- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുര്‍ക്കി സഹായത്തില്‍ കേരളത്തെ വിമര്‍ശിച്ചത് ആരെ തൃപ്തിപ്പെടുത്താന്‍? തരൂര്‍ കാണിച്ച വ്യഗ്രത അമ്പരപ്പിക്കുന്നത്; പാക്കിസ്ഥാന് പ്രളയത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നല്കിയത് 212 കോടി രൂപയാണ്! മുംബൈ ഭീകരാക്രമണത്തിന് ശേഷമാണിതെന്ന് തരൂര്‍ ഓര്‍ത്തില്ലേ? മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്
മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോള്‍ കേരളം തുര്‍ക്കിക്ക് ധനസഹായം നല്‍കിയതിനെ വിമര്‍ശിച്ച ശശി തരൂരിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി രംഗത്ത്. രണ്ടു വര്‍ഷം മുന്‍പ്, 2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി കേരളം തുര്‍ക്കിക്ക് ധനസഹായം നല്കിയതിനെ എടുത്തുപറഞ്ഞു വിമര്‍ശിക്കാന്‍ ശശി തരൂര്‍ വ്യഗ്രത കാണിച്ചത് എന്നെ അമ്പരപ്പിക്കുകയാണെന്ന് ബ്രിട്ടാസ് കുറിച്ചു.
യുപിഎ സര്‍ക്കാറിന്റെ കാലത്ത് പാക്കിസ്ഥാനെ സഹായിച്ച കാര്യവും ബ്രിട്ടാസ് ഓര്‍ത്തെടുക്കുന്നു. പാക്കിസ്ഥാനുമായി പ്രശ്‌നങ്ങളുണ്ടായി തീവ്രദേശീയതപറയുന്ന ഘട്ടങ്ങളില്‍പ്പോലും ആ രാജ്യത്തിനു സഹായം നല്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ഓര്‍മ്മയിലില്ലേ? എന്ന് ബ്രിട്ടാശ് ചോദിച്ചു. 2005-ല്‍ ഭൂകമ്പവേളയിലും 2010-ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും രണ്ടര കോടി ഡോളര്‍ വീതം ഇന്ത്യ പാകിസ്ഥാനു സഹായം നല്കിയിട്ടുണ്ട് ഇന്നത്തെ വിലയ്ക്ക് 212 കോടി രൂപ.
രണ്ടാം യുപിഎ സര്‍ക്കാര്‍ പാക്കിസ്ഥാനില്‍ 2010-ല്‍ പ്രളയം വന്നപ്പോള്‍ അര കോടി ഡോളര്‍ നല്കിയത്. രണ്ടു കോടി ഡോളര്‍ യുഎന്നിലൂടെയും നല്കി. മൊത്തം കൊടുത്തത് രണ്ടര കോടി ഡോളര്‍- ഏകദേശം 212 കോടി രൂപ ! 2008-ലായിരുന്നു 26-11 എന്നു വിശേഷിപ്പിക്കപ്പെടുന്ന പാക്കിസ്ഥാന്റെ അതിഹീനമായ മുംബൈ ആക്രമണം. അതു കഴിഞ്ഞ് രണ്ടു കൊല്ലം ചെല്ലുമ്പോഴായിരുന്നു ഇന്ത്യയുടെ ഈ നടപടി. യുപിഎ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കൈയാളിയിരുന്ന വ്യക്തികൂടിയാണ് തരൂര്‍ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ എന്നു ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു.
ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഞാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയവ്യക്തിത്വങ്ങളില്‍ ഒരാളാണ് ഡോ. ശശി തരൂര്‍. അദ്ദേഹത്തിനൊപ്പം മുന്‍പ് ഐ ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ഇപ്പോള്‍ വിദേശ കാര്യ സ്ഥിരം സമിതിയിലും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ വിദേശസന്ദര്‍ശനത്തിനുള്ള പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് വൈമുഖ്യം കാണിച്ചതിനെ തുറന്നെതിര്‍ക്കാനും ഞാന്‍ മടിച്ചിട്ടില്ല. എന്നാല്‍, രണ്ടു വര്‍ഷംമുന്‍പ്, 2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി കേരളം തുര്‍ക്കിക്ക് ധനസഹായം നല്കിയതിനെ എടുത്തുപറഞ്ഞു വിമര്‍ശിക്കാന്‍ ശശി തരൂര്‍ വ്യഗ്രത കാണിച്ചത് എന്നെയും അമ്പരപ്പിക്കുകയാണ്.
