കൊച്ചി: എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് ദീപ്തി മേരി വര്‍ഗീസിനാണ്. കൊച്ചി മണ്ഡലത്തിനായി കടുത്ത അവകാശവാദമുന്നയിക്കുകയും 'സര്‍വ്വം ദീപ്തം' എന്ന പേരില്‍ പ്രചരണ പോസ്റ്ററുകള്‍ വരെ തയ്യാറാക്കുകയും ചെയ്ത ദീപ്തിയെ അവസാന നിമിഷം വെട്ടി നിരത്തുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനാണ് കൊച്ചിയില്‍ നറുക്കുവീണത്.

സതീശന്‍ - കെ.സി പോര്

ദീപ്തി മേരി വര്‍ഗീസിനായി കെ.സി വേണുഗോപാല്‍ ശക്തമായി വാദിച്ചെങ്കിലും വി.ഡി സതീശന്റെ കടുത്ത നിലപാടാണ് ഒടുവില്‍ വിജയിച്ചത്. മുഹമ്മദ് ഷിയാസിനെ തന്നെ മത്സരിപ്പിക്കണമെന്ന സതീശന്റെ നിര്‍ദ്ദേശത്തിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടി. മേയര്‍ സ്ഥാനം ലഭിക്കാത്തതില്‍ നേരത്തെ തന്നെ അതൃപ്തിയിലായിരുന്ന ദീപ്തിക്ക് ഈ നിയമസഭാ സ്ഥാനാര്‍ത്ഥിത്വ നിഷേധം വലിയ ആഘാതമായിരിക്കുകയാണ്. ഇന്ന് രാവിലെ കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലിനെ കണ്ട് പിന്തുണ ഉറപ്പാക്കിയ ശേഷമാണ് ഈ അപ്രതീക്ഷിത തിരിച്ചടി ദീപ്തിയെ തേടിയെത്തിയത്.

എല്‍ദോസ് കുന്നപ്പിള്ളിക്കും നിരാശ

പെരുമ്പാവൂര്‍ സീറ്റ് ഉറപ്പിച്ചിരുന്ന എല്‍ദോസ് കുന്നപ്പിള്ളിയെയും പാര്‍ട്ടി കൈവിട്ടു. പകരം മനോജ് മൂത്തേടനെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടതില്‍ കടുത്ത അമര്‍ഷമുള്ള എല്‍ദോസ്, തന്റെ ഭാവി തീരുമാനം പ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയത് നേതൃത്വത്തിന് തലവേദനയാകുന്നുണ്ട്.

മറ്റു സീറ്റുകളിലെ പ്രമുഖര്‍:

വൈപ്പിന്‍: മുന്‍ മേയര്‍ ടോണി ചമ്മണി മത്സരിക്കും.

തൃപ്പൂണിത്തുറ: ദീപക് ജോയിക്ക് നറുക്കുവീണു.