തിരുവനന്തപുരം: കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിക്കകത്ത് മാറ്റങ്ങളുണ്ടാകാറുണ്ടെന്നും മാറ്റത്തെ എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിച്ചിരുന്നില്ല. കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി മാത്രമാണ് ഇത്തരത്തില്‍ സമയാസമയങ്ങളില്‍, കൃത്യമായ ഇടവേളകളില്‍ പാര്‍ട്ടിയുടെ ബൂത്തുതലം മുതല്‍ അഖിലേന്ത്യ തലം വരെയുള്ള പുനഃസംഘടന പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് പദവിയൊഴിയുന്ന കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. എത്ര പേര്‍ക്ക് വേണമെങ്കിലും നോമിനേഷന്‍ കൊടുക്കാമെന്നും സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തനിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നാളെ വിപുലമായ സംസ്ഥാന പ്രതിനിധി സമ്മേളനം വിളിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്റെ കഴിവുകളെ കുറച്ചു കാണേണ്ട കാര്യമില്ല. പുതിയ അധ്യക്ഷന്‍ നൂലില്‍ കെട്ടിയിറക്കിയ ആളല്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അധ്യക്ഷനായി ചുമതലയേറ്റശേഷം ഒന്നര വര്‍ഷത്തോളം കോവിഡ് ലോക്ക് ഡൗണും നിയന്ത്രണവുമായിരുന്നു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നു. ശരിക്കും രണ്ടര വര്‍ഷമാണ് സംഘടനയെ സജീവമാക്കാന്‍ ലഭിച്ചത്. അഞ്ചുവര്‍ഷം അധ്യക്ഷന്‍ സ്ഥാനം പൂര്‍ത്തിയാക്കിയ എല്ലാവരും മാറി. പിന്നെ താന്‍ മാത്രം അവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ല.ബിജെപിക്കുള്ളില്‍ നേതൃപദവി ഏറ്റെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചതിനാലാണ് അധ്യക്ഷന്‍ ആരാകുമെന്ന ചര്‍ച്ചകളുണ്ടായത്.

പാര്‍ട്ടിക്കുള്ളില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. എല്ലാ സംഘടനകളിലും ഉണ്ടാകുന്നത് പോലെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഈ പാര്‍ട്ടിയിലുമുണ്ട്. അതെല്ലാം പരിഹരിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. തന്റെ കാലയളവില്‍ എല്ലാ നേതാക്കളും ഒറ്റ ലക്ഷ്യത്തിലേക്കാണ് പ്രവര്‍ത്തിക്കുന്നത്. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരെല്ലാം അധ്യക്ഷ പദവിക്ക് യോഗ്യരായിട്ടുള്ളവരാണ്.

അത്തരത്തില്‍ നേതൃസ്ഥാനത്തേക്ക് അഞ്ചോ ആറോ നേതാക്കളുടെ പരിഗണിച്ചിരുന്നു. അതില്‍ നിന്നാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. നേതാക്കള്‍ക്ക് ഇനിയും അവസരമുണ്ട്. പ്രസിഡന്റായാലും ഇല്ലെങ്കിലും അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഘടനയ്ക്ക് അനിവാര്യമായിട്ടുള്ള നേതാക്കളാണ് അവര്‍. അവരെ നോക്കുമ്പോള്‍ താന്‍ ചെറുപ്പത്തില്‍ അധ്യക്ഷനായെന്നത് സത്യമാണ്. എന്നാല്‍, അവരുടെ പ്രായപരിധി കഴിഞ്ഞിട്ടില്ലെന്നും ഇനിയും അവസരമുണ്ടെന്നും നഷ്ടബോധം തോന്നേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ആകെയുള്ള 25000 ബൂത്തുകളില്‍ 18600 ബൂത്തുകളില്‍ പുതിയ കമ്മിറ്റികള്‍ നിലവില്‍ വന്നു. ഒരു അസംബ്ലി മണ്ഡലത്തില്‍ രണ്ടു മണ്ഡലം കമ്മിറ്റിയാണ് ബിജെപിക്കുള്ളത്. അത്തരത്തില്‍ 140 മണ്ഡലങ്ങളില്‍ 280 മണ്ഡലം കമ്മിറ്റികളിലും പുതിയ അധ്യക്ഷന്മാര്‍ നിലവില്‍ വന്നു. 14 റവന്യു ജില്ലകളെ വിഭജിച്ച് 30 പാര്‍ട്ടി ജില്ല കമ്മിറ്റികളുണ്ടാക്കി. അവിടെയും പുതിയ ജില്ലാ അധ്യക്ഷന്‍മാരെ തീരുമാനിച്ചു.

206 സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്തു. ഇനി വേണ്ടത് 30 ദേശീയ കൗണ്‍സില്‍ അംഗങ്ങളെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെയുമാണ് ഇനി തെരഞ്ഞെടുക്കേണ്ടത്. രാജീവ് ചന്ദ്രശേഖറിന് സംഘടനാ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകാനായുള്ള സിസ്റ്റം ഇവിടെയുണ്ട്. അടിസ്ഥാന വോട്ടുബാങ്കില്‍ നിന്ന് മുന്നോട്ടുപോകാനുള്ള ഊര്‍ജം താഴെതട്ടില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നല്‍കുന്നതിനായുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.