- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക ഉറപ്പില്ലാതെ കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ആന്റോയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോ? ജയതിലകിന്റെ ഉത്തരവിന്റെ മറവില്‍ കള്ളത്തടി വെട്ടിയവരാണ്; കായിക മന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍
ഔദ്യോഗിക ഉറപ്പില്ലാതെ കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്?
തിരുവനന്തപുരം: കായിക മന്ത്രി അബ്ദുറഹിമാനും പിണറായി സര്‍ക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. മെസിയെയും അര്‍ജന്റിനയെയു എത്തിക്കുമെന്ന വാഗ്ദാനത്തിന്റെ മറവില്‍ നടന്നത് എന്തൊക്കെയാണ് എന്ന ചോദ്യമുയര്‍ത്തിയാണ് ജിന്റോ രംഗത്തുവന്നത്.
''നിന്റെയൊന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയലല്ല എന്റെ പണി'' മന്ത്രി വി അബ്ദുറഹിമാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ഈ സ്റ്റേറ്റ്‌മെന്റ് കേരളത്തിലെ കായിക പ്രേമികളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ എങ്ങനെയാണ് മെസിയെ കൊണ്ടുവരാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതെന്നും എങ്ങനെയാണ് ഇതിനായി സ്‌പോണ്‍സറെ കണ്ടെത്തിയതെന്നും ജിന്റോ ജോണ്‍ ചോദിക്കുന്നു.
സ്‌പോണ്‍സറെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, യോഗ്യതകള്‍ എന്തൊക്കെയായിരുന്നു? മെസിയേയും അര്‍ജന്റിന ടീമിനേയും കേരളത്തില്‍ കൊണ്ടുവരുമെന്നുള്ള വ്യക്തമായ ഔദ്യോഗിക ഉറപ്പ് പോലുമില്ലാതെ പ്രചരണം നടത്തി കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ഏത് അക്കൗണ്ടില്‍ നിന്നാണ് ചെലവഴിച്ചത്? ആ നഷ്ടത്തിന്റെ ബാധ്യത സര്‍ക്കാരും ജിസിഡിഎയും ആണോ വഹിക്കുന്നത്? ആന്റോ അഗസ്റ്റിനാണ് വഹിക്കുന്നതെങ്കില്‍ വ്യാജപ്രചാരണത്തിലൂടെ വസൂലാക്കിയ പണമാണോ എന്ന് അതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോയെന്നും ജിന്റോ ജോണ്‍ ചോദിക്കുന്നു.സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോയെന്നും ജിന്റോ ജോണ്‍ ചോദിക്കുന്നു.
ശബരിമല ശാസ്താവിന്റെ സ്വര്‍ണ്ണം കട്ട ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്‌പോണ്‍സര്‍ ആയി കണ്ടെത്തിയതുപോലെ കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചു കൊണ്ട് ശതകോടികളുടെ കൊള്ളക്കായി ആന്റോ അഗസ്റ്റിനെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് ഇത്. പിണറായി സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് വരുന്ന സ്‌പോണ്‍സര്‍മാരൊക്കെ ഒന്നൊഴിയാതെ എല്ലാം വിശ്വാസവഞ്ചകരും കള്ളന്മാരും കൊള്ളക്കാരും മാത്രം ആകുന്നത് എന്തുകൊണ്ടാണെന്നും ജിന്റോ ചോദിക്കുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
''നിന്റെയൊന്നും ചോദ്യങ്ങള്‍ക്ക് മറുപടി പറയലല്ല എന്റെ പണി''
മന്ത്രി വി അബ്ദുറഹിമാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ ഈ സ്റ്റേറ്റ്‌മെന്റ് കേരളത്തിലെ കായിക പ്രേമികളോടുള്ള വെല്ലുവിളിയാണ്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീം വിന്‍ഡോ അടച്ചപ്പോള്‍ മെസ്സി കേരളത്തില്‍ എത്താത്തതില്‍ പൗരന്‍ എന്ന നിലയില്‍ എന്റെ ചോദ്യങ്ങള്‍ മുഴുവന്‍ കേരളത്തിന്റെ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനോടും പിണറായി സര്‍ക്കാരിനോടുമാണ്. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രൈം നമ്പര്‍ 251/21 പ്രകാരമുള്ള മുട്ടില്‍ മരംമുറി കേസിലെ മൂന്നാം പ്രതിയുമായി പിണറായി വിജയന്‍ സര്‍ക്കാരിലെ ഈ മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? ഇതുള്‍പ്പെടെ 9 കേസുകള്‍ വയനാട് ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെയുണ്ട്. അതിന്‍പ്രകാരം 31 കുറ്റപത്രങ്ങള്‍ ഇതിനകം കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും 10 എണ്ണം ഇനിയും സമര്‍പ്പിക്കാനുണ്ടെന്നും നിയമസഭയില്‍ ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ തന്നെ രേഖമൂലം മറുപടി പറഞ്ഞിട്ടുള്ളതുമാണല്ലോ.
കേരളത്തിലെ നിയമ-നീതി സംവിധാനത്തെ വെല്ലുവിളിക്കുന്ന ഈ വനം കൊള്ളക്കാര്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ തന്നെ ഈ കാട്ടുകള്ളന്മാരെ മഹത്വവത്ക്കരിക്കുന്നത് കള്ളന് കഞ്ഞിവക്കുന്ന പണിയാണ്. മുട്ടില്‍ മരംമുറി കേസിലെ കള്ളത്തടി വെട്ടുകാരനോടൊപ്പം കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കവാത്ത് നടത്തിയത് എന്ത് ബോധ്യത്തിലാണ്? ഇതുപോലുള്ള കള്ളളനാണയങ്ങളുടെ മറപറ്റി പിആര്‍ വാര്‍ത്തകള്‍ വിളമ്പിയ കായിക മന്ത്രി അബ്ദുറഹിമാനും പിണറായി സര്‍ക്കാരും കേരളത്തിലെ കായിക പ്രേമികളെ വഞ്ചിച്ചിരിക്കുകയാണ്. ഈ വഞ്ചനയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങളുയരുന്നുണ്ട്.
