സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ നടന്ന ലക്ഷ്യ നേതൃക്യാമ്പ് സാക്ഷ്യം വഹിച്ചത് നേതാക്കളുടെ ഐക്യത്തിന്. ഇടക്കാലം കൊണ്ട് നേതൃത്വവുമായി ഉടക്കി നിന്ന മുതിര്‍ന്ന നേതാവ് ശശി തരൂരിനെ നേതാക്കള്‍ ചേര്‍ത്തു നിര്‍ത്തി എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ കോണ്‍ഗ്രസുമായി ശശി തരൂരിന് ഒരു പ്രശ്നവുമില്ലെന്ന് രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും വ്യ്കതമാക്കി.

തരൂര്‍ എല്ലാ കാര്യത്തിലും സഹകരിക്കുന്നുണ്ട്. രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 'അദ്ദേഹം 100 ശതമാനം പാര്‍ട്ടിക്കാരനല്ല. ഞങ്ങളെയൊക്കെപ്പോലെ പ്രവര്‍ത്തനമല്ല അദ്ദേഹത്തിന്റേത്. മറ്റൊരു തലത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ചില കാര്യങ്ങളിലൊക്കെ അഭിപ്രായം പറയും. എന്നുകരുതി അദ്ദേഹം കോണ്‍ഗ്രസുകാരനല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും' ചെന്നിത്തല ചോദിച്ചു.

അതേസമയം ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപ്പെട്ട നേതാവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പ്രതികരിച്ചു. തരൂരിനെ ഉപയോഗിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന് തരൂരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടി ലൈനില്‍ നില്‍ക്കുന്നതില്‍ സന്തോഷമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

ജനുവരിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യം. അതിനായി സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍ ഉടന്‍ കേരളത്തിലെത്തും. സുനില്‍ കനഗോലു കോണ്‍ഗ്രസിന്റെ ഭാഗമാണ്. കനഗോലുവിന്റെ സേവനങ്ങള്‍ പാര്‍ട്ടി പരമാവധി പ്രയോജനപ്പെടുത്തും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ ശക്തമായ സമരമുണ്ടാകും. വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ദേവസ്വം ഏല്‍പ്പിച്ച് നല്‍കി. അതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. സങ്കല്‍പ്പിക്കാനാവാത്ത കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.