തിരുവനന്തപുരം: കരുനാഗപ്പള്ളിയിലെ വിഭാഗീയതാ വിഷയത്തില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചതിന് പിന്നാലെ, തിരുവനന്തപുരത്തും ഏരിയ സമ്മേളനത്തിനിടെ പൊട്ടിത്തെറി. തിരുവനന്തപുരം മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് ഏരിയ സെക്രട്ടറി ഇറങ്ങിപ്പോയി. ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയാണ് ഇറങ്ങിപ്പോയത്. ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് അകാരണമായി മാറ്റിയതില്‍ ജില്ലാസെക്രട്ടറി വി. ജോയിയോടുള്ള പ്രതിഷേധമറിയിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.

മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി എതിര്‍ത്തതാണ് തര്‍ക്കത്തിന് കാരണം. എം ജലീലാണ് പുതിയ ഏരിയ സെക്രട്ടറി. അതിനിടെ മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു പ്രഖ്യാപിച്ചു.

പ്രാദേശിക തലത്തിലെ വിഭാഗീയതകള്‍ പലയിടത്തും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിനിടെയാണ് സിപിഎം മംഗലപുരം ഏരിയാ സമ്മേളനവും തര്‍ക്കത്തില്‍ കലാശിച്ചത്. കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിന് ശേഷം മംഗലപുരത്ത് കഴിഞ്ഞ രണ്ട് തവണയും മുല്ലശ്ശേരി മധുവായിരുന്നു സെക്രട്ടറി. മധു തന്നെ തുടരുന്നതില്‍ ജില്ലാ നേതൃത്വത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല.

മാത്രമല്ല സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും അടക്കം ഒട്ടനവധി പരാതികളും മധുവിനെിരെ പാര്‍ട്ടിക്ക് മുന്നിലുണ്ട് . ഇതെല്ലാം കണക്കിലെടുത്ത് ജില്ലാ നേതൃത്വം മുന്നോട്ട നീങ്ങിയപ്പോള്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയാണ് മുല്ലശ്ശേരി മധു പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്.

സാധാരണ പാര്‍ട്ടിക്കാര്‍ക്ക് സമീപിക്കാന്‍ കഴിയാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന് നേരത്തെ സമ്മേളന പ്രതിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതിഷേധം മുന്നില്‍കണ്ട് വളരെ ആസൂത്രിതമായിട്ടായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നീക്കം. പുതിയ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നപ്പോഴാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം ജലീലിന്റെ പേര് ഉയര്‍ന്ന് വന്നതും തെഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതും.

അപ്രതീക്ഷിത നീക്കത്തില്‍ പ്രതിഷേധിച്ച മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് മുല്ലശ്ശേരി മധു പാര്‍ട്ടി വിട്ടത്. മധു ഏരിയ സെക്രട്ടറിയാകുന്നത് ജോയ് എതിര്‍ത്തിരുന്നു.

പാര്‍ട്ടിയുമായി ഇടഞ്ഞ മധു മുല്ലശ്ശേരി സിപിഎം വിട്ടേക്കുമെന്നാണ് സൂചന. സിപിഎമ്മിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും തന്നോടൊപ്പം നിരവധി പ്രവര്‍ത്തകരും പാര്‍ട്ടി വിടുമെന്നും മധു പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ സന്തോഷിച്ചയാളാണ് ജോയ്. ജോയ് ജില്ലാ സെക്രട്ടറി ആയതോടെ പാര്‍ട്ടിയില്‍ വിഭാഗീയത വര്‍ധിച്ചെന്നും മധു കുറ്റപ്പെടുത്തി.