- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസിക്കല്‍ ഫാസിസത്തിന്റെ തുടര്‍ച്ചയല്ല ഇന്ത്യയിലുള്ളത്; ഇവിടെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടം; പ്രവണതാവാദികള്‍ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് രീതിക്ക് പൊതുസമ്മതി നല്‍കിയെന്ന വിമര്‍ശനവും; ഫാസിസത്തില്‍ സിപിഎമ്മിനെ തുറന്നെതിര്‍ക്കാന്‍ സിപിഐ; ഇനി ഇടതുപക്ഷത്ത് താത്വികാവലോകന കാലം!
തിരുവനന്തപുരം: 'ഫാസിസത്തിലെ' സിപിഎം നിലപാട് സിപിഐ അംഗീകരിക്കില്ല. മുന്‍ നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കും. മോദി സര്‍ക്കാരും ആര്‍ എസ് എസും സിപിഐയക്ക് ഫാസിസ്റ്റുകളായി തുടരും. മോദിസര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാനാവില്ലെന്ന സിപിഎമ്മിന്റെ വാദത്തെ നിശിതമായി വിമര്‍ശിക്കുകയാണ് സിപിഐ. പാര്‍ട്ടി മുഖമാസികയായ നവയുഗം. സിപിഐയുടെ മുഖമാസികയില്‍ 'ഫാസിസം ഒരു സംവാദം' എന്നപേരില്‍ നാലുലേഖനങ്ങളിലായാണ് സിപിഎം വാദത്തെ സിപിഐ ഖണ്ഡിക്കുന്നത്. ഫാസിസത്തിന്റെ പ്രവണതമാത്രമാണ് കേന്ദ്രഭരണകൂടം കാണിച്ചുതുടങ്ങിയതെന്ന സിപിഎമ്മിന്റെ വാദത്തെ ഉയര്‍ത്തിക്കാണിച്ച്, പ്രവണതാവാദികള്‍ എന്നാണ് നവയുഗത്തിന്റെ എഡിറ്റര്‍കൂടിയായ ആര്‍. അജയന്‍ സിപിഎമ്മിനെ പരോക്ഷമായി വിശേഷിപ്പിക്കുന്നത്. പ്രവണതാവാദികള്‍ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് രീതിക്ക് പൊതുസമ്മതി നല്‍കിയിരിക്കുകയാണെന്ന കുറ്റപ്പെടുത്തലും സിപിഐ മാസിക നല്‍കുന്നു.
ഫാസിസത്തെക്കുറിച്ചുള്ള സംവാദം സി.പി.എമ്മില്‍ പുതിയതല്ലെങ്കിലും മോദി സര്‍ക്കാരിനെ വിലയിരുത്തുന്നതിലുള്ള ഇപ്പോഴത്തെ മൃദുസമീപനം സിപിഎമ്മിലെ നേതൃമാറ്റത്തിന്റെ പ്രതിഫലനം എന്ന വിലയിരുത്തല്‍ സജീവമാണ്. മോദി സര്‍ക്കാരിനെ 'ഫാസിസ്റ്റിക് പ്രവണതയുടെ ആവിര്‍ഭാവഘട്ടമായി 2018-ലെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വിലയിരുത്തിയത് രണ്ടുവര്‍ഷത്തെ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തിനൊടുവിലായിരുന്നു. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും വിരുദ്ധചേരികളില്‍ നിന്നായിരുന്നു തര്‍ക്കം. ബി.ജെ.പി.യെ സ്വേച്ഛാധിപത്യസര്‍ക്കാരെന്നു കാരാട്ടും ഫാസിസ്റ്റെന്ന് യെച്ചൂരിയും വാദിച്ചു. ബി.ജെ.പി.യെ നേരിടാനുള്ള മതേതര-ജനാധിപത്യസഖ്യത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടണമോ എന്നതായിരുന്നു തര്‍ക്കങ്ങളിലെ കാതലായ പ്രശ്നം. യെച്ചൂരിയുടെ വാദം അംഗീകരിച്ച് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് രാഷ്ട്രീയപ്രമേയം പാസാക്കി. അന്ന് കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ത്ത പ്രകാശ് കാരാട്ട് ഇപ്പോള്‍ പി.ബി. കോ-ഓര്‍ഡിനേറ്ററായിരിക്കേയാണ് മോദി സര്‍ക്കാരിനെ ഫാസിസ്റ്റെന്നു വിളിക്കാനാവില്ലെന്ന സമീപനം. കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കുന്ന കേരള ഘടകമാണ് അന്നും ഇന്നും കാരാട്ടിന്റെ പിന്‍ബലം. ഏപ്രിലില്‍ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചര്‍ച്ചയ്ക്കു ചൂടേറ്റുന്നതാണ് മോദി സര്‍ക്കാരിനെ ഫാസിസ്റ്റെന്നോ നവഫാസിസ്റ്റെന്നോ വിളിക്കാനാവില്ലെന്നുള്ള വാദമുഖം. ഇതിനിടെയാണ് സിപിഐ നിലപാട് തുറന്നു പറയുന്നത്.
കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റ് സര്‍ക്കാരാണെന്നും മറിച്ചൊരഭിപ്രായമുണ്ടെങ്കില്‍ സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തേ പ്രതികരിച്ചിരുന്നു. സിപിഐ വേറെ പാര്‍ട്ടിയാണെന്നും ഹിറ്റ്ലറും മുസോളിനിയും നടത്തിയപോലുള്ള ഫാസിസ്റ്റ് രീതി ഇന്ത്യയിലുണ്ടോയെന്നുമായിരുന്നു അതിന് സിപിഎം നേതാക്കളുടെ മറുപടി. ഇതിനാണ് മാസികയിലൂടെ മറുപടി നല്‍കുന്നത്. ഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസിക്കല്‍ ഫാസിസത്തിന്റെ തുടര്‍ച്ചയല്ല ഇന്ത്യയിലുള്ളത്. ഇവിടെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടമാണെന്ന് ആര്‍. അജയന്‍ ചൂണ്ടിക്കാട്ടുന്നു. സിപിഐയുടെ രാഷ്ട്രീയസൈദ്ധാന്തികനായ അനില്‍ രജീംവാലെ, ഫാസിസവും നവഫാസിസവും ഇന്നത്തെ സാഹചര്യത്തില്‍ എന്നപേരിലെഴുതിയ ലേഖനത്തിലും കേന്ദ്രസര്‍ക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കാനുള്ള സിപിഎമ്മിന്റെ മടിയെ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയില്‍ ശക്തമായ ഒരു പാര്‍ലമെന്ററി ജനാധിപത്യസംവിധാനം ഉള്ളതിനാല്‍, അതില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ ഭരണകൂടത്തിലേക്കും സമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും പടിപടിയായി നുഴഞ്ഞുകയറുന്ന രീതി ഉപയോഗിക്കുന്നു. ഇത് നവഫാസിസമല്ല. ഇത് വര്‍ഗീയ-ഫാസിസത്തിന്റെ വ്യത്യസ്തമായ ഫാസിസ്റ്റ് അജന്‍ഡയുടെ പ്രവര്‍ത്തനമാണെന്ന് സിപിഐ പറയുന്നു.
അഡ്വ പ്രകാശ് ബാബുവും ഫാസിസത്തിലെ സിപിഎം ഇരട്ടത്താപ്പിനെതിരെ ലേഖനം എഴുതി കഴിഞ്ഞു. നാവ് പുറത്തേക്ക് നീട്ടിയുള്ള ഒരു മഴുവിനു ചുറ്റുമായി ഏതാനും ഇരുമ്പ് ദണ്ഡുകള്‍ കൂട്ടിക്കെട്ടിയുള്ള രൂപമാണ് ഫാസിസോ അഥവാ ഫാഷസ്. പുരാതന റോമില്‍ വധശിക്ഷ വിധിക്കുന്ന ന്യായാധിപന്മാരുടെ നീതിപീഠത്തിനു സമീപം ഈ മരണദണ്ഡ് വയ്ക്കുമായിരുന്നു. ഇറ്റലിയിലെ ഏകാധിപതിയായിരുന്ന ബനിറ്റോ മുസോളിനി 1915ല്‍ ഫാഷസ് ഓഫ് റവല്യൂഷണറി ആക്ഷന്‍ എന്ന സംഘടന രൂപീകരിച്ചു. പിന്നീട് 1919ല്‍ ഇറ്റാലിയന്‍ ഫാഷന്‍ ഓഫ് കോംബാറ്റ് ഇറ്റലിയിലെ മിലാനില്‍ സ്ഥാപിച്ചു. മുസോളിനിയുടെ ഈ സംഘടനയാണ് രണ്ട് വര്‍ഷത്തിനു ശേഷം ''നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടി'' ആയി മാറിയത്. ഏകാധിപത്യം, വംശീയ ഷോവനിസം, അമിത മിലിട്ടറി കേന്ദ്രീകൃത ഭരണരീതി, വീരാരാധന, അമിത ദേശീയവാദം ഇതെല്ലാം ഫാസിസത്തിന്റെ മുഖമുദ്രകളാണ്. ഫാസിസത്തെ നിരവധി ലോകരാഷ്ട്ര നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് തൊഗ്ലിയാത്തി (പാമിറോ തൊഗ്ലിയാത്തി-1893-1964) നല്‍കിയ നിര്‍വചനമാണ് കൂടുതല്‍ യോജിക്കുന്നത്. ''ഏറ്റവും പിന്തിരിപ്പനും ഏറ്റവും പ്രകടമായ ദേശീയ വര്‍ഗീയവാദപരവും ഏറ്റവും ഭീകരവാദ - സാമ്രാജ്യത്വപരവുമായ ധനമൂലധന ഘടകങ്ങളുടെ തുറന്ന സ്വേച്ഛാധിപത്യവുമാണ് ഫാസിസം.'' തൊഗ്ലിയാത്തി നല്‍കിയ ഈ വിശദീകരണം മുസോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിക്കും, അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിക്കും എത്രത്തോളം യോജിക്കുമോ അത്രയും തന്നെ ഇന്ത്യയിലെ കേന്ദ്രഭരണകൂടത്തെ നിയന്ത്രിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും യോജിക്കുന്നതാണ്-ഇതായിരുന്നു പ്രകാശ് ബാബു വിശദീകരിച്ചത്.
വര്‍ത്തമാനകാല ഇന്ത്യന്‍ ഫാസിസം-അഡ്വ. കെ പ്രകാശ്ബാബു എഴുതി ലേഖനം ചുവടെ
നാവ് പുറത്തേക്ക് നീട്ടിയുള്ള ഒരു മഴുവിനു ചുറ്റുമായി ഏതാനും ഇരുമ്പ് ദണ്ഡുകള്‍ കൂട്ടിക്കെട്ടിയുള്ള രൂപമാണ് ഫാസിസോ അഥവാ ഫാഷസ്. പുരാതന റോമില്‍ വധശിക്ഷ വിധിക്കുന്ന ന്യായാധിപന്മാരുടെ നീതിപീഠത്തിനു സമീപം ഈ മരണദണ്ഡ് വയ്ക്കുമായിരുന്നു. ഇറ്റലിയിലെ ഏകാധിപതിയായിരുന്ന ബനിറ്റോ മുസോളിനി 1915ല്‍ ഫാഷസ് ഓഫ് റവല്യൂഷണറി ആക്ഷന്‍ എന്ന സംഘടന രൂപീകരിച്ചു. പിന്നീട് 1919ല്‍ ഇറ്റാലിയന്‍ ഫാഷന്‍ ഓഫ് കോംബാറ്റ് ഇറ്റലിയിലെ മിലാനില്‍ സ്ഥാപിച്ചു. മുസോളിനിയുടെ ഈ സംഘടനയാണ് രണ്ട് വര്‍ഷത്തിനു ശേഷം ''നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടി'' ആയി മാറിയത്. ഏകാധിപത്യം, വംശീയ ഷോവനിസം, അമിത മിലിട്ടറി കേന്ദ്രീകൃത ഭരണരീതി, വീരാരാധന, അമിത ദേശീയവാദം ഇതെല്ലാം ഫാസിസത്തിന്റെ മുഖമുദ്രകളാണ്.
ഫാസിസത്തെ നിരവധി ലോകരാഷ്ട്ര നേതാക്കള്‍ വിശദീകരിച്ചിട്ടുണ്ടെങ്കിലും ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് തൊഗ്ലിയാത്തി (പാമിറോ തൊഗ്ലിയാത്തി-1893-1964) നല്‍കിയ നിര്‍വചനമാണ് കൂടുതല്‍ യോജിക്കുന്നത്. ''ഏറ്റവും പിന്തിരിപ്പനും ഏറ്റവും പ്രകടമായ ദേശീയ വര്‍ഗീയവാദപരവും ഏറ്റവും ഭീകരവാദ - സാമ്രാജ്യത്വപരവുമായ ധനമൂലധന ഘടകങ്ങളുടെ തുറന്ന സ്വേച്ഛാധിപത്യവുമാണ് ഫാസിസം.'' തൊഗ്ലിയാത്തി നല്‍കിയ ഈ വിശദീകരണം മുസോളിനിയുടെ ഫാസിസ്റ്റ് പാര്‍ട്ടിക്കും, അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിക്കും എത്രത്തോളം യോജിക്കുമോ അത്രയും തന്നെ ഇന്ത്യയിലെ കേന്ദ്രഭരണകൂടത്തെ നിയന്ത്രിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കും യോജിക്കുന്നതാണ്.
മുസോളിനിയുടെ ഫാസിസ്റ്റ് സൈദ്ധാന്തികര്‍ വിദ്യാഭ്യാസമേഖലയും വാര്‍ത്താവിതരണ ശൃംഖലയും കീഴ്‌പ്പെടുത്തി ഫാസിസത്തിന്റെ പ്രചാരണം ശക്തമാക്കുകയാണ് ആദ്യം ചെയ്തത്. ജര്‍മ്മന്‍ ഫാസിസ്റ്റുകളായ നാസികള്‍ക്കും രണ്ടു മുഖ്യ സിദ്ധാന്തങ്ങളുണ്ടായിരുന്നു. ഒന്ന് ശുദ്ധമായ ആര്യ വംശീയതയ്ക്ക് മേല്‍ക്കോയ്മയുണ്ട്, രണ്ട് കീഴടക്കാനാകാത്തത്ര നേതൃത്വ പാടവം നാസികള്‍ പ്രകടിപ്പിക്കണം. നാസികള്‍ പ്രചരിപ്പിച്ചത് 'ഹിറ്റ്‌ലറെ ദൈവം അയച്ചതാണ്, അദ്ദേഹം ദൈവത്തിന്റെ അവതാരമാണെങ്കിലും ദൈവപുത്രനെക്കാള്‍ ശക്തനാണ്' എന്നായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്നത് അദ്ദേഹത്തെയും ദൈവം അയച്ചതാണെന്നാണ്.
ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും അമിത സൈനികവല്‍ക്കരണവും ഏകാധിപതികളുടെ വാഴ്ത്തുപാട്ടുകളും അനുയായികളില്‍ വീരാരാധനാ മനോഭാവം വളര്‍ത്തി. ഇവര്‍ രണ്ടുപേരുടെയും സൈദ്ധാന്തിക പരിവേഷമണിഞ്ഞ സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യയില്‍ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതുമായ അമിത ദേശീയതാ വികാരവും ഹിന്ദുത്വ പ്രചരണങ്ങളും രണ്ടാം ലോകയുദ്ധത്തിനു മുമ്പുള്ള ഇറ്റലിയെയും ജര്‍മ്മനിയെയും ഓര്‍മ്മിപ്പിക്കുന്നതാണ്. അവരില്‍ നിന്നും കുറച്ചുകൂടി തന്ത്രപരമായ സമീപനങ്ങള്‍ ഇവിടെ സ്വീകരിക്കുന്നു എന്നു മാത്രമേയുള്ളൂ. ആര്‍എസ്എസിന്റെ മാനിഫെസ്റ്റോ ആയ ഗോള്‍വാള്‍ക്കറുടെ വിചാരധാരയില്‍ കൃത്യമായി ''ഭാരതത്തിന്റെ ദേശീയ ജീവിതം ഹിന്ദു ദേശീയ ജീവിതമാണ്'' എന്നും വ്യക്തമാക്കുന്നുണ്ട്. ഹിന്ദു മാത്രമാണിവിടെ, ഈ മണ്ണിന്റെ മകനായി ജീവിച്ചു പോന്നതെന്നാണിതിന്റെ അര്‍ത്ഥമെന്നും മറ്റൊരു സന്ദര്‍ഭത്തില്‍ വിവരിക്കുന്നു.
