- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഹമ്മദ് റിയാസിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ സീറ്റു കൊടുത്തപ്പോഴും ചെന്താരകത്തെ തഴഞ്ഞു; കേന്ദ്ര കമ്മറ്റിയില്‍ എത്തുമെന്ന അണികളുടെ മോഹവും മധുരയില്‍ കെട്ടടങ്ങി; പി ജെ ഫാന്‍സുകാര്‍ കടുത്ത രോഷത്തില്‍; 'തൂണിലും തുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ്'; പി ജയരാജനെ വാനോളം പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്ലക്സ് ബോര്‍ഡ്
പി ജയരാജനെ വാനോളം പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്ലക്സ് ബോര്‍ഡ്
കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ സമാപിച്ചതിന് പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗംപി .ജയരാജനെ പുകഴ്ത്തി ചക്കരക്കല്‍ മേഖലയില്‍ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള സഖാവ് എന്ന വാചകത്തിനൊപ്പം ജയരാജന്റെ ചിത്രവുമുള്ള ഫ്‌ലെക്‌സുകളാണ് ചക്കരക്കല്ലില്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം ശക്തികേന്ദ്രങ്ങളായ കാക്കോത്ത്, ആര്‍ വി മെട്ട ഭാഗങ്ങളിലാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെ ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ കണ്ടത്. റെഡ് യങ്സ് കക്കോത്ത് എന്ന പേരിലാണ് ബോര്‍ഡ്. ഇക്കാര്യത്തില്‍ സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഞായറാഴ്ച്ച മധുരയില്‍ സമാപിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തിലുള്ള പ്രതിഷേധമാണ് ഫ്‌ലെക്‌സ് ബോര്‍ഡിന് പിന്നിലെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സമ്മേളനത്തില്‍ പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജില്ലയിലെ പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളില്‍ സമാനമായ പോസ്റ്റിട്ടിരുന്നു. പി ജയരാജനെ പൂര്‍ണമായും പാര്‍ട്ടി തഴയുന്നതിന്റെ അസ്വസ്ഥത പാര്‍ട്ടി അണികള്‍ക്കിടയിലുണ്ട്. സംസ്ഥാന സിപിഎമ്മിലും കേന്ദ്ര നേതൃത്വത്തിലും എത്താതെ ജയരാജനെ തഴയുന്ന സമീപനമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. ഇതില്‍ അതൃപ്തി ശക്തമാണ്.
മുന്‍പ് ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പി ജയരാജനെ വാഴ്ത്തുന്ന സ്തുതി ഗീതങ്ങളും പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ഇത് വ്യക്തി ആരാധാന എന്ന നിലയില്‍ ജയരാജനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിനും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നിഷേധിക്കാനും കാരണമായത്.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ തഴഞ്ഞതിന് പിന്നാലെ കേന്ദ്ര കമ്മിറ്റിയംഗത്വത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ പി.ജെ ആരാധകര്‍ക്കിടെയില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ജയരാജന്‍ അനുകൂലികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രായപരിധി മാനദണ്ഡം മൂലം ഇനിയൊരു അവസരം ജയരാജനില്ല എന്നതു കൊണ്ട് തന്നെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. ഇതോടെ ജില്ലാ നേതൃത്വം അതീവ ജാഗ്രത പുലര്‍ത്തി. പ്രതിഷേധം അതിരുവിടാതിരിക്കാനും പരസ്യമായ വിമര്‍ശനങ്ങളിലേക്ക് കടക്കാതിരിക്കാനും പ്രത്യേക ശ്രദ്ധപുലര്‍ത്തി. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിലും അവഗണിക്കപ്പെട്ടതോടെ പരസ്യമായ പ്രതിഷേധവുമായി ജയരാജന്‍ അനുകൂലികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് പരിധിവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് സിപിഎം നേതൃത്വം.
