പാലാ: പുളിക്കക്കണ്ടം കുടുംബം ചതിച്ചില്ല. സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും കുടുംബവും എല്ലാ അര്‍ത്ഥത്തിലും രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തി പിടിച്ചു. അങ്ങനെ ദശകങ്ങളായി തുടരുന്ന കേരളാ കോണ്‍ഗ്രസ് (എം) ആധിപത്യത്തിന് അന്ത്യം കുറിച്ച് പാലാ നഗരസഭയില്‍ യുഡിഎഫ് അധികാരം പിടിച്ചെടുത്തു.

സ്വതന്ത്രരായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും കുടുംബവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് പാലായില്‍ ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത്. 1985-ന് ശേഷം ആദ്യമായാണ് കെ.എം. മാണിയുടെ തട്ടകത്തില്‍ കേരളാ കോണ്‍ഗ്രസ് ഇതര ഭരണം വരുന്നത്. ശബരിമലയിലെ ജനവികാരം അങ്ങനെ മാണി വിഭാഗത്തിനും തിരിച്ചടിയായി.

പുളിക്കക്കണ്ടം കുടുംബത്തിന്റെ പിന്തുണ നിര്‍ണ്ണായകം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് 11-ഉം യുഡിഎഫിന് 10-ഉം സീറ്റുകളാണ് ലഭിച്ചത്. ഇതോടെ സ്വതന്ത്രരായി വിജയിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ, സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരുടെ നിലപാട് നിര്‍ണ്ണായകമായി. ഇവരോടൊപ്പം കോണ്‍ഗ്രസ് വിമതയായി ജയിച്ച മായ രാഹുല്‍ കൂടി ചേര്‍ന്നതോടെ യുഡിഎഫിന്റെ അംഗബലം 14 ആയി ഉയര്‍ന്നു. അങ്ങനെ പ്രതിസന്ധി തീര്‍ന്നു.

പ്രായം: 21 വയസ്സ്. പാലാ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷ എന്ന റെക്കോര്‍ഡ് ഇതോടെ ദിയയ്ക്ക് സ്വന്തമാകും. ചെന്നൈയിലെ പ്രശസ്തമായ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എംബിഎ പഠനത്തിന് ചേരാനിരിക്കെയാണ് അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പാലാ രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ് ബിനു പുളിക്കക്കണ്ടത്തിന്റെ മകളാണ്. ഇത്തവണ നഗരസഭയിലെ 15-ാം വാര്‍ഡില്‍ നിന്നാണ് ദിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചത്. 'പുളിക്കക്കണ്ടം കുടുംബം' ഒന്നടങ്കം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ദിയയ്ക്ക് അധ്യക്ഷ പദവി ഉറപ്പായത്.

പദവികള്‍ വീതംവെച്ച് യുഡിഎഫ് ഫോര്‍മുലയുണ്ടാക്കി. ഇടതുപക്ഷത്തേക്ക് പോയിരുന്നുവെങ്കില്‍ അഞ്ചു വര്‍ഷവും പുള്ളിക്കണ്ടത്തിന് അധ്യക്ഷ പദവി കിട്ടുമായിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് അവര്‍ വച്ചു. ബിനു പുളിക്കക്കണ്ടത്തിന്റെ മകള്‍ ദിയ ബിനു പുളിക്കക്കണ്ടം ആദ്യ ടേമില്‍ നഗരസഭാ അധ്യക്ഷയാകും. 21 വയസ്സുകാരിയായ ദിയ ഇതോടെ പാലാ നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷയായി മാറും. കോണ്‍ഗ്രസ് വിമതയായി വിജയിച്ച മായ രാഹുലിന് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനും ധാരണയായി.

സ്വതന്ത്രരായാണ് പുളിക്കക്കണ്ടം കുടുംബം മത്സരിച്ചത്. എന്നാല്‍ ഈ സീറ്റുകളിലൊന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ വിജയത്തില്‍ യുഡിഎഫ് പിന്തുണ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തി പുളിക്കക്കണ്ടം കുടുംബം യുഡിഎഫില്‍ ഉറച്ചു നില്‍ക്കുന്നത്. ഇടതുപക്ഷം നടത്തിയ അനുനയവും നടക്കാതെ പോയി.

കഴിഞ്ഞ തവണ സിപിഎം ചിഹ്നത്തില്‍ വിജയിച്ചിട്ടും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ബിനു പുളിക്കക്കണ്ടത്തിന് ചെയര്‍മാന്‍ സ്ഥാനം നിഷേധിക്കപ്പെട്ടിരുന്നു. ഇതിനുള്ള രാഷ്ട്രീയ മറുപടിയായാണ് ഇത്തവണ ബിനുവും കുടുംബവും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ച് യുഡിഎഫിനെ അധികാരത്തിലേറ്റിയത്. ബിജു പുളിക്കക്കണ്ടം ദീര്‍ഘകാലം കേരളാ കോണ്‍ഗ്രസ് (എം) യുവജന വിഭാഗം നേതാവായിരുന്നു.

കെ.എം. മാണിയുടെ വിയോഗത്തിന് ശേഷം പാലാ രാഷ്ട്രീയത്തില്‍ കേരളാ കോണ്‍ഗ്രസ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായി ഈ മാറ്റം വിലയിരുത്തപ്പെടുന്നു.