തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. സംഗമം വിപുലീകരിക്കാന്‍ മദ്യവും കോഴിക്കാലും പെണ്ണും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കുന്നുണ്ടോ എന്ന് ശശികല ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. സംഗമത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കായി പമ്പയിലെ ശബരിമല മരാമത്ത് ഓഫിസില്‍ 'മണിയറ' ഒരുക്കിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ശശികലയുടെ വാക്കുകളില്‍, 'ഇത് പമ്പയിലുള്ള ശബരിമല ബോര്‍ഡ് മരാമത്ത് ഓഫിസാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി ഈ ഓഫിസില്‍ ഒരു ജോലിയും നടക്കുന്നില്ല. പകരം മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കായി 'മണിയറ' ഒരുക്കിയിരിക്കുകയാണ്. കട്ടിലുകള്‍ കൊണ്ടുവന്ന് നിറച്ചിരിക്കുന്നു. പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോള്‍ ഈ ഓഫിസ് ഇങ്ങനെ തരംമാറ്റാന്‍ ആരാണ് അനുവാദം നല്‍കിയത്? ഒരു സംഗമത്തിനെത്തിയവര്‍ പന്തലില്‍ സംഗമിച്ച് പോയാല്‍ പോരെ? എന്തിനാണ് മണിയറ? അതോ സംഗമം കേമമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ?'

ഈ മാസം 20ന് രാവിലെയാണ് ആഗോള അയ്യപ്പ സംഗമം ആരംഭിക്കുന്നത്. രാവിലെ 10.35ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംഗമം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.50ന് സമ്മേളനം സമാപിക്കും. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി തുടങ്ങിയ സാമൂഹിക സംഘടനകള്‍ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിപക്ഷവും ബി.ജെ.പിയും സംഗമം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ നിര്യാണം മൂലം ശുദ്ധി കഴിയാത്തതിനാല്‍ പന്തളം കൊട്ടാരം സംഗമത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കെ പി ശശികലയുടെ പോസ്റ്റ്:

ഇത് പമ്പയിലുള്ള ശബരിമല ബോര്‍ഡ് മരാമത്ത് ഓഫീസ്. കഴിഞ്ഞ ഒരാഴ്ചയിലധികമായി ഈ ഓഫീസില്‍ ഒരു പണിയും നടക്കുന്നില്ല.

പകരം അവിടെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കായി 'മണിയറ' ഒരുക്കിയിരിക്കുന്നു. കട്ടിലുകള്‍ കൊണ്ടുവന്ന് നിറച്ചിരിക്കുന്നു. പമ്പ ഗസ്റ്റ് ഹൗസ് അവിടെ ഉള്ളപ്പോള്‍ ഈ ഓഫീസ് ഇങ്ങനെ തരംമാറ്റാന്‍ ആരാണ് അനുവാദം കൊടുത്തത് ?

ഒരു സംഗമത്തിനു വന്നവര്‍ പന്തലില്‍ സംഗമിച്ചങ്ങ് പോയാല്‍ പോരെ എന്തിനാണ് മണിയറ ? അതോ സംഗമം കേമാക്കാന്‍ മദ്യവും കോഴിക്കാലും ഒപ്പം പെണ്ണും എല്ലാമുണ്ടോ?