കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കൊല്ലം ജില്ലയിലെ ആര്‍.എസ്.പിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി അപൂര്‍വ്വമായ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിനായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ഷിബു ബേബിജോണും രണ്ട് ചേരികളിലായി നിലയുറപ്പിച്ചതോടെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ തര്‍ക്കം. എന്‍.കെ. പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യമാണ് തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. എന്നാല്‍, ഷിബു ബേബിജോണ്‍ പക്ഷം ഇതിനെ ശക്തമായി എതിര്‍ക്കുന്നതോടെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.

സ്വന്തം കുടുംബത്തിനുവേണ്ടി പ്രേമചന്ദ്രന്‍ നിലകൊള്ളുന്നുവെന്ന രൂക്ഷമായ വിമര്‍ശനമാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടി സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം കാര്‍ത്തിക്കിനായി ശക്തമായി വാദിക്കുമ്പോള്‍, ഷിബു ബേബിജോണ്‍ പക്ഷം ഇതിനെ നഖശിഖാന്തം എതിര്‍ക്കുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകളില്‍ ഷിബു ബേബിജോണിനും എന്‍.കെ. പ്രേമചന്ദ്രനും ഒരുപോലെ വിമര്‍ശനമേല്‍ക്കേണ്ടി വന്നു. പാര്‍ട്ടിയെ രണ്ട് വിഭാഗങ്ങളായി തിരിക്കുന്നത് അച്ചടക്കത്തെയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രകടനത്തെയും ബാധിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ചവറയിലെ സ്ഥാനാര്‍ത്ഥി കൂടിയായ ഷിബു ബേബിജോണ്‍ വിഭാഗീയത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് പകരം അതിന് വളം വെക്കുകയാണെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു. ഉച്ചഭക്ഷണത്തിനായി പിരിഞ്ഞിട്ടും തീരുമാനമാകാത്തതിനെത്തുടര്‍ന്ന് സമവായ നീക്കങ്ങള്‍ സജീവമായി.

ഒടുവില്‍ ഇരുകൂട്ടര്‍ക്കും സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായി ആര്‍.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണു മോഹനെ പരിഗണിക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്. കാര്‍ത്തിക് പ്രേമചന്ദ്രന്‍ തല്‍ക്കാലം പിന്മാറാനാണ് സാധ്യത. ഇതിനിടെ മറ്റു മണ്ഡലങ്ങളിലെ കാര്യത്തിലും ധാരണയായി. കുന്നത്തൂരില്‍ ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരും ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനും ജനവിധി തേടും. കൂടാതെ, മട്ടന്നൂര്‍ സീറ്റിന് പകരം കൂടുതല്‍ ജയസാധ്യതയുള്ള മറ്റൊരു മണ്ഡലം യു.ഡി.എഫില്‍ നിന്ന് ആവശ്യപ്പെടാനും ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.