പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിക്കാൻ സ്വന്തം പാർട്ടിയിലോ മുന്നണിയിലോ ആളുകൾ ഇല്ലാത്തതാണ് കുറച്ചുകാലമായുള്ള അവസ്ഥ. സിപിഎമ്മിൽ പിണറായി വിമർശകർ തീരെ ഇല്ലാത്ത അവസ്ഥ. മുമ്പ് ആഭ്യന്തര വകുപ്പിനെ അടക്കം വിമർശിക്കാൻ സിപിഐ നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ, കുറച്ചുകമായി കാനം രാജേന്ദ്രനും നിശബ്ദനാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായിക്കെതിരെ ഒരു വിമർശനം ഇടതു മുന്നണിയിൽ നിന്നും ഉയരുന്നത്. അടുത്തകാലത്തായി സ്വന്തം പാർ്ട്ടിയിൽ നിന്നും അവഗണന നേരിടുന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിലാണ് മു്ഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചും രംഗത്തുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനമാണ് കെ ഇ ഇസ്മയിൽ ഉന്നയിച്ചത്. കർഷക തൊഴിലാളികളുടെ കാര്യത്തിൽ പിണറായി വിജയൻ തലമറന്ന് എണ്ണ തേക്കരുതെന്ന് ഇസ്മായിൽ മുന്നറിയിപ്പ് നൽകി. കർഷക തൊഴിലാളി ഫെഡറേഷൻ (ബിജെഎംയു) പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിമർശനം. കർഷക തൊഴിലാളി ആനുകൂല്യം കൊടുത്തു തീർക്കാത്ത പിണറായി സർക്കാറിന്റെ നടപടിക്കെതിരെയണ് ഇസ്മയിൽ വിമർശനം ഉന്നയിച്ചത്.

നിങ്ങൾ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വരണം. തലയിൽ ചൂടിയിരിക്കുന്ന കിരീടം കർഷക തൊഴിലാളികളുടെ സംഭാവനയാണ്. അവർ അഹോരാത്രം പണിപ്പെട്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കേരളത്തിൽ വിജയിപ്പിച്ചിട്ടുള്ളത്. അല്ലാതെ സ്വർണക്കടത്തൊന്നുമല്ല. കെ ഇ ഇസ്മായിൽ വ്യക്തമാക്കി. അതിവർഷാനുകൂല്യമായി കൊടുക്കാനുള്ളത് 466 കോടി രൂപയുടെ കുടിശ്ശികയാണ്. മിനിമം പെൻഷൻ 3000 രൂപയാക്കണം. കർഷക തൊഴിലാളി പെൻഷൻ നൽകുന്നതിനുള്ള നിബന്ധനകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മക്കൾക്ക് ജോലിയുണ്ടോ, സൗകര്യമുള്ള വീടുണ്ടോ എന്നൊക്കെ നോക്കി പെൻഷൻ നൽകുന്ന രീതി നിർത്തണം. മറ്റു മേഖലകളിൽ പെൻഷൻ നൽകുമ്പോൾ മക്കളുടെ ജോലിയും സൗകര്യമുള്ള വീടുമൊന്നും മാനദണ്ഡമാക്കുന്നില്ലല്ലോ എന്നും ഇസ്മായിൽ ചോദിച്ചു. അടുത്തുകാലത്ത് സിപിഎമ്മിനെ വിവാദത്തിലാക്കിയ വിഷയങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു ഇസ്മയിലിന്റെ വിമർശനം എന്നതും ശ്രദ്ധേയമായി.