കണ്ണൂര്‍: പഴയ ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വാര്‍ത്തയാക്കുന്നത് ആസൂത്രിതമാണെന്ന് എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍. മുന്‍പ് നടന്ന ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ ഇടതുപക്ഷത്തെ തകര്‍ക്കാനായി ഇപ്പോള്‍ നടന്നതുപോലെ ആസൂത്രിതമായി ചിത്രീകരിക്കുകയാണെന്നാണ് ഇപി കുറ്റപ്പെടുത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരകമന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

12 കൊല്ലം മുന്‍പ് നടന്ന സംഭവം വരെ മാധ്യമങ്ങള്‍ ഇന്നലെ നടന്നതുപോലെ വാര്‍ത്തയാക്കുന്നത് ആസൂത്രിതമായാണ്. യുഡിഎഫ് ഭരണ സമയത്ത് സംഭവിച്ചത് ഇപ്പോള്‍ നടന്നതുപോലെ ചിത്രീകരിച്ചാണ് വാര്‍ത്ത കൊടുക്കുന്നത്. ഇടതുപക്ഷത്തിനുനേരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ജനം മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം അഞ്ചാറുമാസം മുന്‍പ് കുന്നംകുളത്ത് ഒരു കോണ്‍ഗ്രസ് പ്രാദേശികനേതാവിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ആ നേതാവ് ആറുമാസം മുന്‍പ് എവിടെയായിരുന്നു. എവിടെയെങ്കിലും പരാതികൊടുത്തിട്ടുണ്ടോ എന്ന് ഇ പി ചോദിച്ചു. ഇത് നടക്കുമ്പോള്‍ പ്രതിപക്ഷനേതാവ് എവിടെയായിരുന്നു, കേരളത്തിലില്ലേ. ഡിസിസി പരാതി നല്‍കിയിട്ടുണ്ടോ. ഒരു പരാതിയും എവിടെയും കൊടുത്തിട്ടില്ല. എന്നാല്‍ ആറുമാസത്തിനുശേഷം വലിയ ഭൂകമ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇ പി പറഞ്ഞു.

കുന്നംകുളത്ത് യൂത്ത് കോണ്ര്‍ഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച സംഭവത്തെ കുറിച്ചായിരുന്നു ഇ പിയുടെ ഈ പ്രതികരണം. ആറുമാസത്തിന് മുന്‍പാണെങ്കില്‍ പോലും കുന്നംകുളം പോലീസ് സ്റ്റേഷനിലെ ലോക്കപ്പിനകത്തെ ചില ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ നടപടിയെടുത്തു. നാലുപേരെ സസ്പെന്‍ഡ് ചെയ്തുവെന്നും ഇപി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് ഭരണകാലത്ത് ലോക്കപ്പില്‍ ആളുകളെ തല്ലിക്കൊന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ഒരു പൊലീസ് അതിക്രമത്തെയും അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം, ഞങ്ങള്‍ അനുഭവിച്ചപോലെ പോലീസ് അതിക്രമം അനുഭവിച്ച വേറെയൊരു പാര്‍ട്ടിയില്ലെന്നും ഇ പി പറഞ്ഞു. ഇഎംഎസ് അധികാരത്തില്‍ വന്നതിനുശേഷമാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ ലോക്കപ്പ് മര്‍ദനം അവസാനിപ്പിച്ചത്. എന്നാല്‍ ചില പൊലീസുകാര്‍ പഴയ പൊലീസ് പാരമ്പര്യം മനസ്സില്‍ വെച്ച് ചില അതിക്രമങ്ങള്‍ നടത്തിയേക്കും. അത്തരം അതിക്രമങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കുന്ന സര്‍ക്കാരല്ല ഇതെന്നും ഇ പി വ്യക്തമാക്കി.