- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനു തോമസ് വിഷയത്തില്‍ പി ജയരാജന് വീഴ്ച്ച പറ്റിയെന്ന് വിമര്‍ശനം; ജാവദേക്കറുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയ ഇപിയെ ഇരുത്തിപ്പൊരിച്ചു; ഭവിഷത്ത് കാണാതെ പിപി ദിവ്യ ഇടപെടല്‍ നടത്തി; കണ്ണൂര്‍ സമ്മേളനം പിജെയ്ക്കും ഇപിയ്ക്കും തിരിച്ചടിയാകുമോ?
കണ്ണൂര്‍: ഡി. വൈ. എഫ്. ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് പാര്‍ട്ടിക്ക് പുറത്തു പോയ വിഷയത്തില്‍ സി.പി.എം ജില്ലാ സമ്മേളനത്തില്‍ പി.ജയരാജന് പ്രതിനിധി സമ്മേളന ചര്‍ച്ചയില്‍ വിമര്‍ശനം. മുന്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ പി.ജയരാജന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയെ പൊതു സമൂഹത്തിന് മുന്‍പില്‍ സംശയത്തിന്റെ നിഴലിലാക്കിയെന്നാണ് വിമര്‍ശനം. പിജെ എന്ന പി ജയരാജനെ ഈ ആരോപണത്തില്‍ തളയ്ക്കാന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ ശ്രമമുണ്ടാകും. പിജെയെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തില്ലെന്നും സൂചനയുണ്ട്.
സ്വര്‍ണ കടത്ത് സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ചിത്രീകരിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ ശ്രമിച്ചു. മനു തോമസിനെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയത് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത് കാരണമാണെന്ന് ജില്ലാ സെക്രട്ടറി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിട്ടും പി. ജയരാജന്‍ എന്തിന് ആരോപണവുമായി രംഗത്തുറന്നുവെന്ന് മലയോര മേഖലയിലെ പ്രതിനിധികള്‍ ചോദിച്ചു.
ഇതു പിന്നീട് ആകാശ് തില്ലങ്കേരിയും അര്‍ജു ആയങ്കിയും. ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ ഏറ്റുപിടിച്ചത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പയ്യന്നൂരിലെ വിഭാഗീയത പാര്‍ട്ടി ജില്ലാ നേതൃത്വം കൈകാര്യം ചെയ്തത് കമ്യുണിസ്റ്റ് രീതിയില്‍ അല്ലെന്നും ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സംഘടനാ നടപടിക്ക് പകരം ഒത്തുതീര്‍പ്പാണുണ്ടാക്കിയത്. കോം പ്രമൈസ് ചെയ്യുന്നതിനായി നേതാക്കള്‍ക്ക് പയ്യന്നൂരില്‍ തമ്പടിക്കേണ്ടിവന്നു.
ഇതു കമ്യുണിസ്റ്റ് രീതിയല്ല. പയ്യന്നൂരില്‍ പ്രാദേശിക ഗ്രൂപ്പ് പോരാണ് നടത്തിയത്. ഇതിന് വ്യക്തമായ തെളിവുകള്‍ പാര്‍ട്ടിക്ക് കിട്ടി. എന്നാല്‍ അവര്‍ക്കെതിരെ സംഘടനാ നടപടിക്ക് പകരം ഓരോ സ്ഥാനങ്ങള്‍ നല്‍കി ഒത്തുതീര്‍പ്പുണ്ടാക്കി. ടി.ഐ മധുസൂദനന്‍ എം.എല്‍ എ യ്‌ക്കെതിരെ ഗ്രൂപ്പ് തിരിഞ്ഞ് സംഘടിത നീക്കം ഉണ്ടായെന്നും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും തരംതാഴ്ത്താന്‍ ഇതു കാരണമായെന്നും പ്രതിനിധികളില്‍ ചിലര്‍ വിമര്‍ശിച്ചു.
.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതു സംബന്ധിച്ചുള്ള വിലയിരുത്തലില്‍ കണ്ണൂര്‍ എ . ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും കടന്നുവന്നിട്ടുണ്ട്. ഈ വിഷയത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ പി.പി ദിവ്യ ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം പാര്‍ട്ടിക്കെതിരെ തിരിക്കാന്‍ ചില വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടത്തി. ഇതോടെയാണ് കുടുംബത്തിന് പിന്‍തുണ പ്രഖ്യാപിച്ചു പി.പി ദിവ്യയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഭരണപരമായ പദവികളില്‍ ഒഴിവാക്കിയത്.
ഈ വിഷയത്തില്‍ പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് നിന്നത്. തുടക്കത്തിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡ് അതായിരുന്നു അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ മൃതദേഹത്തെ അനുഗമിച്ച് കാറില്‍ പാര്‍ട്ടി നേതാക്കള്‍ പത്തനംതിട്ടയിലേക്ക് അനുഗമിച്ചതെന്ന് എം.വി ജയരാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പതിനെട്ടാം പേജില്‍ പറയുന്നു. പി.പി ദിവ്യ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ പോയി പ്രസംഗിച്ചത് സദുദ്ദ്യേശ പരമാണെങ്കിലും അതിന്റെ ഭവിഷ്യത്തുകള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല അധികാര സ്ഥാനത്തിരിക്കുമ്പോള്‍ പാര്‍ട്ടി നേതാക്കള്‍ പരസ്യ വിമര്‍ശനം നടത്തുന്നത് ജാഗ്രതയോടെ വേണം.
എന്നാല്‍ ഒരു സഖാവിന് വീഴ്ച്ച വന്നാല്‍ അതു തിരുത്തി കൊണ്ടുപോവുകയാണ് പാര്‍ട്ടി ശൈലിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തു വരുന്ന കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപി ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം വെളിപ്പെടുത്തിയത് പാര്‍ട്ടിക്ക് തിരിച്ചടിയായി. നിരുത്തരവാദപരമായാണ് പലപ്പോഴും ഇപിയുടെ പ്രസ്താവനകള്‍. തെരഞ്ഞെടുപ്പ് വേളകളില്‍ ഇപിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും നിരുത്തരവാദപരമായ പ്രസ്താവനകള്‍ പുറത്തുവരാറുണ്ടെന്നും സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ഭരണ വിരുദ്ധ വികാരം മാത്രമാണ് പരാജയ കാരണമെന്ന് പറയാന്‍ കഴിയില്ല. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത് തിരിച്ചടിയായി. കണ്ണൂരില്‍ എം.വി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തകര്‍ക്ക് പോലും ദഹിച്ചിരുന്നില്ല. ഒരു വിഭാഗം നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടു നിന്നു. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജയരാജന്റേത് കനത്ത തോല്‍വിയായിരുന്നുവെന്ന് സമ്മേളന പ്രതിനിധികള്‍ ചുണ്ടിക്കാട്ടി.
സ്വന്തം മണ്ഡലത്തിന്‍ നിന്നു പോലും ജയരാജന് വേണ്ടത്ര വോട്ടുകള്‍ കിട്ടിയില്ല പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ബൂത്തില്‍ നിന്നും. 64 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഇതു എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു.