- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം അനുചിതമെന്ന് സി.പി.എം; പി പി ദിവ്യക്കെതിരെ കണ്ണൂര്‍ സിപിഎമ്മിലും വിമര്‍ശനം; പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി സിപിഎം കണ്ണൂര്‍ നേതൃത്വം. പി പി ദിവ്യയെ തള്ളാതെയാണ് സിപിഎമ്മിന്റെ പ്രതികരണം. അതേസമയം അവരുടെ പെരുമാറ്റത്തിലെ അനൗചിത്യവും ചൂണ്ടിക്കാട്ടി. യാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തിയ ജില്ലാ സെക്രട്ടേറിയറ്റ് ദുഃഖമനുഭവിക്കുന്ന കുടുംബത്തോടൊപ്പം പങ്കുചേരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. തികച്ചും ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണ്. തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ട്.
അത്തരം ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നു. ഉയര്‍ന്നു വന്ന പരാതികളെക്കുറിച്ചെല്ലാം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- പ്രസ്താവനയില്‍ പറഞ്ഞു.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
അതേസമയം പി.പി.ദിവ്യയ്ക്കെതിരെ പത്തനംതിട്ട സിപിഎം നേതൃത്വം രംഗത്തെത്തി. ദിവ്യ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്ന് ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് പരാതി നല്‍കും. നടപടിയില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. വിളിക്കാതെ ദിവ്യ ചെന്നിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഗൂഢലക്ഷ്യമെന്നും മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു.
നവീന്‍ ബാബുവിന്റെ വീട് മലയാലപ്പുഴയ്ക്കടുത്ത് താഴം എന്ന സ്ഥലത്താണ്. നവീന്‍ കൈക്കൂലി വാങ്ങുന്ന ആളല്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും ഒന്നടങ്കം പറയുന്നു. സിപിഎമ്മിന്റെ അടിയുറച്ച വിശ്വാസികളാണ് കുടുംബമെന്നും ബന്ധുക്കള്‍ പറഞ്ഞു. പാര്‍ട്ടി കുടുംബമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. അച്ഛന്‍ കൃഷ്ണന്‍നായരും അമ്മ രത്‌നമ്മയും പാര്‍ട്ടിക്കാരാണ്. ഇരുവരും അധ്യാപകരായിരുന്നു.
അമ്മ രത്‌നമ്മ 1979ല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നവീന്‍ ബാബു സര്‍വീസിന്റെ തുടക്കത്തില്‍ എന്‍ജിഒ യൂണിയന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായിരുന്നു. പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ സിപിഎം അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്‍ അംഗമായി. ഭാര്യയും സംഘടനയില്‍ അംഗമാണ്. ബന്ധുക്കളില്‍ പലരും സിപിഎം അനുകൂല സര്‍വീസ് സംഘടനകളില്‍ അംഗമാണ്. ഭാര്യയുടേതും പാര്‍ട്ടി കുടുംബമാണ്. അടുത്ത ബന്ധു ഓമല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു.