തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് തലവച്ചു കൊടുക്കാതിരുന്നത് നന്നായെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന സിപിഎമ്മിനു ധാര്‍മികതയില്ലെന്നും ഇപ്പോള്‍ രാജിവച്ചില്ലെങ്കില്‍ കൂടുതല്‍ മോശപ്പെട്ട അവസ്ഥയില്‍ ഇറങ്ങേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ അയ്യായിരത്തിനും പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ഞാന്‍ എല്ലാ തെരഞ്ഞെടുപ്പിലും കയറി മത്സരിക്കേണ്ട കാര്യമില്ല. ബിജെപിയിലെ കൃഷ്ണകുമാറിനെ പോലെ എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഞാനില്ല. ഇപ്പോള്‍ പോയി പാലക്കാട്ട് തലവച്ചു കൊടുക്കാഞ്ഞത് നന്നായെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാനെ ഇനി സംരക്ഷിച്ചാല്‍ സിപിഎം വഷളാകുന്നുവെന്നാണു കരുതേണ്ടത്. കൂടുതല്‍ മോശപ്പെട്ട സ്ഥിതിയില്‍ അദ്ദേഹത്തിന് രാജിവച്ചു പോകേണ്ടി വരും. രാജിയാണ് ഏറ്റവും ഉചിതമായ നടപടി. സജി ചെറിയാന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയുണ്ട്. ധാര്‍മികതയില്ലാത്ത പാര്‍ട്ടിയായിരിക്കുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

മുനമ്പം വഖഫ് വിഷയത്തില്‍ മതസൗഹാര്‍ദത്തിന് കോട്ടമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണു ചര്‍ച്ച ചെയ്യേണ്ടത്. കഴിഞ്ഞുപോയതിനെ കുറിച്ചല്ല ചര്‍ച്ച ചെയ്യേണ്ടത്. മന്ത്രി അബ്ദുറഹ്‌മാനാണ് ആവശ്യമില്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. പരിഹാരം കാണാനുള്ള ഏതു മാര്‍ഗത്തിനും ഞങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു