- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്ന്; ബദല്‍ നയരൂപീകരണത്തില്‍ പിണറായിയും ഇടത് സര്‍ക്കാറും പ്രശംസ അര്‍ഹിക്കുന്നു; സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം ശക്തിപ്പെടുന്നു; അമേരിക്കയ്ക്ക് വിമര്‍ശനവും; കൊല്ലത്ത് നയം പറഞ്ഞ് കാരാട്ട്; ഇനി സിപിഎമ്മിനെ കേരളം നയിക്കും
കൊല്ലം: സിപിഎമ്മിനെ ഇനി കേരളം നയിക്കും. ഇതിന്റെ വ്യക്തമായ സന്ദേശം നല്‍കി സിപിഎം ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. അമേരിക്കയെ കടന്നാക്രമിച്ച് തുടങ്ങിയ പ്രസംഗത്തില്‍ കേരളം സുഭദ്രമാണെന്ന സന്ദേശമാണ് കാരാട്ട് നല്‍കുന്നത്. കേരളത്തിലെ പാര്‍ട്ടി എന്നും മുന്‍നിരയിലാണെന്ന് പിബി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. രാജ്യത്തെ പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്നാണ്. ബദല്‍ നയരൂപീകരണതിതില്‍ പിണറായി വിജയനും ഇടത് സര്‍ക്കാറും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
രാഷ്ട്രീയ അടവുനയ രൂപീകരണവും രാഷ്ട്രീയ വിലയിരുത്തല്‍ റിപ്പോര്‍ട്ടും നിര്‍ണ്ണായകമാണ്. യച്ചൂരിയുടേയും കോടിയേരിയുടേയും വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണ്. അന്തര്‍ ദേശീയ- ദേശീയ തലങ്ങളിലെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നതാകണം സംസ്ഥാന സമ്മേളന ചര്‍ച്ചകളും നടപടികളുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കൊല്ലം ടൗണ്‍ ഹാളില്‍ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ചേരുന്ന സമ്മേളനത്തില്‍ 530 പ്രതിനിധികളാണ്. രാവിലെ മുതിര്‍ന്ന അംഗം എകെ ബാലന്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ തുടങ്ങിയത്. പിബി കോര്‍ഡിനേറ്ററായ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
പിണറായി സര്‍ക്കാര്‍ രാജ്യത്തെ നവഉദാരവത്കരണ വര്‍ഗീയ നയങ്ങള്‍ക്കെതിരായ ബദല്‍ സമീപനമാണ് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം ശക്തിപ്പെടുകയാണെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയത്. ഇത് കൂടുതല്‍ തീവ്രമാവുകയാണ്. സാമ്രാജ്യത്വ ആധിപത്യ രാഷ്ട്രം അമേരിക്ക തന്നെയാണെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന് ട്രംപ് പറയുമ്പോള്‍ അത് അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ലെന്ന് തുറന്നുസമ്മതിക്കുകയാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
'വര്‍ത്തമാനകാല സാഹചര്യത്തില്‍ കേരളത്തിലെ പാര്‍ട്ടി ഘടകം രാജ്യത്തെ പാര്‍ട്ടി നയം നടപ്പിലാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലാണ് നില്‍ക്കുന്നത്. ഹിന്ദുത്വ കോര്‍പ്പറേറ്റ് ആധിപത്യ സംവിധാനത്തിനെതിരേ ജനാധിപത്യ മതനിരപേക്ഷ ഫെഡറല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിലെ പാര്‍ട്ടി പ്രധാന പങ്കുവഹിക്കുന്നു. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രാജ്യത്തെ നവഉദാരവത്കരണ വര്‍ഗീയ നയങ്ങള്‍ക്കെതിരായ ബദല്‍ സമീപനമാണ് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.'
'ജനുവരി 20-നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ നയങ്ങളില്‍ കുറച്ച് സമയം കൊണ്ടുതന്നെ ഒരു പുനഃസംഘടനയാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. സമ്പദ്ഘടനയില്‍, സമൂഹത്തില്‍, രാഷ്ട്രീയമണ്ഡലത്തില്‍ ആറാഴ്ച കൊണ്ട് പുനഃസംഘടനയിലൂടെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ ആധിപത്യ രാഷ്ട്രം അമേരിക്ക തന്നെയാണെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന് ട്രംപ് പറയുമ്പോള്‍ അത് അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ലെന്ന് തുറന്നുസമ്മതിക്കുകയാണ്.' 'യഥാര്‍ഥത്തില്‍ ട്രംപ് ചെയ്യുന്നത് 19-ാം നൂറ്റാണ്ടിലെ പ്രാകൃത സാമ്രാജ്യത്വത്തിന്റെ രീതികളാണ്. കൂടുതല്‍ അതിരുകള്‍ വിപുലപ്പെടുത്തുക, കാനഡയെ അമേരിക്കയുടെ 55-ാമത് സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം, ഗാസ മുനമ്പ് വിട്ടുതന്നാല്‍ റിസോര്‍ട്ടാക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം പ്രാകൃത കാലഘട്ടത്തിന്റെ ആധിപത്യത്തിന്റെ തനിയാവര്‍ത്തനമാണ്. '
സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം ശക്തിപ്പെടുകയാണെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തിയത്. ഇത് കൂടുതല്‍ തീവ്രമാവുകയാണ്. ഒരു വശത്ത് അമേരിക്കയും സഖ്യശക്തികളും മറുവശത്ത് ജനകീയജനാധിപത്യ ചൈനയും എന്ന രൂപത്തില്‍ പ്രതിഫലനം കാണാം. ചൈനയെ വളയുക, ദുര്‍ബലപ്പെടുത്തുക, ഒറ്റപ്പെടുത്തുക എന്ന പ്രധാന രാഷ്ട്രീയ തന്ത്രത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് സാര്‍വദേശീയ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത്. ഈ രീതിയെ ട്രംപ് ശക്തമാക്കുന്നു. അതാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചുങ്കം. ഇത് വ്യാപാര യുദ്ധങ്ങള്‍ക്ക് കാരണമാകുമെന്നും കാരാട്ട് പറഞ്ഞു. അതേസമയം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നിശ്ചയിച്ച് തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരുന്ന പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയതെന്നും യെച്ചൂരിയുടെ നഷ്ടം നികത്താനാവാത്തതാണെന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു. കോടിയേരിയുടെ നഷ്ടവും നികത്താനാവാത്തതാണ്. ഈ അപരിഹാര്യമായ നഷ്ടങ്ങളെ പാര്‍ട്ടി കൂട്ടായി നേരിട്ടെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സമ്മേളനത്തില്‍ വയ്ക്കും. ഇതോടൊപ്പം നവകേരള നയരേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപം ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളതാണ് നയരേഖ. പ്രായപരിധി കര്‍ശനമാക്കുന്നതോടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എകെ ബാലന്‍, ആനാവൂര്‍ നാഗപ്പന്‍, പികെ ശ്രീമതി എന്നിവര്‍ ഒഴിവാകും. പി ശശി അടക്കമുള്ളവരെ പുതുതായി ഉള്‍പ്പെടുത്താനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും.
സിപിഎം, പ്രകാശ് കാരാട്ട്, കാരാട്ട്