സര്‍ക്കാര്‍ എങ്ങനെയാണ് മെസ്സിയെ കൊണ്ടുവരാനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്? എങ്ങനെയാണ് ഇതിനായി സ്‌പോണ്‍സറെ കണ്ടെത്തിയത്? സ്‌പോണ്‍സറെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, യോഗ്യതകള്‍ എന്തൊക്കെയായിരുന്നു? സമാന താല്‍പര്യമുള്ള മറ്റ് ആളുകളോട് ഇത്തരം അറിയിപ്പുകള്‍ നല്‍കിയിരുന്നോ?
എങ്ങനെയാണ് ആന്റോ അഗസ്റ്റിന്‍ സര്‍ക്കാരിന്റെ സ്‌പോണ്‍സറായി എത്തിയത്? എന്തൊക്കെയായിരുന്നു സര്‍ക്കാര്‍ ഈ വനംക്കൊള്ളക്കാരനില്‍ കണ്ടെത്തിയ വിശ്വാസ്യത? ജിസിഡിഎ യുടെ അധികാരത്തിലുള്ള കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം എങ്ങനെയാണ് വിശ്വാസതയില്ലാത്ത ഈ കാട്ടുകള്ളന് അനുവദിച്ചു കിട്ടിയത്?
സര്‍ക്കാരിന്റെ മേല്‍വിലാസത്തില്‍ എങ്ങനെയാണ് ഇയാള്‍ പണപ്പിരിവിനുള്ള പണിയെടുത്തതും പ്രചരണങ്ങള്‍ നടത്തിയതും? ജിസിഡിഎയും സര്‍ക്കാരും ഇയാളും തമ്മില്‍ എന്തെങ്കിലും കരാറുണ്ടോ? എന്താണ് വ്യവസ്ഥകള്‍? അത് പരസ്യമാക്കാന്‍ തയ്യാറുണ്ടോ? ഈ പരിപാടിക്ക് വേണ്ടി മറ്റ് ഇവന്റുകള്‍ക്ക് അനുവാദം നിഷേധിച്ചിരുന്നോ?അങ്ങനെ നിഷേധിച്ചിട്ടുണ്ടെങ്കില്‍ കിട്ടുമായിരുന്ന ആ തുകയുടെ നഷ്ടം ഇയാള്‍ നികത്തുമോ?
ഇന്നത്തെ ചീഫ് സെക്രട്ടറി ജയതിലക് അന്ന് പുറത്തിറക്കിയ ഒരു വിവാദ ഉത്തരവിന്റെ മാത്രം മറപറ്റി ശതകോടികളുടെ കള്ളത്തടി വെട്ടി കടത്തിയ ഇയാള്‍ എങ്ങനെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നുഴഞ്ഞു കയറിയത്? മെസ്സിയേയും അര്‍ജന്റിന ടീമിനേയും കേരളത്തില്‍ കൊണ്ടുവരുമെന്നുള്ള വ്യക്തമായ ഔദ്യോഗിക ഉറപ്പ് പോലുമില്ലാതെ പ്രചരണം നടത്തി കലൂര്‍ സ്റ്റേഡിയത്തില്‍ എന്തിനാണ് പണികള്‍ നടത്തിയത്? ഇതിനായി എത്ര കോടി രൂപ ഇതുവരെ ചെലവഴിച്ചു? ഏത് അക്കൗണ്ടില്‍ നിന്നാണ് ചെലവഴിച്ചത്? ആ നഷ്ടത്തിന്റെ ബാധ്യത സര്‍ക്കാരും ജിസിഡിഎയും ആണോ വഹിക്കുന്നത്? ആന്റോ അഗസ്റ്റിനാണ് വഹിക്കുന്നതെങ്കില്‍ വ്യാജപ്രചരണത്തിലൂടെ വസൂലാക്കിയ പണമാണോ എന്ന് അതിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമോ?
ഇത്രയും വലിയ ഇവന്റ് ഇവിടെ സംഘടിപ്പിക്കുമ്പോള്‍ ഈ സര്‍ക്കാരിന് എന്ത് ഉത്തരവാദിത്തമാണ് ഉണ്ടായിരുന്നത്? സംസ്ഥാന സര്‍ക്കാര്‍ അര്‍ജന്റീന ടീമുമായും മെസ്സിയുമായും ഏതെങ്കിലും രീതിയിലുള്ള ഔദ്യോഗിക ആശയവിനിമയം നടത്തിയിരുന്നോ? ഉണ്ടെങ്കില്‍ അതില്‍ സര്‍ക്കാരിന് കിട്ടിയ മറുപടി എന്തായിരുന്നു? ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി എന്തെങ്കിലും ആശയവിനിമയം നടത്തിയിരുന്നോ?
ആരുടെ വിശ്വാസ്യതയിലാണ് ഈ സര്‍ക്കാര്‍ മെസ്സി വരവിന്റെ മേനി നടിച്ചത്? യാതൊരു അറിവും വെളിവും വ്യവസ്ഥകളും ഇല്ലാതെ ഏതെങ്കിലുമൊക്കെ കള്ളന്മാര്‍ പറയുന്നത് കേട്ടാണോ ഇതിന്റെ പ്രചരണം നടത്തിയത്?




