തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ പാര്‍ട്ടിയെ എല്‍ഡിഎഫിനൊപ്പെ തന്നെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി സിപിഎം നേതൃത്വം. കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ പിളര്‍ത്താനുള്ള സാധ്യതയണ് സിപിഎം തേടുന്നത്. ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ച് അദ്ദേഹത്തെ എല്‍ഡഎഫില്‍ തന്നെ തുടരാന്‍ സമ്മതിപ്പിക്കുന്നതിനാണ് ആദ്യ ശ്രമം. ഇതിനായി തിരുവനന്തപുരം സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കാനാണ് നീക്കം.

ജോസുമായി സംസാരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിഎന്‍ വാസവനെ സിപിഎം ചുമതലപ്പെടുത്തി. ശബരിമല ദര്‍ശനം കഴിഞ്ഞ് വൈകുന്നേരത്തോടെ തിരികെ എത്തുന്ന വാസവന്‍ ജോസ് കെ. മാണിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ജോസ് കെ മാണി എല്‍ഡിഎഫ് വിടുമെന്ന സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്തി ഒരു വിഭാഗത്തെ എല്‍ഡിഎഫിനൊപ്പം നിലനിര്‍ത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി റോഷി അഗസ്റ്റിനുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തുണ്ട്.

ജോസ് കെ മാണി മുന്നണി വിട്ടാല്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തെ എല്‍ഡിഎഫിനൊപ്പം നിലനിര്‍ത്തുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. റാന്നി എംഎല്‍എ പ്രമോദ് നാരായണനും റോഷി അഗസ്റ്റിനൊപ്പം നിന്നേക്കും. പാര്‍ട്ടി പിളര്‍ത്തി പുറത്തേക്ക് വന്നാല്‍ രാഷ്ട്രീയ പിന്തുണയും സംരക്ഷണവും നല്‍കാമെന്ന ഉറപ്പ് സിപിഎം നല്‍കും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും നിര്‍ണായകമാണെന്ന വിലയിരുത്തലിലാണ് സിപിഐഎം ഈ ഇരട്ട തന്ത്രം ആവിഷ്‌കരിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നത് എല്‍ഡിഎഫിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകും.

അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ പാലാ സീറ്റില്‍ വിട്ടുവീഴ്ച ചെയ്യാന്‍ മാണി സി കാപ്പന് യുഡിഎഫ് നിര്‍ദേശം നല്‍കി. മുസ്ലിം ലീഗിന്റെ തിരുവമ്പാടി സീറ്റില്‍ മത്സരിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.

കുഞ്ഞാലിക്കുട്ടിക്കൊപ്പം താമരശ്ശേരി ബിഷപ്പുമായി ബന്ധപ്പെട്ട സഭാ പ്രതിനിധികളുമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് മാണി സി കാപ്പനോട് പാല വിട്ടുനല്‍കാനുള്ള നിര്‍ദേശം വന്നിരിക്കുന്നത്. ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ വരികയാണെങ്കില്‍ പാലാ സീറ്റ് അദ്ദേഹത്തിന് നല്‍കാനാണ് നീക്കം.

കേരളാ കോണ്‍ഗ്രസ്-എം എല്‍ഡിഎഫ് വിടുമെന്ന ചര്‍ച്ചകള്‍ ഉയരുന്നുണ്ടെങ്കിലും മുന്നണിമാറ്റം അത്ര എളുപ്പമല്ല. യുഡിഎഫില്‍ എത്തുമ്പോള്‍ മത്സരിക്കാന്‍ എത്ര സീറ്റ് കിട്ടുമെന്നതാണ് പ്രധാനപ്രശ്‌നം. എല്‍ഡിഎഫില്‍ കഴിഞ്ഞതവണ 12 സീറ്റിലാണ് പാര്‍ട്ടി മത്സരിച്ചത്. അത്രയും സീറ്റ് യുഡിഎഫിലും ഉറപ്പാക്കാന്‍ ജോസ് കെ. മാണിക്ക് കഴിയണം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ഉള്‍പ്പെട്ട പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലാകും മാണി വിഭാഗത്തിന് താത്പര്യം. ഈ ജില്ലകളില്‍ സീറ്റ് ഉറപ്പാക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവരുടെ സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യണം. അത് ആ പാര്‍ട്ടികളില്‍ പ്രശ്‌നമുണ്ടാക്കും.

മാണി വിഭാഗത്തെ മുന്നണിയിലേക്ക് ആനയിക്കുന്നതിനെ ജോസഫ് വിഭാഗം അനുകൂലിക്കുന്നില്ല. മാണി വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ സ്വന്തം സീറ്റുകള്‍ വിട്ടുകൊടുക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പുണ്ട്. കോണ്‍ഗ്രസിനും സീറ്റ് മോഹികളെ അനുനയിപ്പിക്കണം. ജോസ് കെ. മാണി എവിടെ മത്സരിക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. പാലാ നിലവില്‍ മാണി സി. കാപ്പന്റെ സിറ്റിങ് സീറ്റാണ്. പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാട് കാപ്പന്‍ ആവര്‍ത്തിക്കുന്നുണ്ട്. കാപ്പനെ നിര്‍ബന്ധിച്ച് മാറ്റിയാല്‍ ജോസിന്റെ വിജയസാധ്യതയെ ബാധിക്കും. അല്ലെങ്കില്‍ കാപ്പന് മറ്റൊരു ഉറച്ച സീറ്റ് നല്‍കേണ്ടിവരും.

