- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം; സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം; നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണം'; വര്‍ഗീയ പ്രസംഗവുമായി കെ.എം. ഷാജി
'യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം'
ദുബായ്: യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന വര്‍ഗീയ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ലീഗ് നേതാവിന്റെ വര്‍ഗീയ പരാമര്‍ശം. എംഎല്‍എ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്നും കെ.എം. ഷാജി ദുബായിലെ പരിപാടിയില്‍ പറഞ്ഞു.
ഒമ്പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ് അണ്‍ എയ്ഡഡ് എത്ര കോഴ്സുകള്‍ എത്ര ബാച്ചുകള്‍ മുസ്ലിം മാനേജ്മെന്റിന് കിട്ടി ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎല്‍എമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാന്‍വേണ്ടി മാത്രം ആയിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനകണമെന്നും കെ.എം. ഷാജി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ടിയെ യുഡിഎഫില്‍ എടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ലീഗ് നേതാവിന്റെ പരാമര്‍ശവും പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ളവരുമയാി സഖ്യം ചേരുന്നത് മതനിരപേക്ഷതയ്ക്ക് അപകടമാണെന്ന് സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് യുഡിഎഫ് അധികാരം നേടേണ്ടത് മുസ്ലീംസമുദായത്തിന് വേണ്ടിയാണെന്ന വിവാദ പരാമര്‍ശം നടത്തിയത്. ഷാജിയുടെ വാക്കുകള്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ്. ബിജെപി വാക്കുകള്‍ ഉപയോഗിക്കുമെന്ന കാര്യം ഉറപ്പാണ്. വെള്ളാപ്പള്ളി അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചത് കോളേജുകളുടെയും സ്‌കൂളുകളുടെയും പേരിലാണ്.
അതേസമയം മന്ത്രിസ്ഥാനത്തുള്ള ഒരു വ്യക്തി ആള്‍ദൈവമായ അമൃതാനന്ദമയിയെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും ഒരു പോലെ തെറ്റാണെന്ന് ഇന്നലെ കെ.എം ഷാജി പറഞ്ഞിരുന്നു. അമൃതാനന്ദമയിയുടെ ജന്മദിനത്തില്‍ അമൃതപുരിയിലെത്തിയ മന്ത്രി സജി ചെറിയാന്‍ അവരെ ചേര്‍ത്ത് പിടിക്കുകയും ചുംബിക്കുകയും ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു.
ഇതിനെ വിമര്‍ശിക്കുന്നതിനിടെയാണ് കെ.എം ഷാജി ഒരു മന്ത്രി ആള്‍ദൈവത്തെ കെട്ടിപ്പിടിക്കുന്നതും ദര്‍ഗയില്‍ പോയി തുണി വിരിക്കുന്നതും തെറ്റാണെന്ന് പറഞ്ഞത്. ആഗോള അയ്യപ്പ സംഗമത്തില്‍ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതിനെയും കെ.എം ഷാജി വിമര്‍ശിച്ചിരുന്നു. വനിത മതില്‍ സംഘടിപ്പിച്ച സി.പി.എം തന്നെ അയ്യപ്പ സംഗമം നടത്തിയതിനെയും കെ.എം ഷാജി ചോദ്യം ചെയ്തിരുന്നു.
അതേസമയം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ഇ കെ വിഭാഗം നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും രംഗത്തുവന്നു. മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീര്‍ത്തും പ്രതിഷേധാര്‍ഹവുമാണ് ഷാജിയുടെ പ്രസംഗമെന്ന് ഹമീദ് ഫൈസി ഫേസ്ബുക്കില്‍ വ്യക്തമാക്കി.
സുന്നികള്‍ക്കെതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ല ഇത്. സുന്നികള്‍ക്കെതിരെയും സമസ്ത അധ്യക്ഷനെതിരെയും സുന്നി സംഘടനകള്‍ക്കെതിരെയും കുറച്ച് കാലമായി ചിലര്‍ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന രീതി ആര്‍ക്കും ഗുണം ചെയ്യില്ലെന്നും ഹമീദ് ഫൈസി താക്കീത് നല്‍കി.
മുജാഹിദ് വിഭാഗങ്ങള്‍ക്ക് മുസ്ലിം ലീഗില്‍ എത്ര ഉയര്‍ന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികള്‍ അതുള്‍ക്കൊള്ളും. പക്ഷേ, ആ സ്ഥാനത്തിരുന്ന് സുന്നികളെയും അവര്‍ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തിക്കാണിക്കുന്ന പ്രവണത അംഗീകരിക്കാന്‍ കഴിയില്ല. മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചുകടത്താനാണ് ഷാജിയുടെ ശ്രമമെന്നും അമ്പലക്കടവ് പറഞ്ഞു.