- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ വീണ്ടും രാജദാസന്മാര്‍ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; വിദൂഷകരെ പോലെ രാജാവിനെ തൃപ്തിപ്പെടുത്താന്‍ പലതും ചെയ്യും; തരൂരിനെ പരോക്ഷമായി വിമര്‍ശിച്ച് കെ സി വേണുഗോപാല്‍
കേരളത്തില്‍ വീണ്ടും രാജദാസന്മാര്‍ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്;
പത്തനംതിട്ട: സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച ശശി തരൂരിനെതിരെ ഒളിയമ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കേരളത്തില്‍ ഇപ്പോള്‍ ചില രാജദാസന്മാര്‍ ഇറങ്ങിയിരിക്കുന്നു. രാജകൊട്ടാരത്തിലെ വിദൂഷകന്മാരെപ്പോലെയാണ് ചിലരെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു. ശശി തരൂരിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു കെ.സി. വേണുഗോപാലിന്റെ വിമര്‍ശനം.
രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണിത്. പിണറായി സര്‍ക്കാരിന്റെ 3.0യെ പറ്റിയാണ് ഇവരുടെ സംസാരം. വിദൂഷകന്മാര്‍ രാജാവിനെ തൃപ്തിപ്പെടുത്താന്‍ എന്തും ചെയ്യും. അരിയാഹാരം കഴിക്കുന്ന കേരളീയര്‍ ഇത് വിശ്വസിക്കുമോ. രണ്ടാമത്തെ ദുരന്തം സഹിക്കാന്‍ വയ്യാതായി. അപ്പോഴാണ് മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്ന് പറയുന്നത്. മൂന്നാം പിണറായി സര്‍ക്കാര്‍ വരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അണികള്‍ പോലും താല്‍പര്യപ്പെടുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അതേസമയം, കേരളത്തിലെ നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ശശി തരൂര്‍ എംപി നിലപാട് കടുപ്പിച്ചിരുന്നു. കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്നും തിരുവനന്തപുരത്ത് തനിക്ക് കോണ്‍ഗ്രസ് ഇതര വോട്ടുകളും ലഭിച്ചുവെന്ന് തരൂര്‍ പറഞ്ഞു. ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വര്‍ത്തമാനം എന്ന മലയാളം പോഡ്കാസ്റ്റിലാണ് തരൂരിന്റെ പ്രതികരണം.
നാല് വട്ടം തിരുവനന്തപുരത്ത് നിന്നും വിജയിച്ച തനിക്ക് ജനപിന്തുണയുണ്ടെന്നും രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തെ സംബന്ധിക്കുന്ന തന്റെ സ്വതന്ത്ര നിലപാടുകളെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതായും തരൂര്‍ പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥിരം വോട്ട് ബാങ്കിന് അപ്പുറത്തേക്കും ജനങ്ങളെ ആകര്‍ഷിക്കാന്‍ തയ്യാറാകണം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്ത് കിട്ടിയ ജനപിന്തുണയെ ഉദാഹരിച്ചായിരുന്നു തരൂരിന്റെ നിരീക്ഷണം. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തന പദ്ധതി രൂപീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മൂന്നാം വട്ടവും കേരള നിയമസഭയില്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.