ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് പറഞ്ഞ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ മലക്കം മറിഞ്ഞു. തനിക്ക് ഭയമില്ലെന്നും കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമാണ് നേരത്തെ സുധാകരന്‍ പറഞ്ഞത്. എന്നാല്‍, സുധാകരന്‍ താന്‍ പറഞ്ഞത് തിരുത്തി വീണ്ടും രംഗത്തെത്തി.


ഒരിക്കലും കള്ളവോട്ട് ചെയ്തിട്ടില്ല. ബാലറ്റ് തുറന്നുനോക്കിയിട്ടുമില്ല, തിരുത്തിയിട്ടുമില്ല. പോസ്റ്റല്‍ വോട്ട് തിരുത്താറില്ല. തന്റെ പ്രസംഗങ്ങള്‍ മാധ്യമങ്ങള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്്തിട്ടില്ല. ഭാവന കൂട്ടി പറഞ്ഞതെന്നും ജി സുധാകരന്‍ വിശദീകരിച്ചു. ചിലര്‍ക്ക് ജാഗ്രത വരുത്താന്‍ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്, നമ്മള്‍ പറയുന്നത് പൂര്‍ണമായി മാധ്യമങ്ങള്‍ കൊടുക്കില്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ വിവരങ്ങള്‍ അന്വേഷിക്കാനാണ് വന്നതെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. അവരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്മേല്‍ കളക്ടര്‍ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാട്ടിയെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍.

1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കുവേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെ എസ് ടി എയുടെ നേതാവായിരുന്ന കെ വി ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15 ശതമാനം ദേവദാസിന് എതിരായിരുന്നു. ഇവ തിരുത്തി. ഞങ്ങളുടെ പക്കല്‍ തന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വെരിഫൈ ചെയ്ത് തിരുത്തി. സര്‍വീസ് സംഘടനകളുടെ വോട്ട് പലപ്പോഴും പൂര്‍ണമായി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാറില്ല. ഒട്ടിച്ച് തന്നാല്‍ അറിയില്ലെന്ന് കരുതേണ്ട, ഞങ്ങള്‍ അത് പൊട്ടിക്കും. ഇലക്ഷന് പോസ്റ്റല്‍ ബാലറ്റ് കിട്ടുമ്പോള്‍ മറ്റാര്‍ക്കും ചെയ്യരുത്. ഈ സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ എനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ല'- എന്നായിരുന്നു ജി സുധാകരന്റെ വെളിപ്പെടുത്തല്‍.

1989ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വക്കം പുരുഷോത്തമന് എതിരെയായിരുന്നു ദേവദാസ് മത്സരിച്ചത്. കാല്‍ ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വക്കം പുരുഷോത്തമനായിരുന്നു അന്ന് വിജയി.സംഭവം വിവാദമായതോടെ അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. നേരത്തെ ഉദ്യോഗസ്ഥര്‍ ജി സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.