പാലാ നഗരസഭയിലും ജോസ് വിഭാഗത്തിന്റെ വരവ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നഗരസഭയില്‍ യുഡിഎഫില്‍ ഭൂരിഭാഗം പേരും ജോസ് കെ. മാണിയെ അനുകൂലിക്കുന്നില്ല. ജോസ് കെ. മാണിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് ബിനു പുളിക്കക്കണ്ടം എല്‍ഡിഎഫ് വിട്ടത്. ഇപ്പോള്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് കൗണ്‍സിലര്‍മാരുടെ പിന്തുണയിലാണ് പാലാ നഗരസഭ യുഡിഎഫ് ഭരിക്കുന്നത്.

കടുത്തുരുത്തി കേരളകോണ്‍ഗ്രസ് വികാരമുള്ള വോട്ടര്‍മാര്‍ ഏറെയുള്ള യുഡിഎഫിന്റെ ഉറച്ച സീറ്റാണെങ്കിലും മോന്‍സ് ജോസഫിനെ അവിടെനിന്ന് മാറ്റാന്‍ ശ്രമിച്ചാല്‍ മുന്നണിയില്‍ അന്തഃച്ഛിദ്രം ഉറപ്പാണ്. യുഡിഎഫില്‍ മുസ്ലിംലീഗ് മത്സരിക്കുന്ന തിരുവമ്പാടിയാണ് പിന്നീട് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍, പാലായില്‍നിന്ന് മറ്റൊരിടത്തേക്ക് മറ്റോരു പാര്‍ട്ടിയുടെ ഔദാര്യത്തില്‍ പോകേണ്ടിവരുന്നതില്‍ പ്രതിച്ഛായാനഷ്ടം ജോസ് ഭയക്കുന്നു.

മുന്നണിവിടുന്നതിനെ മന്ത്രി റോഷി അഗസ്റ്റിനടക്കമുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗം അനുകൂലിക്കുന്നുമില്ല. യുഡിഎഫിലേക്ക് പോകുകയാണെങ്കില്‍ റോഷി അഗസ്റ്റിന്‍, പ്രമോദ് നാരായണന്‍ എന്നീ എംഎല്‍എമാര്‍ ഒപ്പമുണ്ടാകില്ലെന്നാണ് സൂചന. മറ്റു മൂന്നുപേര്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഇടതുമുന്നണിയിലാണെങ്കില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് പറയത്തക്ക പ്രതിസന്ധികളുമില്ല. തദ്ദേശതിരഞ്ഞെടുപ്പില്‍ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാന്‍ സിപിഎം തയ്യാറായി. നിലവില്‍ ഇടതുമുന്നണിയുടെ രാജ്യസഭാംഗമാണ് ജോസ്. മുന്നണിമാറിയാല്‍ രാജി വെക്കേണ്ടിയും വരും. തുടര്‍ച്ചയായ മുന്നണിമാറ്റം പാര്‍ട്ടിയുടെയും ജോസ് കെ. മാണിയുടെയും രാഷ്ട്രീയവിശ്വാസ്യതയ്ക്കും കോട്ടമാകും.

അതേസമയം കത്തോലിക്കാസഭയില്‍ നിന്ന് ജോലിന് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ട്. രണ്ട് രൂപതാനേതൃത്വങ്ങള്‍ ജോസ് കെ. മാണിക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മറ്റു മൂന്നുബിഷപ്പുമാരും ഇതേ ആശയം പങ്കുവെച്ചതായാണ് സൂചന. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലെത്തണമെന്ന് മുസ്ലിംലീഗും ആവശ്യപ്പെടുന്നുണ്ട്. യുഡിഎഫ് വിപുലീകരണ ചര്‍ച്ചകള്‍ക്കിടെയാണ് എല്‍ഡിഎഫ് പരിപാടികളില്‍ ജോസ് കെ. മാണിയുടെ അസാന്നിധ്യം. പാര്‍ട്ടി അണികളിലും ഇത് വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കോട്ടയത്ത് 16-ന് ചേരുന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ രാഷ്ട്രീയതീരുമാനം നേതൃത്വം പറയേണ്ടിവരുമെന്ന് രണ്ടാംനിരനേതാക്കള്‍ പറയുന്നു.

മുന്നണിവിടുന്നെങ്കില്‍ എന്തുകൊണ്ടെന്ന് വിശദീകരിക്കേണ്ടിവരും. എല്ലാവരും അതിനോട് യോജിക്കാനുമിടയില്ല. അങ്ങനെയെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങാനിടയുണ്ട്. അഭിപ്രായ ഐക്യമുണ്ടാകുന്നതുവരെ സ്റ്റിയറിങ്കമ്മിറ്റി യോഗം മാറ്റിവെക്കാനും സാധ്യതയുണ്ട്. 'വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ വിസ്മയം' എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത് കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിങ് കമ്മിറ്റി യോഗം മനസ്സില്‍വെച്ചാണോയെന്ന സംശയവും ഉയര്‍ത്തുന്നു.സോണിയാഗാന്ധി യുഡിഎഫിലേക്ക് ജോസ് കെ. മാണിയെ നേരിട്ട് ക്ഷണിച്ചെന്ന വാര്‍ത്ത കേരള കോണ്‍ഗ്രസ്-എമ്മിലെ മിക്കനേതാക്കളും സ്ഥിരീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്ഥിരീകരണവുമില്ല.