- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കുമില്ല; പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് വീട്ടിലിരിക്കും; എന്നാലും ബി.ജെ.പിയിലേക്കില്ല; കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും കെ മുരളീധരന്
തന്റെ അമ്മയെ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കരുതെന്നും മുരളീധരന്
കോഴിക്കോട്: ബി.ജെ.പിയിലേക്കുള്ള കെ സുരേന്ദ്രന്റെ ക്ഷണം തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ.മുരളീധരന്‍. പാര്‍ട്ടി തന്നെ അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് വീട്ടിലിരിക്കും. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെക്കുറിച്ച് പറഞ്ഞ തമാശ ആസ്വദിച്ചുവെന്നും കെ.മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അവഗണനയുണ്ടായാല്‍ രാഷ്ട്രീയ വിരമിക്കലാണ് തന്റെ നയമെന്നും ബി.ജെ.പിയിലേക്ക് ഒരിക്കലും പോകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അമ്മയെ അനാവശ്യ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ആട്ടും തുപ്പും സഹിച്ച് കെ.മുരളീധരന്‍ എന്തിനാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്ന സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുരളീധരന്‍.
അമ്മയെ അവഹേളിച്ചവന് വേണ്ടി വോട്ട് പിടിക്കേണ്ട ഗതികേടിലാണ് താന്‍ എന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പരാമര്‍ശത്തിനും മുരളീധരന്‍ മറുപടി നല്‍കി. എന്റെ അമ്മ ഞങ്ങളുടെ വീടിന്റെ വിളക്കാണ്. ഒരുകാലത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നപ്പോഴും വീട്ടില്‍ വരുന്നവര്‍ക്ക് ഒരു കപ്പ് കാപ്പിയെങ്കിലും നല്‍കാതെ അമ്മ പറഞ്ഞു വിടാറില്ല. അങ്ങനെയുള്ള എന്റെ അമ്മയെ ദയവായി മോശമായ തരത്തില്‍ വലിച്ചിഴയ്ക്കരുത് മുരളീധരന്‍ പറഞ്ഞു.
പത്മജ ബിജെപിയിലാണ് അതുകൊണ്ട് അവര്‍ക്ക് എന്തും പറയാം. ഞാന്‍ കോണ്‍ഗ്രസിലാണ്. എന്റെ അമ്മയെ അനാവശ്യമായി ഒരു കാരണവശാലും വലിച്ചിഴയ്ക്കരുത്. ഇലക്ഷന്‍ 13-ാം തീയതി കഴിയും. അമ്മയെക്കുറിച്ച് നല്ല വാക്കു പറഞ്ഞതിന് കെ സുരേന്ദ്രനോട് നന്ദി പറയുന്നു.
കോണ്‍ഗ്രസിന്റെ ആട്ടുംതുപ്പുമേറ്റ് കഴിയുന്ന കെ.മുരളീധരന് ഓട്ടക്കാലിന്റെ വിലപോലും പാര്‍ട്ടിക്കാര്‍ കല്‍പ്പിക്കുന്നില്ലെന്നാണ് കെ.സുരേന്ദ്രന്‍ പറഞ്ഞത്. സ്വന്തം അമ്മ കല്യാണിക്കുട്ടിയമ്മയെ അവഹേളിച്ചയാള്‍ക്കുവേണ്ടി വോട്ടുപിടിക്കുന്ന മുരളീധരന് എന്തോ സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുടുംബത്തില്‍ അടിമയെപ്പോലെ മുരളീധരന്‍ കഴിയേണ്ട ആവശ്യം ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. എന്റെ ഫിസിക്കല്‍ പ്രസന്‍സ് പാലക്കാട്ട് ഇല്ലെങ്കിലും എല്ലാ പിന്തുണയും യു.ഡി.എഫ്. സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിനുണ്ട്. നവംബര്‍ ഒന്ന്, രണ്ട്, ആറ് ദിവസങ്ങളില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധി മത്സരിക്കുമ്പോള്‍ എങ്ങനെയാണ് ഒരാള്‍ക്ക് മാറി നില്‍ക്കാന്‍ സാധിക്കുകയെന്നും അങ്ങനെ മാറിനില്‍ക്കുന്ന ഒരു വ്യക്തി കോണ്‍ഗ്രസുകാരനല്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അന്‍വര്‍ സ്ഥാനാര്‍ഥികളെ വെച്ച് വിലപേശല്‍ നടത്തുന്നത് ശരിയല്ല. രമ്യ ഹരിദാസിനെ പിന്‍വലിച്ച് ഒരു എഗ്രിമെന്റിനും കോണ്‍ഗ്രസ് പാര്‍ട്ടി തയാറല്ല. ഹൈക്കാമാന്റ് പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാര്‍ഥിയാണ് രമ്യ ഹരിദാസ്. നല്ല ഭാവിയുള്ള കുട്ടിയാണ്. ഒരു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെന്ന് വെച്ച് അവരുടെ ഭാവിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഒരു കാരണവശാലും പാലക്കാടും ചേലക്കരയിലും യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ഒരു മാറ്റവും വരുത്താന്‍ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയസാധ്യതയില്ലാത്ത ഒരു സ്വതന്ത്ര്യന് വോട്ടുചെയ്ത് യു.ഡി.എഫിനെ പരാജയപ്പെടുത്തുന്ന വിഢിത്തരം പാലക്കാട്ടെ ജനങ്ങള്‍ ചെയ്യില്ല. പി.വി. അന്‍വര്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത് തള്ളികളയുന്നില്ല. എന്നാല്‍, പാലക്കാടും ചേലക്കരയിലും അദ്ദേഹത്തിന് സ്വാധീനമില്ലെന്നും മുരളീധരന്‍ പറഞ്ഞു.