ആലപ്പുഴ: മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ക്യാമ്പയിന്‍ ഉദ്ഘാടനത്തില്‍നിന്ന് സിപിഎം നേതാവ് ജി. സുധാകരന്‍ പിന്‍മാറി. മുസ്ലിം ലീഗ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ പരിപാടിയില്‍നിന്നാണ് പിന്‍മാറിയത്. നേരത്തെ അദ്ദേഹം പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെയോടെയാണ് സുധാകരന്‍ പിന്‍മാറുന്നതായി അറിയിച്ചത്.

സി.പി.എം പരിപാടികളില്‍ നിന്നും ജി. സുധാകരനെ മാറ്റി നിര്‍ത്തുന്നതായുള്ള പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദത്തിന് എണ്ണ പകരാനില്ലെന്ന നിലപാടില്‍ ജി. സുധാകരന്‍ പിന്മാറിയത്. ഇന്ന് രാവിലെ 8.30ന് സുധാകരന്റെ വസതിയില്‍വെച്ചാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഇതനുസരിച്ച് പോസ്റ്ററുകളും ബോര്‍ഡുകളും ഇറക്കി പ്രചാരണം ശക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ന് രാവിലെ സുധാകരന്‍ വിളിച്ച് പുതിയ സാഹചര്യത്തില്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുന്നതിലുള്ള പ്രയാസം പങ്കുവെക്കുന്നത്. ഇതനുസരിച്ച് പരിപാടി മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.

ഇന്ന് രാവിലെ ലീഗ് നേതാക്കള്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ കൂടെ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ക്യാമ്പയിന്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത് വിവാദത്തിന് ഇടയാക്കുമെന്നതിനാലാണ് സുധാകരന്‍ പിന്‍മാറിയത്. ചന്ദ്രികയുമായും ലീഗുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ് സുധാകരനെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിവാദത്തിന് ഇടനല്‍കേണ്ടതില്ല എന്നതുകൊണ്ടാണ് അദ്ദേഹം പിന്‍മാറിയതെന്നും സുധാകരന്റെ നടപടിയില്‍ അതൃപ്തിയില്ലെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സുധാകരന്റെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരെ നടക്കുന്ന സി.പി്എം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ജി. സുധാകരനെ പൂര്‍ണമായി ഒഴിവാക്കിയത് വിവാദമായിരുന്നു. ഇന്നലെ നടന്ന പൊതുസമ്മേളനത്തിലും സുധാകരന് ക്ഷണമില്ല. ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിലും ക്ഷണിച്ചിരുന്നില്ല.

സമ്മേളന ദിവസങ്ങളില്‍ ജി. സുധാകരന്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു. നിലവില്‍ സി.പി.എം ജില്ല കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി. സുധാകരന്‍. തനിക്ക് പാര്‍ട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തെന്നുമാണ് ജി. സുധാകരന്റെ പ്രതികരണം.