ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധത്തില്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടും അത് വേണ്ട വിധത്തില്‍ ഫലം കണ്ടിരുന്നില്ല. ഈ വിമര്‍ശനം തിരിച്ചടിച്ചെങ്കിലും ജമാഅത്തെ വിമര്‍ശനം തുടരാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിന്റെ സൂചനയെന്നോണം ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എളമരം കരീം രംഗത്തുവന്നു.

ജമാഅതെ ഇസ്ലാമി ഇസ്ലാമിക തീവ്രവാദ സംഘടനയെന്ന് എളമരം കരീം വിമര്‍ശിച്ചു. പൊളിറ്റിക്കല്‍ ഇസ്ലാം എന്നുള്ളതാണ് അവരുടെ രാഷ്ട്രീയം. അത് മറ്റു സമുദായിക സംഘടനകള്‍ക്കുള്ളതല്ല. ആര്‍എസ്എസ് ഹിന്ദുത്വ വര്‍ഗീയത ഉയര്‍ത്തുന്നത് പോലെ തന്നെ മുസ്ലീങ്ങള്‍ക്ക് ഇടയില്‍ ഇസ്ലാമിക രാഷ്ട്രം എന്ന് തത്വത്തെ അടിസ്ഥാനപ്പെടുത്തി അവര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ അങ്ങേയറ്റം അപല്‍കരമാണ്. അവര്‍ക്ക് ആകെ കേരളത്തിലെ മുസ്ലിങ്ങളെ ഏകീകരിക്കാന്‍ കഴിയില്ല. 1 ശതമാനത്തില്‍ താഴെ മാത്രം സ്വാധീനമേ അവര്‍ക്കുള്ളൂ. അവര്‍ മതനിരപേക്ഷതയ്ക്കും ഇടതുപക്ഷത്തിനും എതിരായി നടത്തുന്ന പ്രചാരവേലകള്‍ കുറച്ച് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇടയായി. അവരുടെ ഭീഷണി അധികകാലം നിലനില്‍ക്കുമെന്ന് കരുതുന്നില്ല എന്നും എളമരം കരീം പറഞ്ഞു.

നേരത്തെ എം സ്വരാജും ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ലെന്ന് എല്ലാവരും ഓര്‍ക്കണമെന്നും ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസിന്റെ കാര്‍ബണ്‍ കോപ്പിയാണെന്നും സിപിഎം നേതാവ് എം.സ്വരാജ് വിമര്‍ശിച്ചിരുന്നു. 'ജനങ്ങളില്‍ നിന്ന് പഠിക്കും' എന്ന തലക്കെട്ടില്‍ 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തിലാണ് സ്വരാജ് ഇക്കാര്യം പറയുന്നത്.

'നാടിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മുകളില്‍ വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കാനും വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാനുമുള്ള നീക്കം കേവലം തെരഞ്ഞെടുപ്പുകള്‍ക്കപ്പുറം നാടിനെ ദോഷകരമായി ബാധിക്കുമെന്നുറപ്പാണ്. സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് കാലങ്ങളായി സംഘ്പരിവാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഈ കൂട്ടര്‍ മതരാഷ്ട്രവാദത്തിന്റെ പിന്നില്‍ ജനങ്ങളെ അണിനിരത്താനാണ് ശ്രമിക്കുന്നത്.

ആര്‍എസ്എസിന്റെ കാര്‍ബണ്‍ കോപ്പിപോലെ മറുമതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിച്ച് ആര്‍എസ്എസിന് കൂടി വളമാകുന്ന വികല രാഷ്ടീയമാണ് ജമാഅത്തെ ഇസ്ലാമിയും കൂട്ടരും മുന്നോട്ടുവെക്കുന്നത്. ഇതെല്ലാം നാടിന്റെ മതനിരപേക്ഷ അടിത്തറയെ പ്രതികൂലമായി ബാധിക്കും. ഇക്കൂട്ടരുമായെല്ലാം സഖ്യം ഉണ്ടാക്കി താല്‍ക്കാലിക നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് തയ്യാറായത്. ഒരു തദ്ദേശ തെരഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കുന്നില്ലെന്ന് എല്ലാവരും ഓര്‍ക്കണം.

ഒരു തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കിലും അടിയുറച്ച മതനിരപേക്ഷ നിലപാടിലും ജനപക്ഷ രാഷ്ട്രീയത്തിലും വെള്ളം ചേര്‍ക്കാന്‍ ഇടതുപക്ഷം തയ്യാറാകില്ലെന്നും സ്വരാജ് പറഞ്ഞു. ഇതിന് മുമ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത് 2010ലായിരുന്നു. അന്നത്തെ പരാജയം ഇന്നത്തെ തിരിച്ചടിയേക്കാള്‍ ഏറെ കടുത്തതായിരുന്നു. ആ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് പിന്നീട് മഹാവിജയത്തിലേക്ക് എല്‍ഡിഎഫ് നടന്നുകയറിയതെന്നും ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് പരാജയം ചരിത്രത്തിന്റെ അവസാനമല്ലെന്നും സ്വരാജ് ലേഖനത്തില്‍ എഴുതിയിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് ജമാഅത്തെ ഇസ്ലാമിക്ക് ശുദ്ധിപത്രം നല്‍കാനുള്ള തത്രപ്പാടിലാണ് യുഡിഎഫ് നേതാക്കളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. യുഡിഎഫില്‍ നിന്ന് ആളുകള്‍ വലിയ രീതിയില്‍ കൊഴിഞ്ഞുപോവുകയാണ്. ഇതോടെയാണ് അവര്‍ പുതിയ മാര്‍ഗം തേടിയത്. ഏതെങ്കിലും പുതിയ ശക്തിയെ കൂട്ടുകിട്ടുമോ എന്നാണ് അവര്‍ നോക്കുന്നത്. അതിന് ശ്രമിച്ചപ്പോള്‍ ഇന്ന് എത്തി നില്‍ക്കുന്നത് സാധാരണഗതിയില്‍ മുന്നണികളുടെയൊന്നും ഭാഗമാക്കാന്‍ പറ്റാത്ത ചിലരിലാണ്. അത് വര്‍ഗീയ തീവ്രവാദ ശക്തികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോവാന്‍ കാരണം അവരുടെ നിലപാട് തന്നെയാണ്. അവര്‍ തിരഞ്ഞെടുപ്പ് കാര്യങ്ങളില്‍ വിശ്വസിച്ചവരല്ല. രാജ്യത്തിന്റെ പൊതുവായ കാര്യങ്ങളിലും അവര്‍ക്ക് തല്‍പര്യമുണ്ടായിരുന്നില്ല. അവരുടേതായ നിലപാടാണ് അവര്‍ എല്ലാഘട്ടത്തിലും സ്വീകരിച്ചുപോന്നിരുന്നത്. ഇതോടെ വലിയതീയില്‍ നുണപ്രചാരണത്തിന് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.