തിരുവനന്തപുരം: സിപിഎമ്മിന്റെ ശക്തിദുര്‍ഗ്ഗമായ കണ്ണൂരിലെ പാര്‍ട്ടിയില്‍ നടക്കുന്ന ഫണ്ട് വെട്ടിപ്പുകളെ കുറിച്ച് തുറന്നുപറച്ചിലുമായി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ സിപിഎം തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലാണ് വി കുഞ്ഞികൃഷ്ണന്‍ നടത്തിയത്. നേരാത്തെ പലതവണ പാര്‍ട്ടിക്കുള്ളില്‍ ഈ വിഷയ ഉയര്‍ന്നിരുന്നു. എന്നാല്‍, പാര്‍ട്ടി ഒതുക്കിതീര്‍ത്ത വിഷയം തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ നില്‍ക്കവേ വീണ്ടും ഉയരുന്നത് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധൂസൂദനനെ ലക്ഷ്യം വെച്ചാണ്. ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടിയുടെ കൊള്ളരുതായ്മകള്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണൂ്ര്‍ പാര്‍ട്ടിയെ ഭരിക്കുന്ന മാഫിയാ സംഘത്തെ കുറിച്ചാണ് വി കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചില്‍.

ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന്‍ തട്ടിയെടുത്തു. ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും വി കുഞ്ഞികൃഷ്ണന്‍ ചാനലിനോട് വെളിപ്പെടുത്തി. 'തന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധന്‍രാജ് രക്തസാക്ഷി ഫണ്ടല്ല. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.'

'2017 ഡിസംബര്‍ 8,9 തിയ്യതികളില്‍ നടന്ന ഏരിയാസമ്മേളനത്തില്‍ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പിന്നീട് ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. 2020ലാണ് താന്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയായത്. 2021ല്‍ കണക്ക് ചോദിച്ചിട്ടും ലഭിച്ചില്ല. 2021ലെ സമ്മേളനത്തിന് തൊട്ടുമുമ്പാണ് കണക്കുകള്‍ അവതരിപ്പിച്ചത്. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നു. അതില്‍ വിചിത്രമായ കണക്കുകളാണ് തനിക്ക് കാണാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നത്.

2017ലെ വരവില്‍ 10ലക്ഷത്തിലേറെ തുക ചിലവാണെന്ന് കണ്ടെത്തി. ഒരു കോടി രൂപയോളമാണ് പിരിച്ചിരുന്നത്'. വീട് നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചപ്പോഴും ക്രമക്കേട് കണ്ടെത്തിയെന്നും വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആ കമ്മിറ്റി കണക്ക് അംഗീകരിച്ചില്ല. മുപ്പത്തിനാലേകാല്‍ ലക്ഷം രൂപ വീട് നിര്‍മാണത്തിന് ചിലവായെന്നായിരുന്നു കണക്ക്. വീട് നിര്‍മിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരുടെ സന്നദ്ധസഹായങ്ങളും ഉണ്ടായിരുന്നു. അങ്ങനെ സഹായങ്ങള്‍ നല്‍കിയാല്‍ വീട് പണിക്ക് പണം കൂടുതല്‍ വരില്ലെന്നായിരുന്നു ഉദ്ദേശം. 34ലക്ഷം രൂപയുടെ ചെക്കാണ് നല്‍കിയിരുന്നത്. ഈ ചെക്ക് പരിശോധിച്ചപ്പോള്‍ ഇരുപത്തിയൊന്‍പതേ കാല്‍ ലക്ഷം രൂപ കോണ്‍ട്രാക്ടറുടെ അക്കൗണ്ടിലേക്കും 5ലക്ഷം അന്നത്തെ ഏരിയാ സെക്രട്ടറി കെപി മധുവിന്റെ അക്കൗണ്ടിലേക്കും പോയി. ഒരിനവും പറയാതെ 2 ലക്ഷം രൂപയുടെ കണക്കും കാണിച്ചിരുന്നു.

ചെക്ക് പരിശോധിച്ചപ്പോള്‍ ഈ രണ്ടുലക്ഷം ഏരിയാ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. പാര്‍ട്ടി ഏരിയാ കമ്മിറ്റിയുടെ കെട്ടിട നിര്‍മാണത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ കെട്ടിടപണിക്ക് ഈ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലായിരുന്നു. അതിനുള്ള ഫണ്ട് അവിടെയുണ്ട്. ധന്‍രാജിന്റെ കടബാധ്യത നിലനില്‍ക്കുമ്പോഴാണ് 40 ലക്ഷം രൂപ കാണാതായെന്നും വി കുഞ്ഞികൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് ഈ വിഷയം കണ്ണൂര്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറി വിശദീകരണ കുറിപ്പ് ഇറക്കുകയാണ് ഉണ്ടായത്. പയ്യന്നൂരില്‍ കൊല്ലപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകന്‍ ധനരാജിന്റെ കടം പാര്‍ട്ടി വീട്ടുമെന്ന് സി.പി. എം. ധനരാജ് ഫണ്ടില്‍ നിന്ന് നയാ പൈസപോലും ആരും അപഹരിച്ചിട്ടില്ലെന്നും വിശദീകരണം നവ്#കിയത്.

ധനരാജ് ഫണ്ടില്‍ നിന്ന് ഒരു നയാപൈസ ആരും അപഹരിച്ചിട്ടില്ല. ബന്ധുക്കള്‍ക്ക് ഫണ്ട് നല്‍കിയതും, വീട് നിര്‍മ്മിച്ചതും കേസിന് വേണ്ടി ചെലവഴിച്ചതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ബഹുജനങ്ങളില്‍ നിന്ന് ഫണ്ട് പിരിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണ്. പയ്യന്നൂര്‍ കോ-ഓപറേറ്റിവ് റൂറല്‍ ബേങ്കില്‍ ധനരാജിന്റെ പേരിലുള്ള കടം നേരത്തെ കൊടുത്തു തീര്‍ത്തതാണ്. പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ അവശേഷിക്കുന്ന കടം പാര്‍ട്ടി വീട്ടുമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.

സിപിഎം പയ്യന്നൂര്‍ ഏരിയയില്‍ രക്തസാക്ഷി കുടുംബസഹായ ഫണ്ടില്‍ നിന്ന് 42 ലക്ഷം രൂപയുടെ തിരിമറി നടന്നതായാണ് ആക്ഷേപം. പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ടിലാണ് ക്രമക്കേട് നടന്നതായി ആക്ഷേപം ഉയര്‍ന്നത്. പയ്യന്നൂരിലെ ഫണ്ട് തിരിമറി അന്വേഷിക്കുന്നതിന് ടി വി രാജേഷ്, പി വി ഗോപിനാഥ് എന്നിവരെ വരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മീഷനെതിരെയും വി കുഞ്ഞികൃഷ്ണന്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. കണ്ണൂര്‍ സിപിഎമ്മിനെ ഇളക്കിമറിക്കാന്‍ പോന്ന വെളിപ്പെടുത്തലാണ് വി കുഞ്ഞിക്കണ്ണന്റേത്. പയ്യന്നൂരില്‍ അണികള്‍ക്കിടയില്‍ നല്ല ്‌സ്വാധീനമായുള്ള നേതവാണ് അദ്ദേഹം.