മാനുഷികപ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രാഷ്ട്രീയശത്രുതയും അഭിപ്രായവ്യത്യാസങ്ങളും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. ആഗോള പൗരനെന്ന നിലയിലും പ്രശസ്തനായ അന്താരാഷ്ട്ര നയതന്ത്രജ്ഞന്‍ എന്ന നിലയിലും ഇത് അദ്ദേഹത്തിന് അറിയാവുന്ന കാര്യമാണ്. എന്നിരിക്കേ, അദ്ദേഹം ഇത് എന്തുകൊണ്ടു വിസ്മരിച്ചു?
പാകിസ്താനുമായി പ്രശ്‌നങ്ങളുണ്ടായി തീവ്രദേശീയതപറയുന്ന ഘട്ടങ്ങളില്‍പ്പോലും ആ രാജ്യത്തിനു സഹായം നല്കാനുള്ള സന്നദ്ധത ഇന്ത്യ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ ഓര്‍മ്മയിലില്ലേ? 2005-ല്‍ ഭൂകമ്പവേളയിലും 2010-ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും രണ്ടര കോടി ഡോളര്‍ വീതം ഇന്ത്യ പാകിസ്ഥാനു സഹായം നല്കിയിട്ടുണ്ട് ഇന്നത്തെ വിലയ്ക്ക് 212 കോടി രൂപ. 2014-ല്‍ ജമ്മു-കശ്മീരിലും പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ പാകിസ്ഥാനു സഹായം നല്കാമെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചത്. 2022-ല്‍ പാകിസ്ഥാനിലെ മൂന്നിലൊന്നു ഭാഗവും വെള്ളത്തിനടിയിലായ വെള്ളപ്പൊക്കത്തിലും ഇന്ത്യ സഹായപ്രഖ്യാപനം നടത്തി.
തരൂര്‍ ഒരിക്കലും മറക്കരുതാത്ത ഒരു കാര്യമുണ്ടായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി നയിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ പാകിസ്താനില്‍ 2010-ല്‍ പ്രളയം വന്നപ്പോള്‍ അര കോടി ഡോളര്‍ നല്കിയത്. രണ്ടു കോടി ഡോളര്‍ യുഎന്നിലൂടെയും നല്കി. മൊത്തം കൊടുത്തത് രണ്ടര കോടി ഡോളര്‍- ഏകദേശം 212 കോടി രൂപ ! 2008-ലായിരുന്നു 26-11 എന്നു വിശേഷിപ്പിക്കപ്പെടുന്ന പാകിസ്ഥാന്റെ അതിഹീനമായ മുംബൈ ആക്രമണം. അതു കഴിഞ്ഞ് രണ്ടു കൊല്ലം ചെല്ലുമ്പോഴായിരുന്നു ഇന്ത്യയുടെ ഈ നടപടി. യുപിഎ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കൈയാളിയിരുന്ന വ്യക്തികൂടിയാണ് തരൂര്‍ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അവശ്യം ഓര്‍ത്തിരിക്കേണ്ട അതു പോലും തരൂര്‍ മറന്നത് എന്തുകൊണ്ട്? ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേകസംഘത്തെ നയിച്ച് അമേരിക്കയിലേയ്ക്കു പുറപ്പെടുന്ന ഘട്ടത്തിലാണ് കേരള സര്‍ക്കാരിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നടപടി അനുസ്മരിച്ചു വിമര്‍ശിക്കാന്‍ തരൂര്‍ തയ്യാറായത് എന്നതാണ് ഏറെ കൗതുകകരം. വര്‍ഷങ്ങള്‍ക്കു മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ ആഹ്വാനമനുസരിച്ചു നല്കിയ സഹായത്തെ സങ്കുചിതരാഷ്ട്രീയനേട്ടത്തിനായി അദ്ദേഹം ഉപയോഗിക്കരുതായിരുന്നു. അദ്ദേഹത്തില്‍നിന്ന് ഇതിലും മെച്ചപ്പെട്ട പ്രതികരണങ്ങള്‍ ആരും ആഗ്രഹിക്കും. എന്തിനായിരിക്കാം അദ്ദേഹം തന്റെ പദവി ഇടിച്ചുതാഴ്ത്തിയും കൃത്രിമ മറവി രോഗത്തിന് അടിമപ്പെട്ടും ഇത്തരമൊരു സാഹസികകൃത്യത്തിന് മുതിര്‍ന്നത്? ആരെ തൃപ്തിപ്പെടുത്താനാണിത്?
