- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ ലീഡ് നേടിയ മണ്ഡലം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കുന്ന ഗുരുവായുര്‍ ഏറ്റെടുക്കാന്‍ ചര്‍ച്ചകളുമായി കോണ്‍ഗ്രസ്; പട്ടാമ്പി സീറ്റുമായി വെച്ചുമാറാന്‍ ആലോചന; കൈപ്പത്തി ചിഹ്നത്തിന് ഗുരുവായൂരില്‍ ജയം ഉറപ്പെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്; സീറ്റ് കൈമാറ്റത്തില്‍ എതിര്‍പ്പുമായി മുസ്ലിംലീഗ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ ലീഡ് നേടിയ മണ്ഡലം
തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ലീഡ് നേടിയ ഏക നിയമസഭാ മണ്ഡലം ഗുരുവായൂരായിരുന്നു. ഈ സീറ്റില്‍ ഇക്കുറി മുരളീധരന്‍ മത്സരിച്ചാല്‍ വിജയിച്ചു കയറാന്‍ സാധ്യത കൂടുതലാണ് എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ സീറ്റുകള്‍ പങ്കുവെക്കുന്ന ധാരണകളിലേക്ക് യുഡിഎഫ് കടക്കുമ്പോള്‍ ഗുരുവായൂരും പട്ടാമ്പിയും തമ്മില്‍ വെച്ചുമാറാനാണ് നീക്കം നടക്കുന്നത്.
മുസ്ലിം ലീഗിന് വിജയസാധ്യതയില്ലാത്ത ഗുരുവായൂര്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം. പകരം പാലക്കാട് ജില്ലയിലെ പട്ടാമ്പി ലീഗിന് നല്‍കിയേക്കും. പതിവായി തോല്‍ക്കുന്ന മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനങ്ങളുടെയും പരിശോധനകളുടേയും അടിസ്ഥാനത്തിലാണ് യു.ഡി.എഫ് നീക്കമെന്നാണ് വിലയിരുത്തല്‍. സീറ്റ് വെച്ചുമാറുന്ന ചര്‍ച്ചകള്‍ പുരോഗമിക്കെ തന്നെ കെ.മുരളീധരന്റെ പേരാണ് ഗുരുവായൂരില്‍ ഉയര്‍ന്നുവരുന്നത്.
കെ.പി.സി.സിയോട് ഗുരുവായൂര്‍ സീറ്റ് വേണമെന്ന് തൃശൂര്‍ ഡി.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാല്‍ ഗുരുവായൂരില്‍ ജയിക്കാനാകുമെന്ന് തൃശ്ശൂര്‍ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഗുരുവായൂര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് വേണമെന്നും, സ്ഥാനാര്‍ത്ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് പ്രാദേശക തലത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഇതോടെയാണ് വിഷയം വീണ്ടും സജീവമായി ചര്‍ച്ചയായി.
എന്നാല്‍, മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം ശക്തമായ വിയോജിപ്പുമായി രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യമുന്നയിച്ചത് പോലെ ഗുരുവായൂര്‍ നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് കൈമാറില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു. സീറ്റ് കൈമാറ്റം സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും ഗുരുവായൂരിലെ പരാജയത്തിനുള്ള കാരണം മറ്റു പലതുമാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് പ്രതികരിച്ചു.
മുരളീധരനോട് വ്യക്തിപരമായി വിയോജിപ്പില്ലെങ്കിലും ഗുരുവായൂരില്‍ ലീഗ് തന്നെ മത്സരിക്കുമെന്ന് ലീഗ് ജില്ല നേതൃത്വവും പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അടുത്ത തവണ അധികാരം പിടിക്കാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി പലനീക്കുപോക്കുകള്‍ക്കും ഘടകക്ഷികള്‍ തയാറാകുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം, ഗുരുവായൂര്‍ മത്സരിക്കാനുള്ള സാധ്യത കെ.മുരളീധരന്‍ തള്ളിയിട്ടുണ്ട്. താന്‍ മത്സരിക്കാനില്ലെന്നും തെരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കാനാണ് താല്‍പര്യമെന്നും മുരളീധരന്‍ പറഞ്ഞു. ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രമാണെന്നും താന്‍ ഗുരുവായൂരപ്പന്റെ ഭകതനാണെന്നും കെ മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് നിയമസഭ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.




