കൊല്ലം: സിപിഎം കൊല്ലം സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് പത്രത്തിലൂടെ പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കി മലയാള മനോരമ. സാധാരണ നിലയില്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ശേഷമാകും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോരുക. അതും വിവാദമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ സിപിഎമ്മിന്റെ രഹസ്യ രേഖ സമ്മേളനം തുടങ്ങും മുമ്പ മനോരമ പത്രത്തിലെത്തി. സമ്മേളനം തുടങ്ങുമ്പോള്‍ തന്നെ അതിന്റെ പകര്‍പ്പ് ചാനലുകളില്‍ കാണിക്കുമോ എന്നതാണ് നിര്‍ണ്ണായകം. അങ്ങനെ കൊല്ലത്ത് പാര്‍ട്ടി രഹസ്യം ചരിത്രത്തില്‍ ഇല്ലാ വിധം ചോര്‍ന്നു. മനോരമയിലെ തിരുവനന്തപുരം ബ്യൂറോ ചീഫ് സുജിത് നായരാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ വാര്‍ത്തയായി നല്‍കുന്നത്.

സിപിഎം വോട്ടുകള്‍ ബിജെപിക്കു പോകുന്ന ഗൗരവതരമായ സ്ഥിതി ഉണ്ടെന്ന് സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് പറയുന്നുവെന്ന് മനോരമ വിശദീകരിക്കുന്നു സംസ്ഥാന കമ്മിറ്റി അംഗീകരിച്ച ശേഷം സമ്മേളനത്തില്‍ സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്ന് അവതരിപ്പിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് ഈ അപകടത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ വോട്ടു ചോര്‍ച്ച അതീവ ഗൗരവമായി കാണണം. പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുന്ന തരത്തിലാണ് ഇവിടെ വോട്ട് ബിജെപിക്കു പോയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. ഏതായാലും റിപ്പോര്‍ട്ട് ചോര്‍ച്ചയും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വലിയ ഞെട്ടലിലാണ്. മനോരമയിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കണ്ട് കൊല്ലത്ത് എത്തിയ സഖാക്കളും ഞെട്ടി. പാര്‍ട്ടി രീതിയ്ക്ക് ചേരുന്നതല്ല ചോര്‍ച്ചയെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വോട്ടുകള്‍ ബിജെപിക്കു മറിഞ്ഞിരുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിനു യുഡിഎഫ് വോട്ടു ചോര്‍ച്ച കാരണമായെങ്കിലും എല്‍ഡിഎഫിന്റെ വോട്ടും ബിജെപിക്കു കിട്ടി. തൃശൂരിലെ ബിജെപി വിജയം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയി. തൃശൂരിലടക്കം മിക്ക മണ്ഡലങ്ങളെക്കുറിച്ചും ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് പിഴച്ചു. സര്‍ക്കാരിനെതിരെയുളള പ്രചാരണവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു കാരണമായി. എന്നാല്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ഒപ്പമാണ് നില്‍ക്കേണ്ടതെന്ന മതനിരപേക്ഷ ചിന്താഗതിയുള്ളവരുടെ നിലപാടാണു നിര്‍ണായകമായത്.

ഈ ദേശീയ സാഹചര്യത്തെ മറികടക്കാന്‍ കഴിഞ്ഞാലേ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ഇനി മുന്നേറാന്‍ കഴിയൂ. കോണ്‍ഗ്രസിന്റെ നയങ്ങളെ തുറന്നു കാണിച്ചു മുന്നോട്ടു പോകണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ടെന്ന് മനോരമ പറയുന്നു.

ഭരണം നല്ലത്; പ്രചാരം പോരാ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ പ്രശംസിക്കുന്ന സൂചനകള്‍ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള പ്രചാരവേലകള്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഇടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളക്കുറിച്ച് റിപ്പോര്‍ട്ടില്‍ വിമര്‍ശനങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ പൊതുവില്‍ അഭിനന്ദിക്കുന്നെങ്കിലും ചില വകുപ്പുകളെയും മന്ത്രിമാരുടെ ഓഫിസുകളെയും വിമര്‍ശിക്കുന്നു. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക ഞെരുക്കം സര്‍ക്കാരിനെ ബാധിക്കുന്നതിന്റെ ആഴം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പോരായ്മകളുണ്ട്. ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം സര്‍ക്കാരിനോടുള്ള എതിര്‍പ്പിനു കാരണമാകുന്നു. പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരോടു പോലും മാന്യമായി പെരുമാറാത്ത സ്ഥിതിയുണ്ട്.

തെറ്റുതിരുത്തല്‍ ഫലപ്രദമല്ല

പാര്‍ട്ടിയിലെ തെറ്റുതിരുത്തല്‍ ഫലപ്രദമല്ല. റിയല്‍ എസ്റ്റേറ്റ്, മണല്‍, ക്വാറി തുടങ്ങിയ മേഖലകളില്‍ പാര്‍ട്ടി നേതാക്കള്‍ തെറ്റായി ഇടപെടുന്നു. ഫണ്ട് പിരിവിന്റെ മാനദണ്ഡങ്ങള്‍ പാര്‍ട്ടി സഖാക്കള്‍ പാലിക്കുന്നില്ല. പാര്‍ട്ടി അധികാര കേന്ദ്രമാകരുതെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും പലയിടത്തും നടക്കുന്നത് അതാണ്. ഇതിന്റെ ഫലമായി ജനങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് അകലുന്നു. സഹകരണ മേഖലയിലും തദ്ദേശ സ്ഥാപനങ്ങളിലും നടക്കുന്ന അഴിമതിക്കെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങളും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്. എസ്എഫ്‌ഐക്കെതിരായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. പൂക്കോട് ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ സിദ്ധാര്‍ഥന്റെ മരണം ജനങ്ങളിലുണ്ടാക്കിയ അസംതൃപ്തിയുടെ പശ്ചാത്തലത്തിലാണിത്.

നവകേരളസദസ്സ്: പരിശോധന തുടരണം

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തിയ നവകേരള സദസ്സില്‍ 140 നിയമസഭാ മണ്ഡലങ്ങളിലായി 23 ലക്ഷത്തോളം പേര്‍ നേരിട്ടു പങ്കെടുത്തതായി നേരത്തേ യാത്ര സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയുമായി എത്രത്തോളം സഹകരിച്ചെന്നു പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു. വിവിധ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം എന്തുമാത്രം ഉണ്ടായിരുന്നുവെന്നു പരിശോധിച്ച് തിരുത്തലുകള്‍ വരുത്തണം. നവകേരള സദസ്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിട്ടു പങ്കെടുത്തത് കോഴിക്കോട് ജില്ലയിലാണെന്ന് റിവ്യൂ റിപ്പോര്‍ട്ട് പറയുന്നു 2,57,242. ഏറ്റവും കുറവ് വയനാട് 44,219. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂര്‍ ആണ് രണ്ടാംസ്ഥാനത്ത് 2,41,089. ആകെ 22,82,364 പേര്‍.