ജോണ്‍ ബ്രിട്ടാസ്
2023-ല്‍ ഭൂകമ്പത്തിനിരയായ തുര്‍ക്കിക്ക് കേരളസര്‍ക്കാര്‍ 10 കോടി സഹായധനം നല്‍കിയതിനെയാണ് തരൂര്‍ വിമര്‍ശിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ വേളയില്‍ പാക്കിസ്ഥാന് പിന്തുണ നല്‍കിയ തുര്‍ക്കിക്കെതിരായ നീക്കങ്ങള്‍ ഇന്ത്യയില്‍ ശക്തിപ്പെടുമ്പോഴാണ് തരൂര്‍ കേരളത്തിന്റെ സഹായപ്രഖ്യാപനം ഓര്‍മ്മിപ്പിച്ചത്. കേരളത്തിന്റെ സഹായധനപ്രഖ്യാപനം സംബന്ധിച്ച് 2023-ല്‍ എന്‍ഡിടിവിയില്‍വന്ന വാര്‍ത്ത ഉദ്ധരിച്ചുള്ള എക്‌സ് പോസ്റ്റില്‍, ഈ 10 കോടി വയനാട്ടിലെ ജനതയ്ക്ക് ലഭിക്കേണ്ടതായിരുന്നെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
തരൂരിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തി. ശശി തരൂരിന്റെ അഭിപ്രായപ്രകടനം സെലക്ടീവ് അംനീഷ്യയുടെ ലക്ഷണങ്ങളാണെന്ന് ബ്രിട്ടാസ് എക്‌സിലൂടെ മറുപടി നല്‍കി. കേരളത്തെ ഇകഴ്ത്തിക്കാട്ടാന്‍ തരൂര്‍ നടത്തിയ നീക്കം അമ്പരപ്പിക്കുന്നതാണ്. ഭൂകമ്പത്തിനിരയായ തുര്‍ക്കിയെ സഹായിക്കാന്‍ 'ഓപ്പറേഷന്‍ ദോസ്ത്' നടപ്പാക്കിയത് മോദി സര്‍ക്കാരാണെന്ന് അദ്ദേഹത്തിനറിയാം. എന്നിട്ടും കേരളത്തെ അടിക്കാന്‍ നടത്തിയ ശ്രമം അനുചിതമാണെന്ന് ബ്രിട്ടാസ് പറഞ്ഞു.
തരൂരും ബ്രിട്ടാസും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സര്‍വകക്ഷിസംഘത്തില്‍ അംഗങ്ങളാണ്. തരൂര്‍ നേതൃത്വം നല്‍കുന്ന സംഘം അമേരിക്കയിലേക്ക് പോകുന്നതിനുമുന്‍പാണ് എക്‌സില്‍ വിമര്‍ശനം പോസ്റ്റുചെയ്തത്. ജപ്പാനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പര്യടനം നടത്തുന്നതിനിടെയാണ് ബ്രിട്ടാസ് മറുപടി നല്‍കിയത്.