തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും തന്നെ മാറ്റുമെന്ന വാര്‍ത്തകളോട് പ്രതികരിച്ചു കെ സുധാകരന്‍. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമാണെന്ന് സുധാകരന്‍ പറഞ്ഞു. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. മാറ്റിയാല്‍ എന്താണ് കുഴപ്പം. ഹൈക്കമാന്റിന് മാറ്റണം എന്നാണെങ്കില്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താന്‍ തൃപ്തനാണെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസില്‍ എനിക്ക് കിട്ടാവുന്ന എല്ലാ പദവിയും കിട്ടിയിട്ടുണ്ട്. മാനസികമായ സംഘര്‍ഷാവസ്ഥയില്‍ അല്ല, തൃപ്തനായ മനസ്സിന്റെ ഉടമയാണ് ഞാന്‍. ആശങ്ക ഇല്ല. കനഗോലുവിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തന്നോട് മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായി കെപിസിസി അഴിച്ചു പണിയാന്‍ തീരുമാനമെന്ന വിധത്തിലാണ് കെ സുധാകരനെ മാറ്റുമെന്ന വാര്‍ത്ത പുറത്തുവന്നത്. മാര്‍ച്ചില്‍ പുതിയ അടുത്ത മാസം പുതിയ അധ്യക്ഷന്‍ തെരഞ്ഞെടുക്കുമെന്നാണ് വിവരം. അടൂര്‍പ്രകാശ്, ബെന്നിബഹനാന്‍, റോജി എം ജോണ്‍ എന്നിവരുടെ പേരാണ് സജീവ പരിഗണനയില്‍.

അഹമ്മദാബാദില്‍ ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തിന് മുമ്പായി കെപിസിസി പുനസംഘടിപ്പിക്കാനാണ് തീരുമാനം. കെ.സുധാകരനെ വിശ്വാസത്തിലെടുത്ത് കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുമെന്ന വിധത്തിലാണ് വാര്‍ത്തകള്‍ വന്നത്. സംഘടനയില്‍ സമൂല മാറ്റം വേണമെന്ന് തെരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സ് അംഗം കനഗൊലു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നേതാക്കള്‍ക്കിടയിലെ പൊരുത്തമില്ലായ്മ സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ അധ്യക്ഷനാകാന്‍ അടൂര്‍ പ്രകാശ് താല്‍പര്യം പ്രകടിപ്പിച്ചു. മുല്ലപ്പള്ളി, വി.എം സുധീരന്‍, കെ. സുധാകരന്‍ എന്നിവര്‍ ഒരേ സമുദായത്തില്‍ നിന്നുള്ളവരാണെങ്കിലും, തിരുവിതാംകൂറിലേയും സമുദായസംഘടനയുടേയും പിന്‍ബലം ഇവര്‍ക്കില്ലെന്ന് അടൂര്‍പ്രകാശ് വാദിക്കുന്നു.

അധ്യക്ഷസ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ് ആവശ്യം ഉന്നയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനഖാര്‍ഗെ കൈയൊഴിഞ്ഞു. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, കെസി വേണുഗോപാല്‍ എന്നിവര്‍ ശ്രദ്ധപുലര്‍ത്തുന്ന മേഖലയായതിനാല്‍ ഇക്കാര്യത്തില്‍ കൂടിയാലോചന വേണമെന്ന നിലപാടിലാണ് ഖാര്‍ഗെ. ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ നേതാക്കള്‍ക്കിടയിലെ ഐക്യത്തിന് ഹൈക്കമാന്‍ഡ് ആവശ്യപ്പെടും.

ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റം ഉണ്ടായേക്കും. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. ആറുമാസം മുന്‍പ എങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യത തേടും. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവരെയാണ് വിളിപ്പിച്ചത്.