- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ ജീവിക്കാനാവില്ലെങ്കില്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്; സമുദായവും മതവും അവരുടെ ജോലിയാണ് ചെയ്യുന്നത്; കേരളത്തില്‍ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണം; വിമര്‍ശനവുമായി ജി സുധാകരന്‍
വിമര്‍ശനവുമായി ജി സുധാകരന്‍
ആലപ്പുഴ: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. സമുദായ സംഘടനകളുടെ പിന്തുണയില്ലാതെ കേരളത്തില്‍ ജീവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് ജി. സുധാകരന്‍ പ്രതികരിച്ചു. രാഷ്ട്രീയക്കാര്‍ സമുദായ സംഘടനകളുടെ പിറകെ നടക്കരുത്. സമുദായവും മതവും അവരുടെ ജോലിയാണ് ചെയ്യുന്നത്. കേരളത്തില്‍ ജാതിയും മതവും നോക്കി വോട്ടു ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും സുധാകരന്‍ വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി ആര്‍.എസ് .എസ് അംഗമല്ലാത്ത രാജീവ് ചന്ദ്രശേഖരനെ കേരളത്തില്‍ എന്തിനാണ് കൊണ്ടു വന്നതെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. പല പുതിയ കാര്യങ്ങളും സംഭവിക്കാന്‍ പോകുന്നുവെന്ന സൂചനയാണിത്. ആര്‍.എസ്.എസും ബി.ജെ.പിയും വരെ ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ നിലനില്‍ക്കൂവെന്ന് മനസ്സിലാക്കി. ജനങ്ങളെ ആകര്‍ഷിച്ച കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും പണ്ടേ ഇത് മനസ്സിലാക്കിയപ്പോഴാണ് കോണ്‍ഗ്രസ് തോറ്റത്.
മുതിര്‍ന്നവരെ സംരക്ഷിക്കണമെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞിട്ടുള്ളത്. പെന്‍ഷന്‍ കൊടുത്താല്‍ മുടിഞ്ഞു പോകുമെന്ന് പറഞ്ഞു കളയരുത്. അത് ആരുപറഞ്ഞാലും അംഗീകരിക്കാനാവില്ല. മര്‍ക്കടമുഷ്ടിക്കാരനെന്ന് വിളിച്ചാണ് എസ്.എഫ്.ഐ നേതാവ് ഫേസ്ബുക്കിലൂടെ തന്നെ അധിക്ഷേപിച്ചത്. 62 വര്‍ഷം പാര്‍ട്ടി മെംബറായി ഇരുന്നതിന്റെ അവാര്‍ഡാണിത്. ഇത് തെറ്റാണെന്ന് ആരും പറഞ്ഞില്ല.സജി ചെറിയാനെ ഉന്നമിട്ടായിരുന്നു ജി സുധാകരന്റെ ഈ പ്രസ്താവന.
യോഗ്യതയില്ലാത്തവര്‍ കയറിയാല്‍ ആ സ്ഥാനത്ത് അധിക ദിവസം ഇരിക്കില്ല. ജനങ്ങളുടെ പിന്തുണ വേണമെന്നും ഇല്ലെങ്കില്‍ പ്രസ്ഥാനത്തിന് ബാധ്യതയാകുമെന്നും ജി. സുധാകരന്‍ പറഞ്ഞു. പുന്നപ്ര-വയലാര്‍ സമരനായകനും മുന്‍മന്ത്രിയുമായ ടി.വി. തോമസിന്റെ ചരമവാര്‍ഷികാചരണഭാഗമായി സി.പി.ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സിപിഎം രാഷ്ട്രീയത്തില്‍ കുറച്ചുകാലമായി ഒറ്റയ്ക്കാണ് സുധാകരന്‍ മുന്നോട്ടു പോകുന്നത്. കെപിസിസി സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ സുധാകരനെതിരെ സൈബര്‍ ആക്രമണം ശക്തമായിരുന്നു. സിപിഎം സൈബര്‍ സഖാക്കള്‍ സുധാകരനെ ആക്രമിക്കുമ്പോഴും അദ്ദേഹത്തെ പ്രതിരോധിക്കാന്‍ പാര്‍ട്ടി തയ്യാറായിട്ടിരുന്നില്ല. സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കേണ്ടത് ജില്ലാ സെക്രട്ടറി ആണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. പ്രതികരിക്കേണ്ടത് താനല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. തനിക്ക് ഇപ്പോള്‍ ജില്ലയുടെ ചാര്‍ജില്ല. ചുമതലക്കാരനായ ജില്ലാ സെക്രട്ടറിയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടാന്‍ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടി എന്തിന് പ്രതികരിക്കണമെന്നായിരുന്നു ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ ചോദ്യം. കെപിസിസിയുടെ വേദി പങ്കിട്ടതില്‍ അഭിപ്രായ വ്യത്യാസമുള്ളവര്‍ ആക്രമണം നടത്തിയെന്നും അതില്‍ പാര്‍ട്ടിക്ക് എന്ത് കാര്യമെന്നും നാസര്‍ ചോദിച്ചു. സൈബര്‍ ആക്രമണം നടത്തിയത് പാര്‍ട്ടിക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുക്കുമല്ലോ. മറ്റ് പര്‍ട്ടികളുടെ സെമിനാറുകളില്‍ സാധാരണ പങ്കെടുക്കാറുണ്ട്. ബിജെപി, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ സെമിനാറുകളില്‍ ആണ് പങ്കെടുക്കാത്തത്. പാലം സന്ദര്‍ശനവും തെറ്റല്ല, അദ്ദേഹം മുന്‍കൈയെടുത്ത് കൊണ്ടുവന്ന പാലങ്ങളാണ് സന്ദര്‍ശിച്ചത്', ആര്‍ നാസര്‍ പറഞ്ഞു.
കെപിസിസിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സൈബറിടത്തില്‍ സുധാകരനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കൂട്ട് കൂടുന്നത് സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമാണെന്നും സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസില്‍ അകാല ചരമം പ്രാപിക്കുമെന്നുമടക്കമുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്നും അതിനാല്‍ ആരും തന്നെ സംരക്ഷിക്കേണ്ടതില്ലെന്നുമായിരുന്നു ജി സുധാകരന്റെ പ്രതികരണം. പോസ്റ്റുകളൊന്നും കണ്ടിട്ടില്ല. പാര്‍ട്ടിയല്ല ഇതൊന്നും ചെയ്യുന്നതെന്നും സുധാകരന്‍ അന്ന് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പിന്തുണ നശിപ്പിക്കുന്നവരാണ് ഇവരെന്നും സുധാകരന്‍ പറഞ്ഞിരുന്നു.