പാലക്കാട്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം. പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് ഷാഫിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് രംഗത്തുവന്നത്. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും.

സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകര്‍. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീഷിനെ രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് എത്തിയ രാഹുലിനും ഓഫീസിനും സംരക്ഷണം നല്‍കിയത് കോണ്‍ഗ്രസ് നേതൃത്വമാണ്. മരണവീട്ടില്‍ രാഹുലിനെ ആവേശകരമായ സ്വീകരണമാണ് നേതാക്കള്‍ നല്‍കിയത്. രാഹുല്‍ മങ്കൂട്ടത്തിലിനെ പേരിന് പുറത്താക്കുകയും പിന്നിലൂടെ സംരക്ഷണം നല്‍കുകയും ചെയ്യുകയാണ്. വി.ഡി സതീശന്റെ വാക്കിന് പുല്ല് വിലയാണ് കൊടുക്കുന്നത്. രാഹുല്‍ മങ്കൂട്ടത്തില്‍ അഗ്‌നിശക്തി വരുത്തണമെന്ന് ലീഗ് പറയുന്നു.കുഞ്ഞാലികുട്ടിയുടെ കാര്യത്തില്‍ ലീഗ് നേരത്തെ കാണിച്ച അന്തസ് കോണ്‍ഗ്രസ് എന്ത്‌കൊണ്ട് കാണിക്കുന്നില്ലെന്നും ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു.

'പെണ്‍കുട്ടികളുള്ള കോണ്‍ഗ്രസുകാര്‍ രാഹുലിനെ വീട്ടിലേക്ക് ക്ഷണിക്കുമോ?. ആത്മാഭിമാനമുള്ള കോണ്‍ഗ്രസുകാര്‍ വീട്ടിലേക്ക് വരേണ്ട എന്നേ പറയൂ. മുകേഷ് , പി. കെ ശശി എന്നിവര്‍ക്ക് എതിരായ ലൈംഗിക പരാതിയും രാഹുലിന്റെയും ഒന്നായി കാണരുതെന്നും സുരേഷ് ബാബു പറഞ്ഞു.