- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിക്ക് കാരണം മേയറായിരുന്നപ്പോഴുള്ള ആര്യയുടെ ഇടപെടല്‍; പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചത്; പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ കോര്പ്പറേഷന് എതിരാക്കി; സിപിഎം ജില്ലാ കമ്മറ്റി യോഗത്തില്‍ ആര്യക്കെതിരെ രൂക്ഷ വിമര്‍ശനം; എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കാതെ ആര്യ
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തോല്‍വിക്ക് കാരണം മേയറായിരുന്നപ്പോഴുള്ള ആര്യയുടെ ഇടപെടല്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സിപിഎം തോല്‍വിയില്‍ ആര്യാ രാജേന്ദ്രനെതിരെ വിമര്‍ശനം തുടരുന്നു. കോര്‍പ്പറേഷനിലെ തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. തോല്‍വിക്ക് പ്രധാന കാരണം മേയറായിരുന്ന ആര്യ രാജേന്ദ്രന്റെ ഇടപെടലാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം. തോല്‍വിക്ക് ഇടയാക്കിയത് ആര്യ രാജേന്ദ്രന്‍ മേയര്‍ സ്ഥാനത്ത് ഇരുന്ന് നടത്തിയ ഇടപെടലുകളാണെന്നും പാര്‍ട്ടിക്ക് അനുകൂലമായ നിലപാടുകളല്ല ആര്യ സ്വീകരിച്ചതെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ റിപ്പോര്‍ട്ടിങിനാണ് ജില്ലാ കമ്മിറ്റി യോഗം വിളിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തില്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ആര്യയുടെ അഭാവത്തിലാണ് മുന്‍ കോര്‍പ്പറേഷന്‍ ഭരണത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ഭരണത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും വിമര്‍ശനമുയര്‍ന്നു. കോര്‍പ്പറേഷനിലെ തോല്‍വിക്ക് പ്രധാന കാരണം തെറ്റായ സ്ഥാര്‍നാര്‍ഥി നിര്‍ണയമാണ്. പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാരെ എത്തിക്കുന്നതില്‍ വന്‍ പരാജയം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായെന്നും ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടിട്ടില്ലെന്നായിരുന്നു സിപിഎം വാദം. 2010-ലെ കണക്കുകളടക്കം നിരത്തിക്കൊണ്ടായിരുന്നു സംസ്ഥാന സെക്രട്ടറി അടക്കം തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയെ പ്രതിരോധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ ആര്യാ രാജേന്ദ്രന്‍ സജീവമായിരുന്നില്ല. ആര്യയെ മുന്‍നിര്‍ത്തി മത്സരത്തിനിറങ്ങിയാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജില്ലാ കമ്മിറ്റിയിലും ആര്യയ്‌ക്കെതിരേ വിമര്‍ശനമുയര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലും ആര്യക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആര്യയുടെ പല പ്രവര്‍ത്തനങ്ങളും ജനങ്ങളെ കോര്‍പ്പറേഷന് എതിരാക്കിയെന്നും കോര്‍പ്പറേഷന്‍ ഭരണം ഇടതു പക്ഷത്തിന് നഷ്ടമാകാന്‍ ഒരു കാരണം ഭരണസമിതിയുടെ തെറ്റായ ഭരണമാണെന്നുമായിരുന്നു ഉയര്‍ന്ന വിമര്‍ശനം.
ഏത് പ്രതിസന്ധിയിലും ഇടതുപക്ഷത്തിനൊപ്പം നിന്നിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എല്‍ഡിഎഫിന്റെ കയ്യില്‍നിന്ന് നഷ്ടമായത്. ഇവിടെ ബിജെപി അധികാരം പിടിക്കുകയായിരുന്നു. ശബരിമല വിവാദവും ഇടതു മുന്നണിക്കേറ്റ തിരിച്ചടിക്ക് കാരണമായെന്നും ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
നേരത്തെ തിരുവനന്തപുരം കോര്‍പറേഷന്‍ കൈവിട്ട് പോയതിന് ആര്യ രാജേന്ദ്രനെതിരെ വ്യാപക വിമര്‍ശനം ഉയരുമ്പോഴും ഒന്നും തന്നെ ബാധിക്കില്ലെന്നും ഒരിഞ്ച് പോലും പുറകിലോട്ടില്ലെന്ന സമീപനമായിരുന്നു ആര്യയ്ക്ക്. 'Not an inch back' എന്നെഴുതിയ ആര്യ രാജേന്ദ്രന്റെ വാട്ട്‌സാപ്പ് സ്റ്റാറ്റസാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ തോല്‍വിക്ക് പിന്നാലെ ഇടത് അണികളില്‍ നിന്നുതന്നെ ആര്യക്കെതിരെ വലിയ വിമര്‍ശനമാണ് ഉണ്ടായത്. ആര്യക്ക് നന്ദി പറഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരും പോസ്റ്റുമായി എത്തിയിരുന്നു. പ്രത്യക്ഷത്തില്‍ ഒന്നും പറയുന്നില്ലെങ്കിലും പരോക്ഷമായി ഇതിനെതിരെയാണ് ആര്യയുടെ മറുപടി.
തിരുവനന്തപുരം നഗരസഭയിലെ എല്‍.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മേയര്‍ ആര്യ രാജേന്ദ്രനെ ലക്ഷ്യമിട്ട് കൗണ്‍സിലര്‍ ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആര്യയുടെ പേര് പരാമര്‍ശിക്കാതെയാണ് കൗണ്‍സില്‍ അംഗമായ ഗായത്രി ബാബു എഫ്.ബിയില്‍ കുറിപ്പിട്ടത്. കൗണ്‍സിലിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ഗായത്രി.
ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേര്‍ത്ത് പിടിച്ച കോര്‍പറേഷനാണ് തിരുവനന്തപുരം. കോര്‍പറേഷന്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകി ചേര്‍ന്ന് വേണം പ്രവര്‍ത്തിക്കാന്‍. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാന്‍ മുന്‍പുള്ള മേയര്‍മാര്‍ക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ എല്‍.ഡി.എഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയതെന്നുമാണ് ഗായത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോള്‍ മാത്രമുള്ള അതി വിനയവും ഉള്‍പ്പടെ കരിയര്‍ ബില്‍ഡിനുള്ള കോക്കസാക്കി സ്വന്തം ഓഫിസ് മാറ്റി എടുത്ത സമയം പുറത്ത് വന്നിരിക്കുന്ന നാലാളുകളെ കാണാന്‍ കൂട്ടാക്കിയിരുന്നെങ്കില്‍ ഇത്രയും തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ഗായത്രി ബാബു ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചിരുന്നു.




