ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കേരളത്തില്‍ ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കാണാനാവുന്നതെന്നും മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 500ഓളം സീറ്റുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ്‌മെന്റാണ്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കരുത്തരായ സ്ഥാനാര്‍ഥികള്‍ ഉള്ളിടത്തെല്ലാം ബി.ജെ.പി ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയിരിക്കുന്നത്. മറിച്ചും അങ്ങിനെയാണ്. ഇത് വളരെ ക്‌ളിയറാണ്, ബ്രിട്ടാസ് തന്നെയാണ് മോദിയും പിണറായിയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരനായി നില്‍ക്കുന്നത്. പിണറായി ഡെല്‍ഹിയില്‍ വരുമ്പോള്‍ ബ്രിട്ടാസാണ് അപ്പോയിന്റ്‌മെന്റ് ഉള്‍പ്പെടെ ശരിയാക്കി നല്‍കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. പല കാര്യങ്ങളിലും മോദിയുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് ബ്രിട്ടാസാണ്.

കഴിഞ്ഞ ഒക്ടോബര്‍ 10ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയപ്പോഴും ഇടനിലക്കാരന്‍ ബ്രിട്ടാസായിരുന്നു. ഈ ചര്‍ച്ചയിലാണ് പി.എം ശ്രീയില്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചത്. പത്തിന് മുഖ്യമന്ത്രി ഡല്‍ഹിയിലെത്തി ഇരുവരെയും കണ്ടതിന് പിന്നാലെ, 16-ാം തീയതിയാണ് ഉദ്യോഗസ്ഥര്‍ പദ്ധതിക്കായി ഒപ്പുവെച്ചതെന്നും മുരളീധരന്‍ പറഞ്ഞു. 18ന് മന്ത്രി രാജന്‍ വിഷയം കാബിനറ്റില്‍ ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി കൈമലര്‍ത്തിയെന്നും മുളരീധരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കേന്ദ്രം നടപ്പാക്കിയ പുതിയ വിദ്യാഭ്യാസ നവീകരണ പദ്ധതി 'പി.എം ശ്രീ'യില്‍ ഒപ്പുവെക്കുന്നതിന് കേരളത്തിനും കേന്ദ്രത്തിനുമിടയില്‍ മധ്യസ്ഥനായി നിന്നത് സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ് ആണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാറുകള്‍ക്കിടയില്‍ പാലമായി നിന്നതിന് തന്റെ അടുത്ത സുഹൃത്തായ ജോണ്‍ ബ്രിട്ടാസിനോട് വളരെയേറെ നന്ദിയുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ ചോദ്യോത്തര വേളയിലായിരുന്നു വെളിപ്പെടുത്തല്‍.

ഗംഭീര പ്രസംഗ ശൈലിയിലൂടെ സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ജോണ്‍ ബ്രിട്ടാസ് നോക്കിയതെന്ന് പറഞ്ഞാണ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയത്. ദേശീയ വിദ്യാഭ്യാസ നയം, സമഗ്ര ശിക്ഷ, പി.എം ശ്രീ എന്നിവ സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ബ്രിട്ടാസിന്റെ മധ്യസ്ഥത്തെ തുടര്‍ന്ന് ഒരുഘട്ടത്തില്‍ കേരള സര്‍ക്കാര്‍ പി.എം ശ്രീ ധാരണപത്രത്തില്‍ ഒപ്പുവെക്കാമെന്ന് സമ്മതിച്ചതായിരുന്നുവെന്നും മന്ത്രി തുടര്‍ന്നു.

അതിനുശേഷം അവര്‍ക്ക് മേലുണ്ടായ സമ്മര്‍ദമെന്താണെന്ന് തനിക്കറിയില്ല. ഇത് അവര്‍ക്കിടയില്‍ തന്നെയുണ്ടായ ആശയക്കുഴപ്പമാണ്. അവര്‍ക്കിടയിലുള്ള ആഭ്യന്തര വൈരുധ്യം മൂലമാണ് ഇപ്പോള്‍ പി.എം ശ്രീ നടപ്പാക്കാത്തത്. സഖ്യകക്ഷിയില്‍നിന്നും നിങ്ങള്‍ക്ക് വല്ല സമ്മര്‍ദവും കാണുമെന്നും അതിന്റെ ഭാരം കേരളത്തിലെ ജനങ്ങള്‍ക്ക് മുകളില്‍ കയറ്റിവെക്കുന്നതെന്തിനാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ ബ്രിട്ടാസിനോടായി ചോദിച്ചു. പ്രശ്‌നം തീര്‍ത്ത് തുക വാങ്ങിക്കൊണ്ടുപോകുകയാണ് വേണ്ടത്. കേരളത്തിന് കൊടുക്കാനുള്ള 452 കോടി രൂപ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന ഉപാധിയോടെ വിട്ടുകൊടുക്കാന്‍ തങ്ങള്‍ ഇപ്പോഴും തയാറാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

സമഗ്ര ശിക്ഷ പദ്ധതി 2018ല്‍ കേന്ദ്രവും സംസ്ഥാനവും 60:40 ഫോര്‍മുലയില്‍ സഹകരിച്ച് തുടങ്ങിയതാണെന്നും അതിനുശേഷം 2020ല്‍ തുടങ്ങിയ ദേശീയ വിദ്യാഭ്യാസ നയവുമായും 2022ല്‍ തുടങ്ങിയ പി.എം ശ്രീയുമായും ബന്ധിപ്പിച്ച് കേരളത്തിനും ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ക്കുമുള്ള ഫണ്ട് തടയുകയാണെന്നും ചോദ്യവേളയില്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. 2020-2023 വര്‍ഷം 348 കോടി അനുവദിച്ചതില്‍ 178 കോടിയും 2023- 24 വര്‍ഷം 343 കോടി അനുവദിച്ചതില്‍ 141 കോടിയും 2024-25 വര്‍ഷം 428 കോടി അനുവദിച്ചതില്‍ വട്ടപ്പൂജ്യവും 2025-26 വര്‍ഷം 552 കോടി രൂപ അനുവദിച്ചതില്‍ 92.41 കോടി രൂപയും മാത്രമാണ് കേരളത്തിന് നല്‍കിയതെന്ന് ബ്രിട്ടാസ് പറഞ്ഞു. പി.എം ശ്രീ സംബന്ധിച്ച് പ്രധാനോടുള്ള ബ്രിട്ടാസിന്റ ചോദ്യം നീണ്ടുപോയപ്പോള്‍ ചോദ്യത്തിന് പകരം വലിയ പ്രസംഗം നടത്തരുതെന്നും അങ്ങനെയെങ്കില്‍ മാത്രമേ മറ്റുള്ളവര്‍ക്കും ചോദിക്കാന്‍ സമയം കിട്ടൂവെന്നും രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ റൂളിങ് നല്‍കി.