തൃശൂര്‍: ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്യും. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. ശരത്പ്രസാദ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്നാണ് ഒരു വര്‍ഷത്തേക്ക് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

രണ്ടാഴ്ച മുന്‍പാണ് ശരത്പ്രസാദിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. കേരള ബാങ്ക് വൈസ് ചെയര്‍മാനും സിപിഎം മുന്‍ സംസ്ഥാനസമിതി അംഗവുമായ എം.കെ. കണ്ണന്‍, മുന്‍മന്ത്രിയും എംഎല്‍എയുമായ എ.സി. മൊയ്തീന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരെ ശബ്ദരേഖയില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.

'സിപിഎമ്മില്‍ ആര്‍ക്കാണ് കാശില്ലാത്തത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാവരും കാശുകാരാകും. ജില്ലാ നേതൃത്വത്തിലുള്ള ആര്‍ക്കും സാമ്പത്തിക പ്രശ്നങ്ങളുണ്ടാകില്ല. എന്റെ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കാലത്ത് പിരിവിലൂടെ കിട്ടിയിരുന്നത് പരമാവധി അയ്യായിരം രൂപയാണ്. എന്നാല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമാകുമ്പോള്‍ 25,000 രൂപയും പാര്‍ട്ടി ഭാരവാഹിയാകുമ്പോള്‍ 75,000 മുതല്‍ ഒരു ലക്ഷം രൂപ വരെയും ലഭിക്കും. നേതാക്കള്‍ ഇടപെടുന്നവരുടെ സാമ്പത്തിക നിലവാരത്തിനനുസരിച്ചാണ് പിന്നീട് ജീവിക്കുന്നത്,' ശബ്ദരേഖയില്‍ പറയുന്നു.

എം.കെ. കണ്ണനെക്കുറിച്ച് 'കണ്ണേട്ടനൊക്കെ കോടാനുകോടി സ്വത്താണ്. രാഷ്ട്രീയ കാരണം കൊണ്ട് രക്ഷപ്പെട്ടതാണ്. തൃശ്ശൂരില്‍ കപ്പലണ്ടി കച്ചവടം മാത്രമായിരുന്നു. അങ്ങനെയുള്ള ഡീലര്‍മാരുമായാണ് ഇവര്‍ക്കൊക്കെ ബന്ധം,' എന്നും പരാമര്‍ശമുണ്ട്. എ.സി. മൊയ്തീന്‍ ജില്ലയിലെ ഉന്നത വിഭാഗം ആളുകളുമായി ഇടപെഴകുന്നയാളാണെന്നും ശബ്ദരേഖയില്‍ പറയുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു നേതാവാണ് ഈ ശബ്ദരേഖ പുറത്തുവിട്ടത്. തുടര്‍ന്ന് ശരത്പ്രസാദില്‍ നിന്ന് സിപിഎം വിശദീകരണം തേടിയിരുന്നു. 'ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭാഷണമാണ്' എന്നായിരുന്നു ശരത്പ്രസാദിന്റെ വിശദീകരണം. എന്നാല്‍ ഇത് തൃപ്തികരമല്ലാത്തതിനാലാണ് ഇപ്പോള്‍ നടപടിക്ക് ഒരുങ്ങുന്നത്. പാര്‍ട്ടിക്കുള്ളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇത് സിപിഎമ്മിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.