഫ് വിജയം നേടിയത്. പാലക്കാട് എസ്ഡിപിഐ ആണ് ആദ്യം ആഹ്ലാദപ്രകടനം നടത്തിയത്. വിജയരാഘവന്റെ പ്രസംഗം വര്‍ഗീയ നിലപാടില്‍ നിന്ന് സമൂഹത്തെ രക്ഷിക്കലാണ്. പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിജയത്തിന് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനമുണ്ട്.

ലീഗ് ഒരു വര്‍ഗീയ സംഘടനയാണെന്ന് പറഞ്ഞിട്ടില്ല. അത് സാമുദായിക സംഘടനയാണ്. വര്‍ഗീയവാദികള്‍ക്ക് മണ്ണ് ഒരുക്കുന്ന നിലപാട് സിപിഐഎമ്മിന് ഇല്ല ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. എ വിജയരാഘവന്റെ പ്രസംഗത്തില്‍ വിമര്‍ശന വിധേയമായ ഒരു വാക്ക് പോലുമില്ലെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. പാര്‍ട്ടി നയത്തിന് അനുസൃതമായ കാര്യങ്ങളാണ് വിജയരാഘവന്‍ പറഞ്ഞത്. കോണ്‍ഗ്രസ് തികഞ്ഞ വര്‍ഗീയ വാദത്തെ കേരളത്തില്‍ കൂട്ടുപിടിക്കുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരസ്യമായി വര്‍ഗീയതയെ കൂട്ടുപിടിച്ചില്ലേ? അതു പറയുമ്പോള്‍ എന്തിനാണ് പൊള്ളുന്നത്. വര്‍ഗീയ സംഘടനകള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു എന്നു പറഞ്ഞില്ലേ? 'വര്‍ഗീയ രാഘവന്‍ ' പരാമര്‍ശം വെറുതെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ്. ഇത്തരം പരാമര്‍ശം നടത്തിയതുകൊണ്ട് വിജയരാഘവന്‍ അതാകില്ല. പി കെ ശ്രീമതി വ്യക്തമാക്കി.