കൊല്ലം: പശ്ചിമബംഗാളിലെ അനുഭവം പാഠമാകണമെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം. തുടര്‍ ഭരണത്തിന്റെ മോശം പ്രവണതകളില്‍ ജാഗ്രത പാലിക്കണം. ബംഗാള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശം. വീഴ്ചകള്‍ ഉണ്ടാകാതെ നോക്കണമെന്നും പാര്‍ട്ടി അധികാര കേന്ദ്രമെന്ന എന്ന തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാകരുതെന്നും നിര്‍ദേശം നല്‍കി.

നോക്കുകൂലി പോലുളള തെറ്റായ പ്രവണതകള്‍ അവസാനിക്കാന്‍ നടത്തിയ ഇടപെടല്‍ മധ്യവര്‍ഗത്തില്‍ സ്വാധീനമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ മേഖലയില്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് സംഘടനാ റിപ്പോര്‍ട്ടിലെ നിര്‍ദേശം. സ്വാധീനം വര്‍ധിപ്പിക്കാന്‍ സ്ത്രീകളെ ലക്ഷ്യമിട്ട് ബിജെപി പ്രവര്‍ത്തിക്കുന്നുവെന്നും സംഘടനാ റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രങ്ങളിലെ വിശ്വാസകാര്യങ്ങളില്‍ ഇടപെടുന്ന സ്ത്രീകളെയാണ് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. മഹിളാ അസോസിയേഷന് ഇത്തരം മേഖലകളിലേക്ക് കടന്നുചെല്ലാന്‍ ആകുന്നില്ലെന്നും വിമര്‍ശനമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഫാന്‍സിനെ കൂട്ടല്‍ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യമെന്ന് സിപിഐഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ യുവനിര കൂടുതല്‍ സജീവമാകണമെന്നാണ് നിര്‍ദേശം. സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകുന്ന സംസ്ഥാന നേതാക്കളെകൊണ്ട് പാര്‍ട്ടിക്കെന്ത് ഗുണമെന്ന് കൂടി ചിന്തിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലെ യുഡിഎഫ്.- ബിജെപി കൂട്ടുകെട്ട് തുറന്നുകാണിക്കാനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനം ആശയരംഗത്ത് ശക്തിപ്പെടുത്തണമെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നിര്‍ദേശമുണ്ടായെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഇടപെടലുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നിര്‍ദേശത്തിന് പ്രതിനിധികള്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തോട് കേന്ദ്രത്തിന് കടുത്ത അവഗണനയാണുള്ളത്. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ കൂടുതല്‍ വിഭവസമാഹരണപദ്ധതി ഉപയോഗപ്പെടുത്തി മാത്രമാണ് മുന്നോട്ടുപോകാന്‍ കഴിയുക. വിഭവസമാഹരണം കൂട്ടണം. ഇതില്‍ ജനവിരുദ്ധതയില്ല, ജനക്ഷേമകരമായ കാര്യങ്ങളാണ്. മൂലധനനിക്ഷേപം ഏതുതരത്തിലായാലും സ്വീകരിക്കുക എന്നതാണ് നവകേരളത്തിന്റെ പുതുവഴികള്‍ എന്ന രേഖ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാട്. ചരടുകളില്ലാത്ത മൂലധനനിക്ഷേപങ്ങളെ രാജ്യത്തിന്റേയും ജനങ്ങളുടേയും താത്പര്യത്തിനുവേണ്ടി ഫലപ്രദമായി ഉപയോഗിക്കുക. എന്നാല്‍, അതില്‍ നമ്മുടെ താത്പര്യങ്ങള്‍ക്ക് എതിരായ ഒരുവ്യവസ്ഥയും അംഗീകരിച്ചുകൊടുക്കില്ല. സംസ്ഥാനത്തിന്റെയും ജനങ്ങളുടേയും താത്പര്യത്തിന് വിരുദ്ധമായ ഒന്നുംതന്നെ സിപിഎമ്മിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സെസ് ചുമത്താനുള്ള സാധ്യത പരിശോധിക്കണമെന്ന കാര്യമാണ് പറയുന്നത്. ദരിദ്ര ജനവിഭാഗങ്ങള്‍ക്കുനല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും സമ്പന്നവിഭാഗങ്ങള്‍ക്കും നല്‍കേണ്ടതുണ്ടോ എന്ന ചോദ്യമാണ് അടിസ്ഥാനപരമായി ഉന്നയിക്കുന്നത്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നതാണ് വര്‍ഗപരമായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ പൊതുമേഖലയെ സംരക്ഷിക്കുക എന്ന പ്രമേയം എളമരം കരീം അവതരിപ്പിച്ചു. പൊതുമേഖലയെ വിറ്റുതുലയ്ക്കുക എന്ന കോണ്‍ഗ്രസ് നയം ബിജെപി കൂടുതല്‍ ശക്തിമായ രീതിയിലാണ് നടപ്പിലാക്കുന്നത്. ഇതിനെതിരെ ശക്തമായ സമരം ഉയര്‍ത്തിക്കൊണ്ടുവരാനും പ്രമേയത്തില്‍ ആഹ്വാനം ചെയ്തതായി ഗോവിന്ദന്‍ അറിയിച്ചു.