തിരുവനന്തപുരം: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അന്‍പത് ശതമാനം തീരുവ ചുമത്തിയ അമേരിക്കന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തില്‍ ഇടപെടാത്ത കേന്ദ്രസര്‍ക്കാരിനുമെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് ട്രംപിന്റെ നടപടിയെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു. പ്രാദേശിക അടിസ്ഥാനത്തില്‍ വലിയ പ്രതിഷേധ പരിപാടികള്‍ സിപിഎം സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച ട്രംപിന്റെ നടപടി കേരളത്തിന്റെ പരമ്പരാഗത മേഖലയ്ക്കുള്‍പ്പെടെ വലിയ തിരിച്ചടിയുണ്ടാകും. ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോല്‍പന്നങ്ങള്‍, കശുവണ്ടി, കയര്‍ എന്നിവ കയറ്റുമതി ചെയ്യുന്ന കേരളത്തിന് വലിയ ആഘാതമുണ്ടാക്കും. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയില്‍, മരുന്ന് നിര്‍മാണം, ആഭരണങ്ങള്‍, തുടങ്ങിയ എല്ലാ സാധനങ്ങള്‍ക്കുമുള്ള തീരുവ വര്‍ധനവിലൂടെ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക.

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചയാളണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയെ വളഞ്ഞുപിടിക്കാനുള്ള യുഎസ് തന്ത്രത്തിനൊപ്പമാണ് ഇന്ത്യ നിന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴില്‍ ജൂനിയര്‍ പങ്കാളിയായി നിലനില്‍ക്കുന്ന ഇന്ത്യയ്‌ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. അമേരിക്ക ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന പ്രധാനരാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഈ നടപടിയെ ശക്തമായി പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിക്കോ കേന്ദ്രസര്‍ക്കാരിനോ കഴിയുന്നില്ല.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിലപാടിനും അവര്‍ക്കൊപ്പം അണിചേര്‍ന്ന് രാജ്യത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ അംഗീകാരത്തോടെ നടപ്പിലാക്കുന്നവയാണ് അമേരിക്കയുടെ നിലപാടുകള്‍. വരും ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.