പാലക്കാട്: ഉപതെരഞ്ഞെടുപ്പിനായി കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ കഴിഞ്ഞ ദിവസം അർധരാത്രിയിൽ പോലീസിന്റെ രാത്രി റെയ്ഡ് നടന്നത്. രാത്രി 12.10നാണ് സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്.

12 മുറികൾ പരിശോധിച്ചെന്നും പണം ഒന്നും കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി അറിയിച്ചു. പോലീസിന്റെ നടപടിയിൽ പ്രതിഷേധവുമായി യുഡിഎഫ് നേതാക്കളെല്ലാം രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ രാത്രി റെയ്ഡിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത് വന്നിരിക്കുകയാണ്. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന് കെ സുധാകരൻ ആരോപണം ഉയർത്തി.

മന്ത്രി പോലീസിന് നേരിട്ട് നിർദേശം നൽകിയെന്നും കെ സുധാകരൻ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെന്ന് രാജേഷ് പോലീസിനോട് വ്യക്തമാക്കി. സ്ത്രീകളെ അപമാനിച്ച പോലീസ് നടപടി യുഡിഎഫിന് ​ഗുണം ചെയ്യുമെന്നും സുധാകരൻ വ്യക്തമാക്കി. പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം വർധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പറഞ്ഞു.