തിരുവനന്തപുരം: ശശി തരൂരിന്റെ വിവാദ ലേഖനത്തെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ ആഞ്ഞടിക്കുന്നത് തുടരുകയാണ്. പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും മുരളീധരന്‍ തുറന്നടിച്ചു. തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരന്‍ പ്രതികരിച്ചു.

തരൂര്‍ ചെയ്തത് ശരിയായ നടപടിയല്ലെന്നും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ രീതിയില്‍ ചിന്തിക്കാന്‍ പാടില്ലായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. തരൂര്‍ ചെയ്തത് ശരിയായ നടപടിയല്ല. എല്ലാ കാര്യങ്ങളിലും വ്യക്തിപരമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമില്ല. പലര്‍ക്കും വ്യക്തിപരമായ പല അഭിപ്രായങ്ങളുണ്ടാകും. പക്ഷേ പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ക്കാണ് പ്രാധാന്യം. പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി, ജനപ്രതിനിധിയായിട്ടുള്ള വ്യക്തി ഈ രീതിയില്‍ ചിന്തിക്കാന്‍ പാടില്ലായിരുന്നു -കെ. മുരളീധരന്‍ പറഞ്ഞു.

ശശി തരൂര്‍ വര്‍ണിച്ചിട്ടുള്ളത് പി. രാജീവിന്റെ പി.ആര്‍ വര്‍ക്കിനെയാണ്. ശശി തരൂര്‍ ഇവിടെ നാലു തവണ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടി രാപ്പകല്‍ പണിയെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. ആ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്തില്‍ ജയിക്കാനുള്ള അവസരാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. അത് അദ്ദേഹം ഓര്‍ക്കണ്ടേ? അത് ഒരു ലേഖനം കൊണ്ട് ഇല്ലാതാക്കണോ? -മുരളീധരന്‍ ചോദിച്ചു.

അതേസമയം, ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നും വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. വ്യവസായങ്ങളെ വെള്ള പുതച്ചവര്‍ക്ക് ശുദ്ധിപത്രം നല്‍കുന്നത് ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡ് നല്‍കുന്നതുപോലെയാണെന്ന് ലേഖനം വിമര്‍ശിക്കുന്നു.

അതേസമയം, പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ശശി തരൂരിനോടുള്ള നേതൃത്വത്തിന്റെ നിലപാടില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം ഇന്ന് രംഗത്തുവന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്.

സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നു.

കേരളം വികസന സൗഹൃദ സംസ്ഥാനമെന്ന ലേഖനത്തിലും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പ്രതികരണത്തിലുമാണ് വിമര്‍ശനം. ആരാച്ചാര്‍ക്ക് അഹിംസ അവാര്‍ഡോ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. ശശി തരൂരിന്റെ നിലപാട് വികലമായ രാഷ്ട്രീയ രീതിയാണ്. രാവിലെ മുതല്‍ വെള്ളം കോരി സന്ധ്യക്ക് കുടം ഉടയ്ക്കുന്ന രീതി പരിഹാസ്യമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് എതിരായിരിക്കെ യുഡിഎഫ് പരാജയപ്പെട്ടാല്‍ വലിയ തിരിച്ചടിയാകും ഉണ്ടാകുക. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

എല്‍ഡിഎഫിന്റെ ഭരണക്കെടുതികള്‍ക്കെതിരെ പോരാടുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍പിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമായിരിക്കും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഇതിനിടെ വിവിധ കരാറുകളില്‍ ഉറപ്പ് നേടിയതും മഹത്തായ കാര്യമല്ല. കര്‍ക്കിടക സന്ധ്യക്ക് രാമസ്തുതി ചൊല്ലേണ്ടിടത് രാവണസ്തുതികള്‍ ഉരുവിടുന്നത് വിശ്വാസഭ്രംശവും ആചാരവിരുദ്ധവുമാണെന്നും വീക്ഷണം കുറ്റപ്പെടുത്തി.

'ചെയ്ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടില്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന ശശി തരൂരിന്റെ ലേഖനമാണ് ഇരു മുന്നണികള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായത്. സ്റ്റാര്‍ട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളില്‍ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂര്‍ ലേഖനത്തില്‍ എടുത്തു പറഞ്ഞത്.