എം വി ജയരാജന്‍ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പുതിയ ആള്‍ വേണ്ടി വരും. ഈ സ്ഥാനത്തും ജയരാജനെ തഴയുമെന്നാണ് സൂചനയുള്ളത്. കണ്ണൂരിലെ പാര്‍ട്ടിയുടെ നിര്‍ണായക ചാലകശക്തികളായിരുന്നു ജയരാജന്മാര്‍ എന്നറിയപ്പെട്ടിരുന്നു ഇ.പി.ജയരാജന്‍, പി.ജയരാജന്‍, എം.വി.ജയരാജന്‍ എന്നിവര്‍. ഇതില്‍ പാര്‍ട്ടിയിലെ സീനിയോരിറ്റി പരിഗണിച്ചാല്‍ ഇ.പിക്ക് തൊട്ടുതാഴെ പി.ജയരാജനാണ്. അദ്ദേഹത്തിന് സെക്രട്ടേറിയറ്റ് പ്രതിനിധി എന്ന പദവി എന്നന്നേക്കുമായി അന്യമായിരുന്നു.
പി.ജയരാജനെ സംബന്ധിച്ച് സി.പി.എം. സംസ്ഥാന സമിതി അംഗം എന്ന മേല്‍വിലാസത്തില്‍ തന്നെ തുടരാനാണ് പാര്‍ട്ടി വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ 72 വയസുള്ള പി.ജയരാജന് അടുത്ത സമ്മേളന കാലഘട്ടമാകുന്നതോടെ 75 വയസ് പിന്നിടുകയും ചെയ്യും. പ്രായപരിധി മാനദണ്ഡം കര്‍ശനമായി തുടരുമെന്ന പാര്‍ട്ടി നിലപാട് ആവര്‍ത്തിക്കുന്നത് കൊണ്ടുതന്നെ സി.പി.എം. സംസ്ഥാന സമിതിയില്‍ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിലേക്കുള്ള ഒരു പ്രമോഷന്‍ അദ്ദേഹത്തിന് ഇനി ലഭിക്കില്ലെന്ന് ഉറപ്പാണ്.
ജയരാജന്മാരിലെ സീനിയോരിറ്റി പരിഗണിച്ചാല്‍ ഇ.പി. ജയരാജന്‍ കഴിഞ്ഞാല്‍ പിന്നെ പി.ജയരാജനാണ്. എന്നാല്‍, മൂന്നാം സ്ഥാനത്തുള്ള എം.വി.ജയരാജന്‍ ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രതിനിധിയായി എത്തിയിട്ടുണ്ട്. പി.ജയരാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കുന്ന വേളയില്‍ അദ്ദേഹത്തെ പുകഴ്ത്തി പുറത്തിറങ്ങിയ ഒരുപാട്ട് ആണ് അദ്ദേഹത്തിന്റെ രാഷ്ട്രിയ ഭാവിയുടെ ഗതി മാറ്റിവിട്ടതെന്ന് പറയാം. ആ പാട്ടിനെ ഒരു വ്യക്തിപൂജയായി കണക്കാക്കിയ പാര്‍ട്ടി ഇത് സി.പി.എമ്മിന്റെ രീതികള്‍ക്ക് വിരുദ്ധമാണെന്നാണ് നിലപാട് എടുത്തത്. പിന്നീട് രാഷ്ട്രിയ കേരളം ചര്‍ച്ച ചെയ്ത പല പ്രസ്താവനകളും വെളിപ്പെടുത്തലുകളും ഒന്നിന് പുറകെ ഒന്നായി വന്നതും പാര്‍ട്ടിയില്‍ അദ്ദേഹത്തെ അപ്രിയനാക്കി.
പാര്‍ട്ടിയില്‍ പി.ജയരാജന്‍ ഒതുക്കപ്പെടുന്നുവെന്ന വികാരം ഉയര്‍ന്നതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം ആളുകളും പി.ജെ.ആര്‍മി എന്ന പേരില്‍ സമൂഹിക മാധ്യമങ്ങളില്‍ പൊതുവിടങ്ങളും പ്രത്യക്ഷപ്പെട്ടതും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഒടുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആഡംബര ജീവിത നയിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചത് വലിയ തോതില്‍ വാര്‍ത്തയായിരുന്നു.
പി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പാര്‍ട്ടി അദ്ദേഹത്തെ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. ആ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്. എന്നാല്‍ അതേ സാഹചര്യത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവന്‍ മത്സരിച്ചെങ്കിലും പാര്‍ട്ടി അതിന് ശേഷം അദ്ദേഹത്തെ വീണ്ടും തിരികെ സെക്രട്ടറിയാക്കി. പക്ഷേ പി.ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടി മറ്റൊരു നിലപാടാണ് സ്വീകരിച്ചത്.