അടൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തിപ്പെടവേ സിപിഎമ്മിന് തിരിച്ചടിയായി പാര്‍ട്ടി നേതാവിന്റെ രാജി. അടൂര്‍ സഹകരണ സംഘം പ്രസിഡന്റായ പൊന്‍താമര പിള്ളയാണ് രാജിവെച്ചത്. സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കാനാകാത്തതിനാല്‍ രാജിവയ്ക്കുന്നുവെന്നാണ് പൊന്‍താരമ പിള്ള ആരോപണം ഉന്നയിച്ചത്. സിപിഎമ്മിന് വലിയ പ്രതിസന്ധിയാണ് പൊന്‍താമര പിള്ളയുടെ രാജിയോടെ ഉണ്ടായിരിക്കുന്നത്. പൊന്‍താമര പിള്ള മുന്‍ എംഎല്‍എ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ണികൃഷ്ണ പിള്ളയ്ക്കൊപ്പമാണ് പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പൊന്‍താമര പിള്ളയെത്തിയത്.

ബാങ്കില്‍ 75 ലക്ഷത്തിന്റെ ക്രമക്കേടാണ് നടന്നതെന്നാണ് ഇവര്‍ പറയുന്നത്. ക്രമക്കേടിന് താന്‍ കൂട്ടുനിന്നില്ലെന്നും ഇവര്‍ പറയുന്നു. ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ച ആള്‍ അറിയാതെ പിന്‍വലിച്ചു, മാത്രമല്ല ഈ നിക്ഷേപത്തിന്റെ പലിശ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി എന്ന് കരുവാറ്റ സ്വദേശി പരാതി നല്‍കി. വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരില്‍ വായ്പയെടുത്തെന്നും അത് നേതാക്കള്‍ വീതിച്ചെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു. ഇതടക്കം ചെറുതും വലുതുമായ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നത്.

പൊന്‍താമര പിള്ള വെളിപ്പെടുത്തിയത് 75 ലക്ഷത്തിന്റെ ക്രമക്കേടാണ്. ഇത്തരത്തില്‍ സ്ഥിരനിക്ഷേപമുള്‍പ്പെടെ തട്ടിയെടുത്തതില്‍ കൂടുതല്‍ പരാതികള്‍ വരുമെന്നാണ് വിവരം. പൊന്‍താമര പിള്ള വെളിപ്പെടുത്തിയ വിവരങ്ങള്‍ സഹകരണ വകുപ്പിന്റെ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനായി പരിശോധിച്ചപ്പോഴാണ് തന്റെ ഒപ്പുപോലും വ്യാജമായി ഇട്ട് തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതെന്ന് പൊന്‍താമര പിള്ള പറയുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഇത് തന്റെ മേല്‍ കെട്ടിവയ്ക്കുമെന്ന ഭീതിയിലാണ് പൊന്‍താമര പിള്ള വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത്. മുന്‍ പ്രസിഡന്റും നിലവില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രനെതിരെയാണ് ഇവര്‍ പ്രധാനമായും ആരോപണങ്ങളുന്നയിക്കുന്നത്. ബാങ്കില്‍ കംപ്യൂട്ടര്‍ വത്കരണം കൊണ്ടുവരുന്നതിന് മുമ്പുള്ള രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

2024 നവംബര്‍ ഒന്നിനാണ് പൊന്‍താമര പിള്ള സഹകരണ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. സിപിഎം നേതൃത്വത്തിലുള്ളവര്‍ ഏറെക്കാലമായി ഭരണസമിതിയിലുള്ളതാണ് അടൂര്‍ സഹകരണ സംഘം. കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് അടൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ സംവാദത്തില്‍ പങ്കെടുത്തവരാണ് ഉണ്ണികൃഷ്ണപിള്ളയും ഭാര്യ പൊന്‍താമര പിള്ളയും. പാര്‍ട്ടിയോട് പ്രശ്നങ്ങളില്ലെന്നും എന്നാല്‍ പ്രാദേശിക നേതാക്കള്‍ ഉപദ്രവിക്കുന്നുവെന്നും പൊന്‍താമര പിള്ള പറയുന്നു.


നേതാക്കളുടെ ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ജീവനക്കാരും തന്നോട് സഹകരിക്കുന്നില്ലെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ വയ്യാത്തതിനാല്‍ രാജിവയ്ക്കുന്നുവെന്നുമാണ് പൊന്‍താമര പിള്ള പറയുന്നത്.