- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്ക് സുഖമില്ലാത്തവരാണ് ദിവ്യയുടെ ജാമ്യത്തില്‍ എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുക; നിയമ നടപടിയുമായി മുന്നോട്ടു പോകുന്ന എഡിഎമ്മിന്റെ കുടുംബത്തിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്ന് കെ സുധാകരന്‍; ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിധിയില്‍
തലയ്ക്ക് സുഖമില്ലാത്തവരാണ് ദിവ്യയുടെ ജാമ്യത്തില്‍ എന്തെങ്കിലും പ്ലസ് പോയിന്റുണ്ടെന്ന് കരുതുക
കണ്ണൂര്‍: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. സി.പി.എമ്മിന്റേത് ആത്മാര്‍ത്ഥതയുള്ള ദൃഢനിശ്ചയമാണോ എന്ന് തനിക്കറിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. പി.പി. ദിവ്യയുടെ ജാമ്യത്തില്‍ അവര്‍ക്ക് എന്തെങ്കിലും പ്ലസ് പോയിന്റുണ്ട് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ തലയ്ക്ക് സുഖമില്ലാത്തവരെന്നേ താന്‍ പറയൂ എന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.എമ്മിന്റെ കുടുംബം നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ്. ആ കുടുംബത്തിനൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നില്‍ക്കും. ഈ യുദ്ധത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം .ഡി.എം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്കെതിരായ ആത്മഹത്യാ പ്രേരണാ കുറ്റം നിലനില്‍ക്കുമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. ദിവ്യക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണക്കുറ്റം കേസില്‍ നിലനില്‍ക്കുമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച 33 പേജുള്ള വിധിന്യായത്തിലാണ് ഈ പരാമര്‍ശം.
സാമൂഹികഘടനയില്‍ കുടുംബത്തിന്റെ നാഥ എന്ന പരിഗണനയിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും കുടുംബനാഥയുടെ അസാന്നിധ്യത്തില്‍ കുടുംബം അസ്വസ്ഥമാകുമെന്നും കോടതി നിരീക്ഷിച്ചു. ചികിത്സാരേഖകള്‍ ഹാജരാക്കിയതുപ്രകാരം ദിവ്യയുടെ പിതാവിന്റെ രോഗാവസ്ഥയും കോടതി പരിഗണിച്ചു.
പ്രതിക്കെതിരെ സമൂഹത്തിന്റെ വികാരം പരിഗണിച്ച് ജാമ്യം നിഷേധിക്കാനാവില്ലെന്ന് നിരീക്ഷിച്ച ജില്ല സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് 11 ദിവസത്തെ റിമാന്‍ഡിനുശേഷം കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഹാജരാകണം, കണ്ണൂര്‍ ജില്ല വിട്ടുപോകാന്‍ പാടില്ല, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യകാലയളവില്‍ കുറ്റകൃത്യങ്ങളിലൊന്നും പ്രതി ചേര്‍ക്കപ്പെടരുത് എന്നീ ഉപാധികളും കോടതി മുന്നോട്ടുവെച്ചു.
ഹരജിയില്‍ ചൊവ്വാഴ്ച വാദം കേട്ടശേഷം വെള്ളിയാഴ്ച വിധിപറയാന്‍ മാറ്റുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമായിരുന്നു ദിവ്യയുടെ വാദം.
എ.ഡി.എം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും സദുദ്ദേശ്യത്തിലാണ് ആരോപണം ഉന്നയിച്ചതെന്നും ദിവ്യ കോടതിയില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാവിലെ 11ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനുപിന്നാലെ ഇതുസംബന്ധിച്ച രേഖകള്‍ പള്ളിക്കുന്നിലെ വനിത ജയിലില്‍ എത്തിച്ചു. പിന്നാലെ ജയില്‍ മോചിതയായി.