- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി; മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്ന് പികെ ശ്രീമതി; മുകേഷിനെ ന്യായീകരിച്ച് സിപിഎം വനിതാ നേതാക്കള്‍
മുകേഷിനെ ന്യായീകരിച്ച് സിപിഎം വനിതാ നേതാക്കള്‍
കണ്ണൂര്‍: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് വ്യക്തമാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം വനിതാ നേതാക്കള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കം മുകേഷിനെ പിന്തുണച്ചാണ് രംഗത്തെത്തിയത്.
കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി പ്രതികരിച്ചു. കോടതിയില്‍ വിചാരണ നടക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തണം. അതിനുശേഷമേ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമുള്ളൂ എന്നും സതീദേവി പറഞ്ഞു. ധാര്‍മികത ഓരോര്‍ത്തര്‍ക്കും ഓരാന്നാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവയ്ക്കണോ എന്ന മുകേഷാണ് തീരുമാനിക്കേണ്ടതെന്നും സതീദേവി പറഞ്ഞു.
നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നുമാണ് സതീദേവി വ്യക്തമാക്കിയത്. അതേ സമയം മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നുമായിരുന്നു മുതിര്‍ന്ന നേതാവ് പി.കെ. ശ്രീമതിയുടെ പ്രതികരണം. കുറ്റവാളിയെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാകില്ല. എന്നും സര്‍ക്കാര്‍ ഇരക്ക് ഒപ്പം നില്‍ക്കുമെന്നും പി.കെ. ശ്രീമതി പ്രതികരിച്ചു.
മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. അങ്ങനെ കണ്ടെത്തിയാല്‍ ഇരക്കൊപ്പം തന്നെ പാര്‍ട്ടിയും സര്‍ക്കാരും നില്‍ക്കും. കുറ്റവാളികളെ സംരക്ഷിക്കില്ല. അതുവരെ ഈ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ശ്രീമതി പ്രതികരിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനിടെ മുകേഷ് വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
''കുറ്റം ചെയ്തുവെന്ന് കണ്ടുകഴിഞ്ഞാല്‍ അങ്ങനെയുള്ളവരെ രക്ഷിക്കുന്ന നയസമീപനമല്ല കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നുള്ള ഉത്തമ ബോധ്യം ജനാധിപത്യ മഹിള അസോസിയേഷനുണ്ട്. ഹേമകമ്മിറ്റിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടി മാതൃകപരമാണെന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പറഞ്ഞിട്ടുള്ളതാണ്. കോടതി കുറ്റക്കാരാണെന്ന് കണ്ടാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരംശം പോലും ഇളവ് കൊടുക്കില്ല. വിക്ടിമിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണിത്''- പി.കെ ശ്രീമതി പറഞ്ഞു
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും അമ്മയില്‍ അംഗത്വം നല്‍കാമെന്ന് ഉറപ്പുനല്‍കിയും തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് മുകേഷ് എം.എല്‍.എയ്ക്കെതിരായി നല്‍കിയ പരാതി. മുകേഷിനെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും തെളിഞ്ഞുവെന്നും ഇ-മെയില്‍ സന്ദേശങ്ങളും വാട്സ്ആപ്പ് ചാറ്റുകളും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.
എറണാകുളം മരട് പോലീസാണ് ആദ്യം ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. എറണാകുളത്തുള്ള വില്ലയില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്നും പിന്നീട് തൃശ്ശൂരില്‍ വെച്ച് സമാന സംഭവം ആവര്‍ത്തിച്ചുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഇതോടെ രണ്ട് സ്ഥലങ്ങളിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അതുപ്രകാരമുള്ള കുറ്റപ്പത്രം തയാറാക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് മുകേഷിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.
എം മുകേഷ് എംഎല്‍എയ്ക്ക് എതിരെ കുറ്റപത്രം
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് മോഹിപ്പിച്ചും കൊച്ചി മരടിലെ വില്ലയില്‍ വെച്ച് ലൈഗിംകമായി പീഡിപ്പിച്ചെന്നാണ് എം മുകേഷ് എംഎല്‍എയ്ക്ക് എതിരായ കുറ്റപത്രത്തിലെ ആരോപണം. 2010ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാല്‍ പതിനാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് നടി മുകേഷിനെതിരെ പരാതി നല്‍കിയത്. നടിയുടെ രഹസ്യമൊഴിയിലെ വിശദാംശങ്ങള്‍ സാധൂകരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അടക്കമുളളവ പൊലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. നടിയുമായി നടത്തിയ വാട്‌സ് ആപ് ചാറ്റുകള്‍, ഇ മെയില്‍ സന്ദേശങ്ങള്‍ എന്നിവയെല്ലാം ആരോപണം ശരിവയ്ക്കുന്നതാണെന്ന് കുറ്റപത്രത്തില്‍ എസ് ഐ ടി ആവര്‍ത്തിക്കുന്നു. പരാതിക്കാരിയുമായി മുകേഷ് ഒരുമിച്ച് യാത്ര ചെയ്തതും സാഹചര്യത്തെളിവുകളുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുവരേയും ഒരുമിച്ച് കണ്ട വ്യക്തികളെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.