ഇന്ത്യയിലെ ജാതിവ്യവസ്ഥയെ സംബന്ധിച്ചും ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ വിവരിക്കുന്നുണ്ട്. ''ജാതികള്‍ പ്രാചീന കാലത്തുണ്ടായിരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ സമുജ്വല രാഷ്ട്ര ജീവിതത്തില്‍ തുടരുകയും ചെയ്തു. സമൂഹത്തിന്റെ പുരോഗതിയെ അതു തടസപ്പെടുത്തിയതിനോ ഐക്യത്തെ ശിഥിലമാക്കിയതിനോ ഒരൊറ്റ ഉദാഹരണവും കാണില്ല. നമ്മുടെ ദൗര്‍ബല്യത്തിന്റെ മൂലകാരണം ജാതിവ്യവസ്ഥയായിരുന്നെങ്കില്‍ ജാതികളില്ലാതിരുന്ന ജനതകളെക്കാള്‍ എത്രയോ എളുപ്പത്തില്‍ നാം വിദേശീയാക്രമണത്തിന് വിധേയരായിത്തീരുമായിരുന്നു. പക്ഷെ ചരിത്രം എന്തു പറയുന്നു?'' തുടര്‍ന്ന് ''മുഹമ്മദ് നബിയുടെ ആളുകള്‍ ഇറാന്‍, ഈജിപ്ത്, റോം, യൂറോപ്പ് തുടങ്ങിയ സാമ്രാജ്യങ്ങള്‍ കീഴടക്കി. ചൈനയുടെ അതിര്‍ത്തിവരെ അവര്‍ എത്തിയില്ലേ. ആ രാജ്യങ്ങളിലൊന്നും ജാതിയില്ലായിരുന്നല്ലോ'' എന്ന വ്യാഖ്യാനവും അദ്ദേഹം നടത്തുന്നു. പട്ടികജാതി - വര്‍ഗ വിഭാഗങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നത് അവരെ അടിമകളാക്കുന്നതിന് തുല്യമാണെന്നും വിചാരധാരയില്‍ വിശദീകരിക്കുന്നു. ഇന്ത്യയില്‍ മോഡി സര്‍ക്കാരിനെ നയിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നതും ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നതുമായ അക്രമങ്ങളും കൊലപാതകങ്ങളും ആ വിഭാഗം ജനങ്ങളെ ഭയവിഹ്വലരായി നിര്‍ത്തുകയാണ്.
2018ലെ ഭീമ കൊറെഗാവ് സംഭവവുമായി ബന്ധപ്പെട്ട് ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ഭരണകൂട ഫാസിസത്തിന്റെ ഇരകളാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചും യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ചും അഴിക്കുള്ളിലാക്കിയ എതിര്‍ശബ്ദങ്ങളുടെ പട്ടിക എത്രയോ ബൃഹത്തും ഭീകരവുമാണ്. മാധ്യമപ്രവര്‍ത്തകരുടെ എണ്ണം ഇതിനും പുറമെയാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റിനെ നിര്‍ജീവമാക്കി. പ്രതിപക്ഷത്തെ 146 എംപിമാരെ സസ്‌പെന്റു ചെയ്തു പുറത്തു നിര്‍ത്തി നിയമനിര്‍മ്മാണവും സര്‍ക്കാര്‍ ബിസിനസുകളും നിര്‍വഹിച്ച മോഡിസര്‍ക്കാര്‍ ഇന്ത്യന്‍ പാര്‍ലമെന്ററി വ്യവസ്ഥിതിയില്‍ ഏല്പിച്ച കറുത്ത പാട് ജനാധിപത്യത്തില്‍ മറക്കാന്‍ കഴിയുമോ.
പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്ന 1991ലെ നിയമം ഉള്‍പ്പെടെ പലതിനെയും അപ്രസക്തമാക്കി, മുസ്ലിം ആരാധനാലയങ്ങളെ സംഘ്പരിവാറുകാര്‍ സംസ്ഥാന ഭരണകൂടങ്ങളുടെ സഹായത്തോടെ കൈവശപ്പെടുത്തുന്നത് ''ഹിന്ദുത്വ ദേശീയതയുടെ'' പുനരാവിഷ്‌കാരത്തിനുവേണ്ടിയാണ്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ നിയമിക്കുന്നതിന് പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക നിയമം ഇല്ലാതിരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് പരമോന്നത നീതിപീഠം നല്‍കിയ ഉത്തരവുകളെ കാറ്റില്‍പ്പറത്തി പുതിയ നിയമം നിര്‍മ്മിക്കാന്‍ ഫാസിസ്റ്റുകള്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക. മണിപ്പൂരിലെ രണ്ടു വിഭാഗം ജനങ്ങള്‍ വംശീയതയുടെ പേരില്‍ തമ്മില്‍ത്തല്ലി ജീവനും മനുഷ്യനിര്‍മ്മിത സ്വത്തുക്കളും വ്യാപകമായി നശിപ്പിച്ചപ്പോള്‍ സമാധാനത്തിന്റെ സന്ദേശം പോയിട്ട് ഒന്നു തിരിഞ്ഞുപോലും നോക്കാത്ത മനോഭാവം ഫാസിസ്റ്റ് ഭരണകൂടത്തിനല്ലാതെ മറ്റാര്‍ക്കാണ് കാണുക. പട്ടിണിയും ദാരിദ്ര്യവും പ്രാചീനഭാരതത്തിലും ഉണ്ടായിട്ടുണ്ടെന്നു വിശദീകരിക്കുകയും സാമ്പത്തിക അസമത്വം രാഷ്ട്രജീവിതത്തെ ബാധിക്കുകയില്ലായെന്നുമുള്ള വാദം ഫാസിസ്റ്റുകള്‍ക്കല്ലാതെ ആര്‍ക്കാണുള്ളത്. തന്റെ വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരിക്കുന്നതുപോലെ ''വികൃതമായി സങ്കല്പിച്ച ഫെഡറല്‍ ഭരണഘടന ഉറച്ച കയ്യോടെ മാറ്റി, ഏക ഘടക ഭരണഘടനയെന്ന ശരി'' തീരുമാനിക്കുന്ന ഈ ഭരണകൂടത്തിന്റെ സ്വഭാവം ഫാസിസമാണ്. ''നമ്മുടെ ഏകീകൃത മൈത്രിക്ക് ഭംഗം വരുത്താന്‍ പ്രാദേശികവും വിഭാഗവും ഭാഷാപരവുമായ വ്യത്യാസങ്ങളെ അനുവദിച്ചുകൂടാ. അതിനായി നമ്മുടെ ഭരണഘടനയിലുള്ള ഫെഡറലിസം സംബന്ധിച്ച എല്ലാ ചര്‍ച്ചകളും ആഴത്തില്‍ കുഴിച്ചു മൂടുക, ഒരു ദേശം, ഒരു രാഷ്ട്രം, ഒരു നിയമസഭ, ഒരു നിര്‍വഹണ വിഭാഗം എന്നിങ്ങനെ ഉദ്‌ഘോഷിക്കുക'' എന്നുകൂടി വിചാരധാരയില്‍ പറയുന്നുണ്ട്. ഇതല്ലേ ഫാസിസം.
സാമ്രാജ്യത്വ ശക്തികളുടെയും അവയുടെ ഭാഗമായ കോര്‍പറേറ്റ് കമ്പനികളുടെയും ദാസന്മാരായി മാറിയ മോഡി സര്‍ക്കാര്‍ ധാതുസമ്പത്തുക്കളാല്‍ ധന്യമായ ഇന്ത്യയുടെ വനഭൂമിയും കടലും ജനവികാരം മാനിക്കാതെ സാമ്രാജ്യത്വശക്തികള്‍ക്ക് കാഴ്ചവയ്ക്കുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാര ബോധത്തെയുമാണ് ഫാസിസ്റ്റുകള്‍ അടിയറവയ്ക്കുന്നത്. അതേ സാമ്രാജ്യത്വ യജമാനന്മാര്‍ ഇന്ത്യന്‍ ജനതയെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കാലില്‍ ചങ്ങലയിട്ട്, കൈകളില്‍ വിലങ്ങണിയിച്ച് രാജ്യത്തേക്ക് കയറ്റിവിടുമ്പോള്‍ ദാസനായി തലകുമ്പിട്ടിരിക്കാനല്ലേ ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യയിലെ വര്‍ത്തമാനകാല ഫാസിസം സാമ്രാജ്യത്വ ശക്തികളുടെയും ഉപോല്പന്നമായ ചങ്ങാത്ത മുതലാളിത്തത്തിന്റെയും കൂടിയുള്ള പ്രകടിതരൂപമാണ്.